Tuesday 12 March 2024 05:12 PM IST

സിസേറിയൻ സ്റ്റിച്ചിന്റെ ഭാഗത്ത് മരവിപ്പും പെരുപ്പും, പ്രസവശേഷം വിട്ടുമാറാത്ത നടുവേദനയും: വില്ലൻ അനസ്തീസിയയോ

Dr Sandhya Pradeep

ces765765

സിസേറിയനായിരുന്നോ മോളെ? എങ്കില്‍ ഉറപ്പിച്ചോ, നടുവേദന വിട്ടുമാറില്ല...' സിസേറിയനും കഴിഞ്ഞ്, സ്റ്റിച്ചിന്റെ വേദനയും കുഞ്ഞിന്റെ കരച്ചിലും തുടര്‍ച്ചയായുള്ള പാലൂട്ടലുമൊക്കെയായി വലഞ്ഞിരിക്കുമ്പോഴായിരിക്കും വെള്ളിടി പോലെയുള്ള ഇത്തരം മുന്നറിയിപ്പുകളെത്തുക. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കിടയിലേക്ക് ഇത്തിരി ടെൻഷൻ കൂടി കൂട്ടിനെത്തുമെന്നല്ലാതെ, ഇത്തരം ഉപദേശങ്ങളിലൊന്നും ഒരു കഴമ്പുമില്ല.

സ്‌പൈനല്‍ അനസ്‌തീസിയ അഥവാ, അനസ്തീസിയയ്ക്കായി നട്ടെല്ലിലേക്കു നല്‍കുന്ന ഇൻജക്‌ഷന്‍ ആണ് പലരും നടുവേദനയ്ക്കുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, സിസേറിയന്‍ കഴിഞ്ഞവര്‍ക്കും സുഖപ്രസവം കഴിഞ്ഞവര്‍ക്കുമെല്ലാം നടുവേദനയ്ക്കുള്ള സാധ്യത ഒരുപോലെയാണ്.

വില്ലന്‍ അനസ്തീസിയയോ?

സിസേറിയനായി നട്ടെല്ലിലേക്കു നേരിട്ടല്ല അനസ്‌തീസിയ കൊടുക്കാറ്. ചെരി ച്ചു കിടത്തി, ശരീരം കുറച്ചൊന്നു വളച്ചു നട്ടെല്ലിന്റെ എല്ലുകള്‍ക്കിടയിലെ വിടവില്‍ ഇൻജക്‌ഷന്‍ നൽകുകയാണു ചെയ്യാറ്. ഇതുവഴി പൊക്കിളിനു തൊട്ടുമുകളില്‍ നിന്നു താഴോട്ടേക്കുള്ള ഭാഗം പൂര്‍ണമായി മരവിക്കുന്നു. 'റീജനല്‍ അനസ്‌തീസിയ' ആയതിനാല്‍ തന്നെ രോഗി പൂര്‍ണമായും ബോധവതിയായിരിക്കും. സുരക്ഷിതമായ അനസ്തീസിയ രീതിയാണിത്. സര്‍ജറിക്കിടയില്‍ അനസ്തീസിയ കൊടുത്തതുമായി ബന്ധപ്പെട്ട സ ങ്കീര്‍ണതകളൊന്നും ഉണ്ടാകാറില്ല.

സിസേറിയന്‍ ശസ്ത്രക്രിയയ്ക്കു മാത്രമല്ല സ്‌പൈനല്‍ അനസ്‌തീസിയ ഇ ൻജക്‌ഷന്‍ എടുക്കുന്നത് എന്നതാണുമറ്റൊരു വസ്തുത. അടിവയറിനും നടുവിനു താഴെയുമായുള്ള ശസ്ത്രക്രിയകള്‍ക്ക് സ്‌പൈനല്‍ അനസ്‌തീസിയ ന ല്‍കാറുണ്ട്. ഇവര്‍ക്കൊന്നും ഇല്ലാത്ത തരത്തില്‍ സിസേറിയന്‍ ചെയ്ത അമ്മമാർക്കു മാത്രം വിട്ടുമാറാത്ത വിധം നടുവേദന പിടികൂടുന്നുവെന്ന ആരോപണം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.

