Friday 10 November 2023 11:40 AM IST

‘നിങ്ങളെ നടത്തിക്കും’ എന്ന ഉറപ്പുകേട്ടു കാത്തിരുന്നു... ഒറ്റമൂലി മുതൽ കുത്തിവയ്പ്പുകൾ വരെ: ‘വീൽചിറകിൽ’ പറന്നുയർന്ന ബദറു

Vijeesh Gopinath

Senior Sub Editor

badaru-saman

ഇരുട്ടുമുറിയിലെ കട്ടിലിൽ നിന്ന് ഇന്ത്യ കാണാനിറങ്ങുന്ന ഈ ചെറുപ്പക്കാരന്റെ പേരാണ് ബദറു സമാൻ. പോകുന്നത് ഒറ്റയ്ക്കല്ല. തളർന്ന പോയ ഒരുപാടു പേരുടെ സ്വപ്നങ്ങളെ കൂടിയാണു കൈ പിടിച്ചു ചലിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ മൂർക്കനാട്ടുള്ള ബദറു സമാൻ ചെറിയ കാര്യങ്ങൾക്ക് ആധിയുടെ ആഴിയിൽ വീണുപോകുന്നവർക്കു പാഠപുസ്തകമാണ് . ജീവിതം പതുക്കെ നെഞ്ചോടു ചേർ‌ത്തു മുന്നോട്ടു കുതിക്കാൻ തുടങ്ങിയ നാളുകളിൽ ഒരൊറ്റ വീഴ്ചയായിരുന്നു. അതിൽ നിന്നെഴുന്നേറ്റു പിച്ചവച്ച്, പിന്നെ പറക്കാൻ തുടങ്ങിയ ഉൾക്കരുത്തിനെക്കുറിച്ചു ബദർ പറഞ്ഞു തുടങ്ങി.

‘‘ഞങ്ങൾ അഞ്ചു മക്കളായിരുന്നു. പണം കണ്ടു വ ളർന്നവരൊന്നുമായിരുന്നില്ല. കുട്ടിക്കാലം തൊട്ടേ ചെ‌റിയ ജോലികൾക്കു പോയിരുന്നു. 1998 ലാണു ഗൾഫിൽ പോകാൻ അവസരം കിട്ടുന്നത്. നാട്ടിലെ ഒരു ശീലവും അതാണ്. കടൽകടന്നു പോയി ജീവിതത്തിനു പുതിയ ആകാശങ്ങൾ കണ്ടെത്തുന്ന ഒരുപാടു പേർ ഇവിടെയുണ്ട്. ഞാനും അവരിൽ ഒരാളായി.

ആറുവർഷം കഴിഞ്ഞാണു നാട്ടിലേക്കു വരുന്നത്. വീടു വയ്ക്കണം. വിവാഹം കഴിക്കണം... ഇതിനൊക്കെ പണം കണ്ടെത്താതെ മടങ്ങി വരാനാവില്ലല്ലോ. മുനീറയുമായുള്ള വിവാഹം ഉറപ്പിച്ചിട്ടാണു നാട്ടിലെത്തിയത്. വിവാഹവും വിരുന്നും... ദിവസങ്ങൾ പെട്ടെന്നു പോയി. ലീവ് കഴിഞ്ഞു ഫുജൈറയിലേക്ക് മടങ്ങി.

2003 ഒാഗസ്റ്റ് 13

ഈ ദിവസം മറക്കാനാവില്ല.‌ വീൽചെയറിലേക്ക് എ ത്തിച്ച അപകടം നടന്നത് ഇരുപതു വർഷം മുൻപുള്ള ഒാഗസ്റ്റ് 13 നാണ്. അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിച്ച തൊട്ടടുത്ത ദിവസം. നാട്ടിേലക്കു ലീവിനു പോ വുന്ന കൂട്ടുകാരനെ ഷാർ‌ജ എയർപോർ‌ട്ടിൽ ആക്കാൻ പോയതാണ്. അഞ്ചുപേരായിരുന്നു കാറിൽ. പെട്ടെന്നു ബ്രേക്ക് ഇട്ടപ്പോൾ കാർ മറിഞ്ഞു. ‍ഞാൻ പുറത്തേക്കു തെറിച്ചു പോയി. വലിയ കല്ലിൽ ഇടിച്ചു. എ നിക്കു മാത്രമാണു ഗുരുതരമായി പരുക്കേറ്റത്.

