Monday 29 April 2024 11:24 AM IST : By ആർ.പി. സായ്കൃഷ്ണ

‘ഡ്രൈവർ ഞങ്ങളെ നോക്കി കണ്ണിറുക്കി, ഒപ്പം ലൈംഗികചേഷ്ടയും കാണിച്ചു’; വലിയ അപമാനം നേരിട്ടുവെന്ന് മേയർ ആര്യ രാജേന്ദ്രന്‍

aryyy6467hbj

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി നടത്തിയ വാക്‌പോര് പുതിയ തലത്തിലേക്ക്. ഡൈവ്രർ എൽ.എച്ച്. യദുവിനെതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിനു സച്ചിൻദേവ് എംഎൽഎ നാളെ നേരിട്ട് പരാതി നൽകും. സംഭവം നടന്ന പട്ടത്തിനും പാളയത്തിനും ഇടയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ലഭ്യമാക്കാൻ ആര്യ രാജേന്ദ്രൻ സ്മാർട്ട് സിറ്റിയോട് ആവശ്യപ്പെട്ടു. ബസ് സൈഡ് കൊടുക്കാത്തതല്ല വിഷയമെന്നും സ്ത്രീകൾക്കെതിരായ അതിക്രമമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

‘‘ഇന്നലെ എന്റെ കസിന്റെ കല്യാണമായിരുന്നു. ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കെഎസ്ആർടിസി ബസ് ഞങ്ങൾ സഞ്ചരിച്ച കാറിൽ തട്ടാൻ വന്നു. ഞങ്ങൾ അത് വലിയ കാര്യമാക്കിയില്ല. പിന്നീട് ഞങ്ങളെ ഓവർടേക്ക് ചെയ്യാൻ സമ്മതിക്കാതെ ആയിരുന്നു ഡ്രൈവിങ്. ഒടുവിൽ കാർ ഓവർടേക്ക് ചെയ്യുന്ന സമയത്ത് ഞാനും എന്റെ സഹോദരന്റെ ഭാര്യയും ഡ്രൈവറെ സീറ്റിലേക്ക് നോക്കി. ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു. അതിനുശേഷം കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട ഇയാൾ ഞങ്ങളോട് കാണിച്ചു. ഒടുവിൽ പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ വച്ച് വണ്ടി തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തത്.

എന്നാൽ വളരെ മോശമായാണ് എന്റെ സഹോദരനോട് ഉൾപ്പെടെ ഡ്രൈവർ സംസാരിച്ചത്. അവിടെ കൂടിയവരോട്  ചോദിച്ചാൽ കാര്യങ്ങളറിയാം. ഡ്രൈവറോട് ഇങ്ങനെ തട്ടിക്കയറാതെ സംസാരിക്കൂവെന്ന് അവർ പലതവണ പറയുന്നുണ്ടായിരുന്നു. ഇയാൾ വീണ്ടും അപമര്യാദയായി പെരുമാറുന്നത് കണ്ട് ഞാൻ ഗതാഗത മന്ത്രിയെ വിളിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിജിലൻസ് ടീം സംഭവസ്ഥലത്തെത്തി. കന്റോൺമെന്റ് പൊലീസും അവിടെയെത്തി. രാത്രിയോടെ ഇയാൾ എന്നെ വിളിച്ച് തന്റെ ഭാഗത്തുണ്ടായ തെറ്റാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. ആ ക്ഷമ സ്വീകരിക്കാൻ എനിക്കാകില്ല സഹോദരാ എന്നു ഞാൻ പറഞ്ഞു. ഞങ്ങൾ കേസുമായി മുന്നോട്ടുപോകുമെന്നും അയാളോട് പറഞ്ഞു. എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ കേസുമായി മുന്നോട്ടുപോകുന്നത്. ഞാനും എന്റെ സഹോദരന്റെ ഭാര്യയും അത്രയ്ക്ക് അപമാനം നേരിട്ടു.’’– ആര്യ രാജേന്ദ്രൻ പറയുന്നു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു രംഗത്തെത്തി. 

പൂര്‍ണ്ണമായും വായിക്കാം.. 

Tags:
  • Spotlight