കാത്സ്യത്തിന്റെയും വൈറ്റമിന്‍ ഡിയുടെയും കുറവ്

കാത്സ്യത്തിന്റെയോ വൈറ്റമിന്‍ ഡിയുടെയോ ഒക്കെ കുറവുമൂലം നടുവേദന അനുഭവപ്പെടുന്നതു സാധാരണമാണ്. കുഞ്ഞിനെ പാലൂട്ടുന്നതിനാല്‍, അമ്മയുടെ ശരീരത്തിലെ കാത്സ്യം പാലിലേയ്ക്ക് ഉപയോഗപ്പെടുത്തുകയും അമ്മയ്ക്കു കാത്സ്യം തികയാതെ വരികയും ചെയ്യും. ഇതു നട്ടെല്ലിനെ ബാധിക്കുന്നതാണു നടുവേദനയ്ക്കു കാരണമാകുന്നത്.

പ്രസവം കഴിഞ്ഞു നാലോ അഞ്ചോ മാസം വരെ തുടര്‍ച്ചയായി കാത്സ്യം സ പ്ലിമെന്റ് കഴിച്ചാല്‍ നടുവേദന ഒരു പരിധി വരെ നിയന്ത്രിക്കാം. ഗര്‍ഭകാലത്തിന്റെ നാലാം മാസം മുതല്‍ ഇതു തുടങ്ങാവുന്നതാണ്. വൈറ്റമിന്‍ ഡി യുടെ അപര്യാപ്തതയും നടുവേദനയ്ക്ക് ഇടയാക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം വൈറ്റമിന്‍ ഡി സപ്ലിമെന്റും കഴിക്കാം. ഇവ രണ്ടും അടങ്ങിയ ഭക്ഷണവും ധാരാളമായി കഴിക്കണം.

പാലൂട്ടുമ്പോഴുള്ള ഇരിപ്പ് ശ്രദ്ധിക്കാം

കുഞ്ഞിനെ തുടര്‍ച്ചയായി പാലൂട്ടേണ്ടി വരുന്നതും നടുവേദനയ്ക്കും പുറംവേദ നയ്ക്കുമൊക്കെ കാരണമാകുന്നു. പാ ല്‍ കൊടുക്കുമ്പോള്‍ തെറ്റായ രീതിയിലാണ് ഇരിക്കുന്നത് എങ്കില്‍, നടുവേദനയ്ക്കു വേറെ കാരണം അന്വേഷിച്ചു പോകേണ്ടതില്ല. കസേരയില്‍ നേരെ ഇരുന്ന്, നടുവിനു താങ്ങു കിട്ടുംവിധം തലയിണ വയ്ക്കണം. ഏറെ നേരം ഒരേ രീതിയിൽ ഇരിക്കരുത്. കുഞ്ഞിനെ തൊട്ടിലിൽ നിന്നും എടുക്കാനായി കുനിയുമ്പോൾ ന ടുവു വളച്ച് എടുക്കുന്നതിനു പകരം മുട്ടു മടക്കി താഴ്ന്നു കുഞ്ഞിനെ എടുക്കുക. രാത്രിയില്‍ ഉറക്കം കിട്ടാത്തതും വിശ്രമമില്ലാതെ എപ്പോഴും കുഞ്ഞിനെ എടുത്തുകൊണ്ടു നടക്കുന്നതുമൊക്കെ നടുവേദനയ്ക്ക് ഇടയാക്കും. പകൽ ആവശ്യത്തിനു കിടന്നു വിശ്രമിക്കാൻ അവസരം കണ്ടെത്തുക.

കോച്ചിപ്പിടുത്തവും വേദനയും

നട്ടെല്ലിന് ഇടയില്‍ ഇന്‍ജക്‌ഷൻ നൽകുമ്പോള്‍, ആ ഭാഗത്തെ പേശികള്‍ക്ക് കോച്ചിപ്പിടുത്തം (സ്പാസം) അനുഭവപ്പെട്ടേക്കാം. ചിലര്‍ക്ക് ഇതു സുഖപ്പെടാന്‍ സമയമെടുക്കും. അത്തരക്കാര്‍ക്ക്, ഇന്‍ജക്‌ഷന്‍ കൊടുത്ത ഭാഗത്തായി ര ണ്ടു മുതല്‍ മൂന്നു മാസം വരെ വേദന അനുഭവപ്പെട്ടേക്കാം. ഇതല്ലാതെ, സിസേറിയന്‍ ചെയ്തവർക്കു മാത്രമായി മ റ്റു തരത്തിലുള്ള ഒരു നടുവേദനയ്ക്കും സാധ്യതയില്ല.