ചികിത്സ നാട്ടിലാണു നല്ലതെന്നു പലരും പറഞ്ഞതോടെ തിരികെ എത്തി. നാട്ടില്‍ നിന്നു വിമാനത്തിലേക്കു നടന്നു കയറിയ ഞാൻ തിരികെ എത്തിയത് സ്ട്രെച്ചറിലാണ്. നട്ടെല്ലിന് ഏറ്റ ക്ഷതം പൂർണമായും ഭേദമാക്കാനായില്ല. അരയ്ക്കു താഴേക്കു തളർന്നു.

ആശുപത്രിയിൽ നിന്നു നേരെ വീട്ടിലേക്ക്. വല്ലാത്ത അവസ്ഥയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ഞാൻ ഇരുട്ടു മുറിക്കുള്ളിൽ തളർന്നു കിടന്നു. ഒരു ജോലിയും ചെയ്യാനാകില്ല. എഴുന്നേറ്റു നടക്കില്ല. പക്ഷേ, മുനീറ തളർന്നില്ല. വ ലിയ ധൈര്യം തന്നു. ഭാര്യയും ബന്ധുക്കളും തന്ന പിന്തുണയാണ് എന്നെ പിടിച്ചു നിർത്തിയത്.

ചികിത്സയിലെ തട്ടിപ്പ്

ഇരുട്ടിൽ കിടക്കുമ്പോൾ ആരുടെ വാക്കും വെളിച്ചമാണെന്നു വിശ്വസിച്ചു പോകും. വഴിയാണെന്നു പറഞ്ഞു ചിലർ കൈ പിടിച്ചു നടത്തും. എങ്ങും എത്താത്തപ്പോഴാണു തിരിച്ചറിയുക – നിന്നിടത്തു തന്നെയാണ് ഇപ്പോഴും. അതോടെ നിരാശയുടെ, വേദനയുടെ വലിയ കുഴിയിലേക്കു വീണു പോകും. ഇതാണു ചികിത്സയുടെ കാര്യത്തിൽ സംഭവിച്ചത്. പത്തു വർഷമാണ് പല വിധത്തിലുള്ള ചികിത്സകൾ പരീക്ഷിച്ചത്. ധാര, നാട്ടു വൈദ്യം, ഒറ്റമൂലി മുതൽ വില കൂടിയ കുത്തിവയ്പ്പുകൾ വരെ. ചിലര്‍‌ തൈലം ഒഴിക്കാന്‍ പറയും മറ്റു ചിലർ സൂപ്പു വച്ചു കുടിക്കാൻ നിർദേശിക്കും. എല്ലാം പ്രതീക്ഷയാണ്.

‘നിങ്ങളെ നടത്തിക്കും’ എന്ന ഉറപ്പു കേട്ടാണു കാത്തിരിക്കുന്നത്. ആ പ്രതീക്ഷ വലിയ ചൂഷണമാണ്. പണം എങ്ങനെ വാങ്ങിച്ചെടുക്കാം എന്നാണു പലരും ചിന്തിക്കുക. കുറച്ചു കഴിയുമ്പോൾ ചികിത്സിക്കുന്ന വ്യക്തിയുടെ സ്വഭാവത്തിൽ മാറ്റം വരും അതോടെ മനം മടുത്തു നമ്മള്‍ ഇറങ്ങി പോരും. പത്തു ലക്ഷം രൂപയോളം ഈ പ്രതീക്ഷയ്ക്കായി ഞാൻ ചെലവഴിച്ചു. അപകടത്തിൽ കിട്ടിയ ഇൻഷുറൻസ് തുകയുള്ളതുകൊണ്ട് എനിക്ക് അത് സാധിച്ചു. ഞാൻ കണ്ട ചില രോഗികളുണ്ട്, താമസിക്കുന്ന വീട് വിറ്റ പണം കൊണ്ടു ചികിത്സയ്ക്കായി എത്തിയവർ.

