Friday 14 June 2024 02:20 PM IST : By സ്വന്തം ലേഖകൻ

‘ഒരാഴ്ച മുൻപ് നാട്ടിൽ വരേണ്ടതായിരുന്നു, എന്റെ കുട്ടിക്ക് ഈശ്വരൻ ആയുസ്സ് നൽകിയില്ല’: നോവായി ബാഹുലേയൻ

kuwait-bahuleyan

‘അവന് ആയുസ്സുണ്ടായില്ല. ഒരാഴ്ച മുൻപ് നാട്ടിൽ വരേണ്ടതായിരുന്നു. എന്റെ കുട്ടിക്ക് ഈശ്വരൻ ആയുസ്സ് നൽകിയില്ല’. പുലാമന്തോൾ തിരുത്തിയിലെ വീട്ടിലെത്തുന്നവരോടെല്ലാം സങ്കടവും നിസ്സഹായതയും ചാലിച്ച വാക്കുകളിൽ മരക്കാടത്ത് പറമ്പിൽ വേലായുധൻ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കുവൈത്തിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മകൻ ബാഹുലേയൻ മരിച്ച വിവരമറിഞ്ഞതു മുതൽ പുലാമന്തോളിലെ വീട്ടിലേക്കു സന്ദർശക പ്രവാഹമാണ്.  

മുൻ ബ്ലോക്ക് പ‍ഞ്ചായത്ത് അംഗം കൂടിയായ വേലായുധനെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ സഹപ്രവർത്തകരും നാട്ടുകാരുമെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. സന്ദർശകരുടെ ആശ്വാസവാക്കുകൾക്കു നടുവിൽ വേലായുധനും  ബാഹുലേയന്റെ അമ്മ ഓമനയും സഹോദരി തുഷാരയും ഭാര്യ പ്രവീണയും കണ്ണീർച്ചിത്രം പോലെ നിന്നു. ദുരന്തത്തിനു തലേന്നു മകനുമായി ദീർഘനേരം ഫോണിൽ സംസാരിച്ചതു കണ്ണീരോടെ വേലായുധൻ എല്ലാവരോടും പറയുന്നു. സഹോദരന്റെ മകന്റെ വിവാഹത്തിന് ഒരാഴ്ച മുൻപ് വരാൻ തീരുമാനിച്ചത് നടക്കാത്തതിലുള്ള ദുഃഖമാണ് ഏറെയും പങ്കുവച്ചത്. 

അപകടം നടന്ന വിവരം അറിഞ്ഞതു മുതൽ ആധിയോടെ മകനെക്കുറിച്ച് അന്വേഷണം തുടങ്ങി. അപകടം പറ്റിയെന്ന വിവരമാണ് ആദ്യം അറിഞ്ഞത്. ഒടുവിൽ താങ്ങാനാവാത്ത ആ വാർത്തയുമെത്തി. ബാഹുലേയൻ മരിച്ചുവെന്ന വിവരം കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രി വൈകി അറിഞ്ഞു. കുടുംബത്തെ എങ്ങനെ അറിയിക്കുമെന്ന സങ്കടത്തിലായിരുന്നു അവർ. ഇന്നലെ രാവിലെ എട്ടരയോടെ ആ ദുഃഖവാർത്ത അറിഞ്ഞപ്പോൾ ആ വീട്ടിൽ തേങ്ങലുകൾ നിറഞ്ഞു. യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചു പൊതുകാര്യങ്ങളിൽ സജീവമായിരുന്ന ബാഹുലേയന്റെ വിയോഗം  നാടിന്റെയും കണ്ണീരായി. 

ബുധനാഴ്ച പുലർച്ചെ 3.40 വരെ ബാഹുലേയൻ വാട്‌സാപ്പിൽ സജീവമായി ഉണ്ടായിരുന്നുവെന്ന് സുഹൃത്തും ഇതേ കമ്പനിയിലെ മുൻ ജോലിക്കാരനുമായ സജീഷ് പറഞ്ഞു. പുലർച്ചെ നാലോടെയായിരുന്നു ദുരന്തം. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി സെക്രട്ടറി വി.ബാബുരാജ്, മണ്ഡലം പ്രസിഡന്റ് ഷിബു ചെറിയാൻ എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പം കുടുംബത്തെ സന്ദർശിച്ചു.