Wednesday 03 October 2018 11:58 AM IST : By സ്വന്തം ലേഖകൻ

‘പട്ടിണി കിടത്തില്ല, വയലിൻ ട്യൂഷനെടുത്തായാലും നമ്മൾ ജീവിക്കും’; ബാലു അന്ന് ലക്ഷ്മിക്ക് നൽകിയ വാക്ക്

bala-1

ഇരുവഴി ഒഴുകിയെത്തിയ രണ്ടരുവികൾ. കാടും മേടും പ്രതിബന്ധങ്ങളും താണ്ടി അവർ ഒന്നിച്ചൊഴുകിയ നാൾ‌ ഇന്നലെയെന്ന പോലെ പലർക്കും മുന്നിലുണ്ട്. സ്മരണയുടെ മച്ചകങ്ങൾ ചികഞ്ഞാൽ ആ ഓർമ്മപ്പൂക്കൾക്ക് വീണ്ടും ചിറകു മുളക്കും. അത്രമേൽ തീക്ഷ്ണമാണ്... മധുരതരമാണ് ആ കൂടിച്ചേരൽ. പക്ഷേ ഇനിയൊരിക്കൽ കൂടി ആ ഓർമ്മ ചിത്രങ്ങളെ മനസിൽ പതിപ്പിക്കുമ്പോൾ ഹൃദയം നുറുങ്ങും.

bala-6

നശ്വരമായ പൈങ്കിളി പ്രണയമായിരുന്നില്ല ബാലഭാസ്കറിന്റേതും ലക്ഷ്മിയുടേതും. ജീവനറ്റു പോകുന്ന നാൾ വരെയേും ബാലുവിന്റെ കൂട്ടും സംഗീതവും വേണമെന്നാശിച്ച അവൾ ആ മാന്ത്രിക വിരലുകളെ ചേർത്തു പിടിച്ചു. പ്രതിസന്ധികളേയും എതിർ സ്വരങ്ങളേയും അതിജീവിച്ച് അവർ ഒന്നു ചേർന്നു. പ്രണയം നേരമ്പോക്കാണെന്ന് വാദിച്ചവരുടെ മുന്നിൽ തന്റേടത്തോടെ ജീവിച്ച് കാണിച്ചു കൊടുത്തു.

bala-2

നവംബർ 18നായിരുന്നു ആ വിപ്ലവകല്യാണം. അടുത്ത മാസം ഇതേ ദിനമെത്തുമ്പോൾ ബാലയേയും കുടുംബത്തേയും സ്നേഹിക്കുന്നവർക്ക് ഒരു വിങ്ങലായിരിക്കും. സന്തോഷവും സംഗീതവും നിറഞ്ഞു നിന്ന ആ വീട് ശോകമൂകമായിരിക്കും. ജാനിയില്ലാത്ത വീട്, ബാലയുടെ വയലിൻ തന്ത്രികളുയരാത്ത ആ വീട് നരകതുല്യമായിരിക്കും.

bala-3

2000 നവംബർ 18 നാണ് വീട്ടുകാരുടെ സമ്മതമില്ലാതെ ഇൗ പ്രണയജോഡികൾ വിവാഹിതരായത്. തിരുവനന്തപുരത്ത് പിജി വിദ്യാർഥികളായിരുന്ന രണ്ടാളും വീടുവിട്ടിറങ്ങി ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത് പിന്നെയും ഒരു മാസത്തിനു ശേഷം. ഉറപ്പുള്ള ജോലിയോ വരുമാനമോ ഇല്ല, പഠനം പൂർത്തിയായിട്ടില്ല. ജീവിതയാത്രയ്ക്ക് എന്തുണ്ട് ഇന്ധനമെന്ന് ചോദിച്ചാൽ ചങ്ക് പറിച്ചു നൽകുന്ന സ്നേഹവും ജീവനേക്കാളേറെ സ്നേഹിക്കുന്ന സുഹൃദ് വലയവും മാത്രമാണ് ബാക്കി. എല്ലാത്തിനും മേലെ ഏത് വേദനയ്ക്കുമുള്ള മരുന്നായി ബാലുവിന്റെ സംഗീതം.

bala-5

‘ഒരു കാര്യം ഞാൻ ഉറപ്പ് പറയാം. ഞാൻ നിന്നെ പട്ടിണി കിടത്തില്ല. എല്ലാം കാമുകൻമാരും പറയുന്ന വാക്കായിരിക്കാം അത്. ട്യൂഷനെടുത്തെങ്കിലും നമുക്ക് ജീവിക്കാം. ട്യൂഷനെന്നു പറഞ്ഞാൽ വയലിൻ. ഒടുവിൽ ഒരു നിറഞ്ഞ ചിരി സമ്മാനിച്ച് ലക്ഷ്മി ആ ‘സാഹസത്തിനു’ മുതിർന്നു. ബാലയുടെ സംഗീതവും ലക്ഷ്മിയുടെ പ്രണയവും ഒന്നായി.

കാലങ്ങളോളം മനസിന്റെ കോണിൽ സ്വരൂക്കൂട്ടിവച്ച പ്രണയമായിരുന്നില്ല ബാലയ്ക്ക് ലക്ഷ്മിയോട്. ഒറ്റയടിക്ക് അതു കത്തിപ്പടരുകയായിരുന്നുവെന്നാണ് ബാലു തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. കണ്ടുമുട്ടലിന്റ മൂന്നാം ദിവസം ബാലു ലക്ഷ്മിയോട് പ്രണയം തുറന്നു പറഞ്ഞു എന്നതാണ് ആ ഇഷ്ടത്തിന്റെ ആഴം. പക്ഷേ ലക്ഷ്മിയുടെ സമ്മതം വാങ്ങിയെടുക്കാൻ കാത്തിരുന്നത് ഒന്നര വർഷത്തോളം., ക്യാംപസുകൾ ഏറ്റെടുത്ത മ്യൂസിക് ആൽബങ്ങൾക്കു ബാലു ഈണമിട്ടത്. ആ പ്രണയഗാനങ്ങളെല്ലാം എഴുതിയത് പ്രണയത്തിനു കൂട്ടായ സുഹൃത്ത് ജോയിയായിരുന്നു.

bala-f

ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജസ്വിനി വന്നത് ഒന്നരവർഷം മുൻപാണ്. ഇപ്പോഴിതാ മകൾ മരിച്ചതറിയാതെ യാത്രയായ അച്ഛൻ, മകളും ഭർത്താവും ഇനിയില്ലെന്ന സത്യമറിയാതെ ആശുപത്രി കിടക്കയിൽ വേദന തിന്നു കിടക്കുന്ന ലക്ഷ്മി. ബാലഭാസ്കറും മകളും ഇല്ലാത്ത ലോകത്തേക്ക് ലക്ഷ്മി ഇനിയെങ്ങനെ തിരികെയെത്തും എന്നാലോചിക്കുമ്പോൾ പലരുടേയും മനസു വിങ്ങും. അവർക്ക് എല്ലാം സഹിക്കാനുള്ള ശക്തി നൽകണേ ദൈവമേ എന്ന് മനമുരുകി പ്രാർത്ഥിക്കും.

img-1
img-2
img-3