Tuesday 27 October 2020 12:01 PM IST : By സ്വന്തം ലേഖകൻ

വിവാഹം മുടക്കിയെന്ന് ആരോപിച്ച് ‘അയ്യപ്പനും കോശിയും’ സ്റ്റൈൽ പ്രതികാരം; ജെസിബി ഉപയോഗിച്ച് കട തകർത്ത് യുവാവ്!

ayyyffddd664

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും സിനിമയിൽ വാശി തീർക്കാൻ നായകന്മാരായ പൃഥ്വിരാജും ബിജു മേനോനും ഉപയോഗിച്ചത് ജെസിബി ആയിരുന്നു. ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പൻ, കുട്ടമണിയുടെ കട തകർക്കുമ്പോൾ, കോശിയാകട്ടെ അയ്യപ്പൻ നായരുടെ വീട് ആണ് ജെസിബി ഉപയോഗിച്ച് തകർത്തുകളയുന്നത്.

സിനിമയിൽ കുട്ടമണിയുടെ കെട്ടിടം ജെസിബി ഉപയോഗിച്ച് പൊളിച്ചടുക്കുന്ന അയ്യപ്പൻ നായരുടെ രംഗത്തെ ഓർമ്മിപ്പിക്കുന്ന രീതിൽ സമാനമായ സംഭവം ഇപ്പോഴിതാ നമ്മുടെ നാട്ടിലും നടന്നു. ഇവിടെയും പൊളിച്ചത് കട തന്നെ. പ്രതികാരം തീർക്കാൻ പട്ടാപ്പകൽ ജെസിബി ഉപയോഗിച്ച് കട പൊളിച്ചുമാറ്റുകയായിരുന്നു.

കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിലാണ് സംഭവം. അഞ്ചു വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ചാണ് യുവാവ് ജെസിബി ഉപയോഗിച്ച് പുളിയാറു മറ്റത്തില്‍ സോജിയുടെ കട തകര്‍ത്തത്. രാവിലെയാണ് സംഭവം. 

സമീപവാസിയായ പ്ലാക്കുഴിയില്‍ ആല്‍ബിന്‍ ആണ് കട തകര്‍ത്തത്. ആല്‍ബിനെ ചെറുപുഴ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി പല ചരക്ക്, ഹോട്ടല്‍ എന്നിവ നടത്തിയാണ് സോജി ഉപജീവനം നടത്തിയിരുന്നത്. തന്റെ അഞ്ച് വിവാഹാലോചനകള്‍ മുടക്കിയത് സോജിയാണ് എന്ന് ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞു. കട പൊളിച്ചതറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. 

Tags:
  • Spotlight