Friday 22 February 2019 03:19 PM IST : By സ്വന്തം ലേഖകൻ

അമ്മ അടുത്തില്ലാത്തപ്പോൾ മര്യാദരാമന്മാർ; അമ്മയെ കണ്ടാലോ വഴക്കാളികൾ! കുട്ടികളിലെ ഈ പെരുമാറ്റത്തിന് പിന്നിൽ?

baby-cried643e6

അമ്മ അടുത്തില്ലാത്തപ്പോൾ മര്യാദരാമന്മാരായി പെരുമാറുന്ന കുട്ടികൾ അമ്മയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ പിന്നെ വഴക്കാളികളായി മാറുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പ്രത്യേകിച്ചും ജോലി ചെയ്യുന്ന അമ്മമാർ കുറെ നേരത്തിനു ശേഷം കുട്ടിയുടെ അടുത്തെത്തുമ്പോൾ അവൻ കരഞ്ഞു ബഹളം വയ്ക്കുന്നതും വാശി പിടിക്കുന്നതും പതിവായിരിക്കും. ഓസ്‌ട്രേലിയയിൽ നിന്നുള്ള ബെറ്റി (പേര് യാഥാർത്ഥമല്ല) എന്ന അമ്മയാണ്‌ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ കുട്ടികളുടെ സ്വഭാവ സവിശേഷതകളെ കുറിച്ച് വിശദീകരിക്കുന്നത്. 

"എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ്. കുട്ടികൾ ഏറ്റവും മോശം സ്വഭാവം പ്രകടിപ്പിക്കുന്നത് അമ്മയെ കാണുമ്പോഴോ അവരുടെ സാന്നിധ്യം തിരിച്ചറിയുമ്പോഴോ ആയിരിക്കും. എന്റെ ആദ്യത്തെ മോന് ആറു വയസ്സ് ഉള്ളപ്പോഴാണ് മെൽബണിലെ ഒരു ഡേ കെയർ സെന്ററിൽ ചേർക്കുന്നത്. തീർച്ചയായും ആദ്യത്തെ കുറച്ചു ആഴ്ചകൾ കഠിനമായിരുന്നു. രാവിലെ ഡേ കെയറിൽ കൊണ്ടുപോയി വിടുമ്പോൾ അവൻ കരഞ്ഞു തളർന്നിട്ടുണ്ടാകും. എന്നാൽ ഞാനവനെ വിട്ടു തിരിച്ചു വരുമ്പോൾ അവൻ പൂർണ്ണമായും ഓക്കേ ആയിട്ടുണ്ടാകും. സുപരിചിതനെ പോലെ അല്ലെങ്കിൽ സ്വന്തം വീട് പോലെ ഡേ കെയറിൽ എല്ലാവരോടും മിടുക്കനായി പെരുമാറുകയാകും. 

അവനറിയാതെ ഞാൻ പലതവണ മറഞ്ഞുനിന്ന് നിരീക്ഷിച്ചിട്ടുണ്ട്. പൊട്ടിച്ചിരിയും കളിയുമായി വലിയ സന്തോഷവാനായിരിക്കും. പക്ഷെ, എന്റെ നിറം എവിടെയെങ്കിലും കണ്ടാൽ അവനാളാകെ മാറും. കണ്ണുകൾ നിറഞ്ഞൊഴുകും, തേങ്ങിക്കരയും, നിസ്സാര കാര്യത്തിന് പോലും വഴക്കു പിടിക്കും. എനിക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. പ്രത്യക്ഷത്തിൽ ഡേ കെയറിൽ അവൻ സന്തോഷവാനല്ല എന്ന് തോന്നിപ്പിക്കുമെങ്കിലും യഥാർത്ഥത്തിൽ അവനവിടെ ഹാപ്പിയായിരുന്നു.

ഇതേ സ്വഭാവം തന്നെയാണ് എന്റെ മൂന്നു വയസ്സുകാരനായ ചെറിയ മകനും പ്രകടിപ്പിച്ചത്. ഞാൻ ഒപ്പമില്ലാത്തപ്പോൾ അവൻ അച്ഛന്റെ കൂടെ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യും. എന്നാൽ എന്നെ കണ്ടാൽ പിന്നെ എല്ലാം തകിടം മറിയും. ഇത്തരത്തിൽ നൂറോളം അനുഭവങ്ങൾ എനിക്ക് ചൂണ്ടിക്കാണിക്കാനാകും. പക്ഷെ, എന്തുകൊണ്ടാണ് കുഞ്ഞുങ്ങൾ ഇങ്ങനെ പെരുമാറുന്നതെന്ന് പറയാൻ അറിയില്ല. എട്ടു മാസം പ്രായമായ കുഞ്ഞുങ്ങൾ പോലും ഇതുപോലെ പെരുമാറുന്നവരാണ്.

അമ്മമാരാണ് കുട്ടികളുടെ സുരക്ഷാ ഘടകം. അവർ പരാതി പറയാനും, എന്തെങ്കിലും ആവശ്യപ്പെടാനും, സങ്കടം കരഞ്ഞു തീർക്കാനുമൊക്കെ പ്രിയപ്പെട്ട അമ്മ വേണം. ഒരുപക്ഷെ പറയാൻ കഴിയില്ലെങ്കിൽ പോലും എന്തും പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും അടുത്തയാൾ അമ്മയാണെന്ന ഉത്തമ ബോധ്യം അവർക്കുണ്ട്. അതായിരിക്കാം അവർ ഇത്തരത്തിൽ പെരുമാറുന്നത്."- ബെറ്റി പറയുന്നു.