Friday 21 February 2025 12:38 PM IST : By സ്വന്തം ലേഖകൻ

‘ഇനി പാലൂട്ടാന്‍ അമ്മയില്ല, സ്നേഹച്ചൂട് പകരാന്‍ അച്ഛനില്ല, അമ്മിഞ്ഞപ്പാലിനായി കരഞ്ഞുവിളിച്ച് പിഞ്ചുകുഞ്ഞ്’; കുഞ്ഞുമകളെ എന്‍ഐസിയുവില്‍ തനിച്ചാക്കി മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങി!

infant-baby678

പൊന്നോമനയെ എന്‍ഐസിയുവില്‍ തനിച്ചാക്കി നാട്ടിലേക്ക് മടങ്ങി മാതാപിതാക്കള്‍. ഇനി പാലൂട്ടാന്‍ അമ്മയില്ല, സ്നേഹച്ചൂട് പകരാന്‍ അച്ഛനില്ല, ദയനീയ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ് പിഞ്ചുകുഞ്ഞ്. ജനിച്ചുവീണതോടെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ നിയോനേറ്റല്‍ ഐസിയുവില്‍ കഴിയുന്ന 23 ദിവസം പ്രായമായ കുഞ്ഞിനെ പരിചരിക്കുന്നത് ജീവനക്കാരാണ്. 

നിയോനേറ്റല്‍ ഐസിയുവില്‍ ഓക്സിജന്‍ മാസ്ക് ധരിച്ചുകിടക്കുന്ന കുഞ്ഞിന്റെ പേര് ‘ബേബി ഓഫി രഞ്ജിത’, പ്രസവ സമയത്തെ ആ പേരിലാണ് കുഞ്ഞാവ ഇപ്പോള്‍ അറിയപ്പെടുന്നത്. അച്ഛനുമമ്മയുമുണ്ടായിട്ടും അനാഥയായി കഴിയുകയാണ് കുഞ്ഞുമകള്‍. കോട്ടയത്തെ ഫിഷ്ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളായ മംഗളേശ്വറിന്റേയും രഞ്ജിതയുടേയും കുഞ്ഞാണ്. 

പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്ത് ട്രെയിനില്‍വച്ച് രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 29ന് ആശുപത്രിയില്‍ രഞ്ജിത പെണ്‍കുഞ്ഞിനു ജന്‍മം നല്‍കി. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലെ എന്‍ഐസിയുവിലേക്ക് മാറ്റി. 

അമ്മ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നു. അച്ഛന്‍ രണ്ടിടത്തും മാറിമാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് അമ്മയെ 31ന് ജനറല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അന്നുവരെ മകളെ കാണാന്‍ ആശുപത്രിയിലെത്തുമായിരുന്ന അച്ഛന്‍ പിന്നെ വന്നില്ല. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും ജാര്‍ഖണ്ഡില്‍ എത്തിയെന്ന എസ്എംഎസ് സന്ദേശം മാത്രമായിരുന്നു മറുപടി. വിളിച്ചാല്‍ ഫോണില്‍ കിട്ടാതായി. ആശുപത്രിയിലെ ശിശുരോഗവിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. റോജോ ജോയിയുടെ നേതൃത്വത്തിലാണ് കുഞ്ഞിനെ ചികിത്സിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഇനിയും ഒരു മാസം എന്‍ഐസിയുവില്‍ തുടരേണ്ടി വരും. 

പൊലീസിനു വിവരം കൈമാറിയപ്പോള്‍ ശിശുക്ഷേമവകുപ്പിനെ അറിയിക്കാനായിരുന്നു നിര്‍ദേശം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് സമിതി അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ചികിത്സയ്ക്കായി കൂടുതല്‍ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയും കൈവിട്ടിട്ടില്ല. 

Tags:
  • Spotlight