ഒടുവിൽ ഒരു പതിറ്റാണ്ട് കൊണ്ടു ഞാനാ സത്യം തിരിച്ചറിഞ്ഞു– ഇനി നടക്കാനാകില്ല.

പുതുലോകത്തേക്കു തുറന്ന വാതിൽ

ആദ്യകാലങ്ങളിൽ വീൽചെയറിലിരുന്നു വീടിനു പുറത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാനേ ആയില്ല. പഴയ വീടാണ്, പടികൾ ഉണ്ട്. അന്നു പുറത്തിറങ്ങാൻ മൂന്നാളുടെ സഹായം േവണം. ജീവിതം മുറിക്കുള്ളി ൽ തന്നെ എന്നുറപ്പിച്ച ദിവസങ്ങൾ.... സഹതാപമുഖങ്ങൾ കണ്ടു മടുത്തു. അപ്പോഴാണു വാട്സാപ്പും സോഷ്യൽ മീഡിയയുമൊക്കെ സജീവമാകുന്നത്. അതു വീടിനു പുറമേക്കുള്ള വാതിലുകളായിരുന്നു.

എന്നെ പോലെ മുറികളിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരുടെ കൂട്ടായ്മകളുണ്ടായി. ഒരുപോലുള്ള സങ്കടങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. 2014 റിപ്പബ്ലിക് ദിവസം ഞങ്ങൾ ഒന്നിച്ചിരിക്കാൻ തീരുമാനിച്ചു. പെരിന്തൽമണ്ണ സാന്ത്വനം എന്ന സംഘടനയായിരുന്നു ആ കൂട്ടായ്മയ്ക്കു പിന്നിൽ.

അതുവരെ മറ്റുള്ളവർക്കു മുന്നിൽ പോകാൻ എനിക്കു മടിയായിരുന്നു. സമാനഹൃദയമുള്ളവരെ കണ്ടപ്പോൾ അ തു മാറി. അപകടത്തിനു ശേഷം കണ്ണീരും സഹതാപവുമില്ലാത്ത സംസാരം ഞാൻ കേട്ടിട്ടില്ല. ക്യാംപിലെത്തിയപ്പോഴാണു വേദന മറന്നു ചിരിക്കുന്ന മുഖങ്ങൾ കണ്ടു തുടങ്ങിയത്. ഇങ്ങനെ ഒരുമിച്ചിരിക്കുന്നത്, സംസാരിക്കുന്നത് ഒക്കെയാണ് നല്ല മരുന്നെന്നു ഞങ്ങൾ‌ തിരിച്ചറിഞ്ഞു.

ഇതുപോലുള്ള കൂട്ടായ്മകൾക്കു കാത്തിരിക്കാൻ തുടങ്ങി. അവരോടു സംസാരിക്കാൻ തുടങ്ങി. അതൊരു ഉത്സവമായി. ജീവിതത്തിൽ മാറ്റങ്ങൾ വന്നു. ഇൻഷുറൻസ് തുക ലഭിച്ചു. അതുകൊണ്ടു സഹോദരികളുടെ വിവാഹം നടത്തി. വീടു വച്ചു. ഭാര്യ ഡ്രൈവിങ് പഠിച്ചു. കാറുവാങ്ങി.

ഒരുപാടു പേരുടെ കഥകൾ അറിഞ്ഞതോടെ വീൽചെയറിൽ ആയവരുടെ നല്ല ജീവിതത്തിനും അവകാശത്തിനുമായി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടെന്നു തിരിച്ചറിഞ്ഞു. അതോടെ ഒരു ലക്ഷ്യബോധമുണ്ടായി.

