Thursday 11 June 2020 11:16 AM IST : By സ്വന്തം ലേഖകൻ

പൊന്നുമോളെ കാണാൻ ഇനി അച്ഛൻ വരില്ല; പ്രിയതമനെ അവസാനമായി ഒന്നു തൊടാൻ പോലുമാകാതെ കണ്ണീരണിഞ്ഞ് ആതിര

athira1

പ്രിയതമനെ അവസാനമായി ഒന്നു തൊടാൻ പോലുമാകാതെ ആതിര വാവിട്ടു കരഞ്ഞു. കാത്തിരുന്നുണ്ടായ പൊന്നുമോളെ കാണാൻ ഇനി അവളുടെ അച്ഛൻ വരില്ല എന്ന തിരിച്ചറിവിലേക്ക് ആതിര എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. ഭർത്താവിന്റെ വേർപാട് ഇന്നലെ രാവിലെ മാത്രമാണ് അറിയിച്ചത്. ആതിര പ്രസവാനന്തര ചികിത്സയിൽ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് നിതിന്റെ ഭൗതികശരീരം കാണിച്ചത്.

പ്രവാസികളെ നാട്ടിലെത്തിക്കാൻ നിയമയുദ്ധം നടത്തിയ പേരാമ്പ്ര സ്വദേശി നിതിൻ ചന്ദ്രൻ രണ്ടു ദിവസം മുൻപാണ് ദുബായിൽ മരിച്ചത്. ഭർത്താവിന്റെ മരണവിവരം പൂർണഗർഭിണിയായ ആതിരയെ അറിയിച്ചില്ല. അതിനുമുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആതിര പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ രാവിലെ ഡോക്ടർമാരുടെ സംഘമാണ് ഐസിയുവിലെത്തി ആതിരയെ നിതിന്റെ വിയോഗ വാർത്ത അറിയിച്ചത്. 

പുലർച്ചെ അഞ്ചിനാണ് ഷാർജയിൽ നിന്നുളള എയർ അറേബ്യ വിമാനത്തിൽ ഭൗതികശരീരം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. ആംബുലൻസിൽ രാവിലെ പതിനൊന്നോടെ കോഴിക്കോട്ട് എത്തിച്ചു. വീൽചെയറിലിരുത്തി സുരക്ഷാ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ആതിരയെ മൃതദേഹത്തിനടുത്തെത്തിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഒന്നര മീറ്റർ അകലെ ഇരുന്ന് നിതിന്റെ ഭൗതികശരീരം കാണാനേ ആതിരയ്ക്കു സാധിച്ചുള്ളൂ. മൃതദേഹം മൂന്നു മിനിറ്റ് കാണിച്ചശേഷം അതേ ആംബുലൻസിൽ പേരാമ്പ്രയിലെ നിതിന്റെ വീട്ടിലേക്കു കൊണ്ടുപോയി സംസ്കാരം നടത്തി. 

Tags:
  • Spotlight