വേണം ആവശ്യത്തിന് വ്യായാമം

വേണ്ടത്ര വ്യായാമം ഇല്ലാതെ, അനങ്ങാതെ ഏറെ നാള്‍ ഇരിക്കുന്നതു കാരണം പേശികൾ ദുര്‍ബലമാകുന്നതും നടുവേദനയ്ക്കു കാരണമാകും. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിന്റെ ഉപദേശമനുസരിച്ചു വ്യായാമം പതുക്കെ തുടങ്ങാവുന്നതാണ്. എന്നാല്‍ പ്രസവം കഴിഞ്ഞയുടന്‍ തന്നെ ഭാരം എടുക്കുകയോ, ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യുകയോ അരുത്. ആറ് ആഴ്ച മുതൽ ബ്രിഡ്ജ് വ്യായാമം പോലുള്ള ഉദരഭാഗത്തെയും ഇടുപ്പിലെയും നടുവിലെയും പേശികളെ ദൃഢമാക്കുന്ന വ്യായാമങ്ങൾ തുടങ്ങി മെല്ലെ മെല്ലെ കഠിനമായ വ്യായാമങ്ങളിലേയ്ക്കു പോകാം.

പ്രസവരക്ഷയുടെ ഭാഗമായുള്ള ഭ ക്ഷണരീതികൾ അമ്മമാരെ അമിതമായി വണ്ണം വയ്പിക്കാറുണ്ട്. കുറഞ്ഞ കാലയളവു കൊണ്ടു വണ്ണം വയ്ക്കുന്നതു നടുവിനെ ബാധിക്കും. ഡിസ്‌കിനു പ്രശ്‌നമുള്ളവർക്കും പരുക്കു പറ്റിയവര്‍ക്കുമൊക്കെ വേദന വരാനിടയുണ്ട്. പ്രസവരക്ഷയുടെ ഭാഗമായി അമിതമായി നെയ്യും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. അമിത കാലറിയുടെയും ആവശ്യമില്ല.

സ്റ്റിച്ചിന് മരവിപ്പും പെരുപ്പും

ചിലരിൽ സിസേറിയൻ മുറിവിനു ചുറ്റും ചെറിയ തരിപ്പും മരവിപ്പും അനുഭവപ്പെടാറുണ്ട്. സിസേറിയനു വേണ്ടി മുറിവുണ്ടാക്കുന്ന സമയത്ത് അവിടെയുള്ള ചെറിയ നാഡിഞരമ്പുകളുടെ അഗ്രഭാഗങ്ങൾ മുറിയ്ക്കപ്പെടുന്നുണ്ട്. ഇങ്ങനെ മുറിയുന്നതു മൂലമാണ് ആ ഭാഗത്തു തരിപ്പും മരവിപ്പും അനുഭവപ്പെടുന്നത്. ഞരമ്പുകൾ കൂടിച്ചേർന്നു സാധാരണ അവസ്ഥയിൽ എത്തിയാൽ പിന്നെ ഈ പ്രശ്നമൊന്നുമുണ്ടാകില്ല.

ഞരമ്പുകൾ കൂടിച്ചേർന്നു പഴയ അ വസ്ഥയിലേയ്ക്ക് എത്താൻ ഒരുപാടു സമയമെടുക്കും. ചിലര്‍ക്ക് ഒരു മാസം മുതല്‍ ഒന്നര മാസം വരെയേ ഈ ബുദ്ധിമുട്ടു നിലനില്‍ക്കൂ. എന്നാല്‍ ചിലര്‍ക്കിതു സുഖപ്പെടാന്‍ വർഷങ്ങൾ എടുക്കാം. അതുകൊണ്ട് ഈ പ്രശ്നത്തിൽ വലിയ വേവലാതിയും ടെൻഷനും ആവശ്യമില്ല. ഇത്തരം തരിപ്പിനും മരവിപ്പിനും പ്രത്യേകം ചികിത്സ തേടേണ്ട ആവശ്യവുമില്ല.

കീലോയ്ഡ് വന്നാൽ

ചില സമയത്ത്, സിസേറിയന്റെ സ്റ്റിച്ച് തടിച്ചു കറുപ്പു നിറത്തിൽ പൊങ്ങിവരാം. ഇതിനു കീലോയ്ഡ് ഫോർമേഷൻ എന്നാണു പറയുക. കീലോയിഡ് ഉണ്ടാകുന്നതിനു മുൻപേയും അതു കഴിഞ്ഞാലും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടും. ഇങ്ങനെ ഒരു വടു രൂപപ്പെട്ടു വരുമ്പോൾ തന്നെ ചികിത്സ തേടിയാൽ മരുന്നുകൾ കൊണ്ട് അതിന്റെ വളർച്ച നിയന്ത്രിക്കാം.