മ്യൂസിക് ഒാൺ വീൽസ്

പലതരം ക്യാംപുകളിൽ പങ്കെടുത്തപ്പോഴാണു നന്നായി പാടുന്ന ഒരുപാടുപേർ ഞങ്ങൾക്കിടയിലുണ്ടെന്നു തിരിച്ചറിഞ്ഞത്. അങ്ങനെ പത്തോളം ഗായകരെ സംഘടിപ്പിച്ച് ബാൻഡ് ആരംഭിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും ഞ ങ്ങള്‍ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഗായകർക്ക് അ തൊരു വരുമാന മാർഗമായി.

പരപ്പനങ്ങാടി പാലത്തിങ്ങലിൽ ഫേസ് ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ എന്ന എൻജിഒ വീൽചെയറിലായവർക്കു ഗ്രാഫിക് ഡിസൈനിങ് കോഴ്സുകൾ പഠിപ്പിക്കുന്നതായി കേട്ടു. ‍ഞാനതിൽ ചേർന്നു. എല്ലാ ഞായറാഴ്ചയും എനിക്കും മുനീറയ്ക്കും ഒൗട്ടിങ് പോലെയായിരുന്നു അത്. വീട്ടിൽ നിന്നു പുറത്തിറങ്ങാമെന്ന സന്തോഷം. ഇത് പിന്നീട് സാന്ത്വനത്തിലെ അംഗങ്ങൾക്കു സൗജന്യമായി പഠിപ്പിച്ചു. മുപ്പതോളം പേർക്ക് അതൊരു വരുമാനമാർഗമായി.

പലപ്പോഴും സമൂഹത്തിന്റെ അറിവില്ലായ്മ കൊണ്ടു വീ ൽചെയറിലായവരുടെ ജീവിതം ദുരിതത്തിലാവാറുണ്ട്. ഞ ങ്ങൾക്കു വേണ്ടത് സഹതാപമല്ല. നിങ്ങൾക്കൊപ്പം ജീവിക്കാനുള്ള അവസരം ആണ്. ആ തുല്യതയ്ക്കു വേണ്ടിയാണ് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ഉണ്ടായത്. അതിന്റെ സംസ്ഥാന പ്രസിഡന്റാണ് ഇപ്പോൾ.

സർക്കാർ ഒാഫിസുകൾ വീൽചെയർ സൗഹൃദമാക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടന്നത്. സർക്കാർ മനുഷ്യത്വത്തോടെ കൈകാര്യം ചെയ്തു. സെക്രട്ടറിയേറ്റും കലക്ടറേറ്റും ഉൾപ്പടെയുള്ള ഒാഫിസുകളിലേക്കു വീൽചെയറുകൾ കയറി തുടങ്ങി.

badaru-2 ബദറു സമാൻ ഭാര്യ മുനീറയ്ക്കും ഉമ്മ റുഖിയയ്ക്കുമൊപ്പം

മാളുകളും റസ്റ്ററന്റുകളും ഹോട്ടലുകളും എന്തിന് വീടുകൾ നിർമിക്കുമ്പോൾ പോലും റാംപുകൾ നിർമിക്കാൻ ശ്രമിക്കണം. അതു കടമയാണെന്നു തിരിച്ചറിയണം. വീൽചെയറോടെ എടുത്തു പൊക്കി വച്ചാൽപോരെ എന്നു പലരും ചോദിക്കും. പക്ഷേ, വീൽചെയറിൽ ഇരിക്കുന്ന ഒരാളുടെ അഭിമാനത്തിനേൽക്കുന്ന ക്ഷതമുണ്ട്. അതു മറക്കരുത്.