പൊതുവേ പറഞ്ഞാൽ സിസേറിയനെയും അതിനോട് അനുബന്ധിച്ചുള്ള അനസ്തീസിയയേയും അനാവശ്യമായി പേടിക്കേണ്ടതില്ല.

സിസേറിയൻ വേണ്ടത് എപ്പോൾ?

മുൻകൂട്ടി സിസേറിയൻ തീരുമാനിക്കുന്ന സന്ദർഭങ്ങളും പ്രത്യേക സാഹചര്യത്തിൽ സാധാരണ പ്രസവം നടക്കാതെ വരുന്ന സാഹചര്യങ്ങളുമുണ്ട്. ആദ്യം, സിസേറിയൻ നിർബന്ധമായിട്ടുള്ള ചില സാഹചര്യങ്ങളെ കുറിച്ചു പറയാം. കുട്ടി ഇറങ്ങിവരുന്ന ബർത് കനാൽ എന്ന ഭാഗം ചുരുങ്ങിയിരിക്കുക (Contracted Pelvis), കുട്ടി ഇറങ്ങിവരുന്ന ബർത് കനാലിന്റെ ഭാഗത്ത് ട്യൂമറുകളോ ഫൈബ്രോയിഡോ ഉണ്ടായിരിക്കുക, കുട്ടിയുടെ കിടപ്പിന്റെ പ്രത്യേകത (ഉദാ: വിലങ്ങനെ കിടക്കുക) കാരണം സാധാരണ പ്രസവം സാധ്യമല്ലാതെ വരിക, മറുപിള്ള മുഴുവനായി താഴെയാവുക എന്നീ അവസ്ഥകളിൽ നിർബന്ധമായും സിസേറിയൻ ചെയ്തു കുട്ടിയെ പുറത്തെടുക്കേണ്ടിവരും.

അടിയന്തര പ്രസവം

സാധാരണ പ്രസവം പ്രതീക്ഷിച്ചിട്ട് , പ്രസവവേദനയുടെ സമയത്തോ തൊട്ടുമുൻപോ ചില സങ്കീർണാവസ്ഥകൾ കാരണം അടിയന്തരമായി സിസേറിയൻ വേണ്ടി വരാം. ഉദാഹരണത്തിന്, രക്തസ്രാവം, അമ്നിയോട്ടിക് ദ്രവം പൊട്ടിപ്പോവുകയും കുഞ്ഞിന്റെ ഹൃദയസ്പന്ദന നിരക്കിൽ വ്യത്യാസം വരികയും ചെയ്യുക, അമ്നിയോട്ടിക് ദ്രവത്തിനൊപ്പം പൊക്കിൾകൊടി പുറത്തേക്കു വരിക, കുട്ടി മഷി കുടിച്ചതായി കാണുക എന്നീ സാഹചര്യങ്ങൾ. അമ്മയേയും കുട്ടിയേയും ആരോഗ്യത്തോടെ ലഭിക്കുക എന്നതിനാണല്ലോ മുൻതൂക്കം. വേദന തുടങ്ങികുറേനേരമായിട്ടും ഗർഭപാത്രം വികസിക്കാതിരിക്കുകയും കുട്ടിയുടെ തല പുറത്തേക്കിറങ്ങാതിരിക്കുകയും ചെയ്യുന്ന പ്രൊലോങ്ഡ്
ലേബർ എന്ന സാഹചര്യത്തിലും സിസേറിയൻ വേണ്ടിവരും.

അമ്മയ്ക്ക് രക്തസമ്മർദം കൂടുക, അമിതവണ്ണം കാരണം സാധാരണ പ്രസവം സാധ്യമല്ലാതെ വരിക, മാനസികമായ വെല്ലുവിളി നേരിടുന്ന അമ്മമാർ, പ്രമേഹം എന്നിങ്ങനെ അമ്മയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാലും സിസേറിയൻ ആവശ്യം വരാം. സിസേറിയൻ മതിയെന്ന് ആവശ്യപ്പെടുന്ന രോഗികളുമുണ്ട്. ഒരിക്കൽ സിസേറിയൻ ചെയ്തുവെന്നു കരുതി അടുത്തതും സിസേറിയൻ ആകണമെന്നു നിർബന്ധമില്ല. പ്രത്യേകിച്ച് മറ്റ് അപകടസാധ്യതകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ. ഇതിന് വി ബാക്ക് (Vaginal Birth After Cesarian) എന്നു പറയുന്നു.

Tags:
  • Manorama Arogyam