കൊമ്പന്മാരുടെ യാത്രകൾ

ഒാരോ ലക്ഷ്യവും നേടിക്കഴിയുമ്പോൾ കിട്ടുന്ന സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്. കൊമ്പൻസ് അതുപോലൊരു സന്തോഷമായിരുന്നു. യാത്ര വലിയ കടമ്പയാണ് ഞങ്ങൾക്ക്. എന്റെ കാര്യം പറയാം, യൂറിന്‍ബാഗ് നാലുമണിക്കൂർ കഴിയുമ്പോൾ മാറ്റണം. താമസിക്കുന്ന ഹോട്ടലുകളിൽ വീൽ ചെയർ കയറണമെന്നില്ല. റൂമിൽ കയറിയാലും ബാത്റൂമിനുള്ളിലേക്കു പോകണമെന്നില്ല.

എങ്കിലും ഞങ്ങൾക്കും യാത്ര പോകണമെന്നു തോന്നി. സ്ഥലവും കണ്ടെത്തി – ഗൂഡല്ലൂർ. പത്തുപേർ തയാറായി. ടീമിനു പേരും ഇട്ടു – കൊമ്പൻസ്. എങ്ങനെ പോകും?

എല്ലാവരും മൂന്നു ചക്രമുള്ള സ്കൂ‍‌ട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ഇത്രയും ദൂരം പോയിട്ടില്ല എന്നു മാത്രം. അങ്ങനെ മുച്ചക്ര വണ്ടിയിൽ പോകാൻ തീരുമാനിച്ചു.പലരും പിന്തിരിപ്പിച്ചു. നാടുകാണി ചുരം കയറണം. ആന വന്നാൽ പെട്ടെന്നു വെട്ടിച്ചു മാറ്റാനാവില്ല. റിവേഴ്സും ഇടാനാകില്ല. പക്ഷേ, പിന്തിരിഞ്ഞില്ല. ഇരുപത്തഞ്ചു മുതൽ അ റുപതു വയസ്സു വരെയുള്ളവർ ഒപ്പമുണ്ടായിരുന്നു.

2017ലെ ആ യാത്രയോടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടു തന്നെ മാറി. ഇനിയും പോകാം എന്നായി. ഊട്ടി,മൈസൂർ, കമ്പം തേനി,എന്തിന് ഗോവ വരെ സ്കൂട്ടിയിൽ പോയി വന്നു. പൈലറ്റ് ജീപ്പ് പോലെ എന്റെ കാർ. പിന്നാലെ സ്കൂട്ടറുകൾ. അങ്ങനെയാണ് പോകുന്നത്. ഭക്ഷണം താമസം എല്ലാത്തിനും കൃത്യമായ പ്ലാൻ ഉണ്ടായിരിക്കും.

ഭക്ഷണത്തിനായി നിർത്തുമ്പോൾ ആളുകൾ ചുറ്റും കൂടും. സംസാരിക്കും. അവരോടു പറയും – നിങ്ങൾക്കു പരിചയത്തിൽ ഞങ്ങളെ പോലുള്ളവർ ഉണ്ടെങ്കിൽ പറയണം ജീവിതം ഇരുട്ടുമുറിക്കുള്ളിൽ തീർക്കരുത് എന്ന്. അടുത്തത് കശ്മീരിലേക്കാണ്.

കാലം ഒരുപാടു മാറിയെങ്കിലും മാറാതെ നിൽക്കുന്ന ചിലരുണ്ട്. ഇങ്ങനെയൊരാള്‍ വീട്ടിലുണ്ടെന്നു പറയാൻ, അവരോട് സംസാരിക്കാൻ പോലും സമയം കണ്ടെത്താൻ മടിയാണ്. ആ മനസ്സുള്ളവർക്ക് കൊമ്പൻ കാണിച്ചു കൊടുക്കുന്നത് ഇതാണ് – നമുക്ക് ജീവിക്കാം ഏതൊരാളെയും പോലെ. നമ്മൾ യാത്രചെയ്യുന്നതു വീൽചെയറിലല്ല. വീൽ‌ചിറകിലാണ്...

വീജീഷ് ഗോപിനാഥ്

ഫോട്ടോ : അസീസ് പുത്തൂർ