Monday 08 October 2018 11:18 AM IST : By സ്വന്തം ലേഖകൻ

‘ആ വാർത്ത അവരെ തളർത്തും’; മരണവിവരം ഇപ്പോൾ അറിയിക്കില്ലെന്ന് ഡോക്ടർമാർ, ലക്ഷ്മിയെ ഐസിയുവിലേക്ക് മാറ്റി

lekshmi

ബാലഭാസ്കറും മകൾ തേജസ്വിനിയും നോവോർമ്മയായി മലയാളി മനസുകളിൽ അവശേഷിക്കുകയാണ്. വയലിനെ ആസ്വാദക മനസുകളുടെ ഹൃദയതാളമാക്കി മാറ്റിയ ബാലഭാസ്കർ വിടപറയുമ്പോൾ ഏവരിലും വേദനപടർത്തിയത് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയായിരുന്നു. ബാലഭാസ്കറിനേയും മകൾ തേജസ്വിനിയേയും മരണം കീഴ്പ്പെടുത്തിയെന്നുള്ള ദുഖസത്യം അവർ എങ്ങനെ ഉൾക്കൊള്ളും എന്നതിലായിരുന്നു ഏവരുടേയും ആശങ്ക. ഇതിനിടെ ലക്ഷ്മിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതും ഏവരേയും ദുഖത്തിലാഴ്ത്തി.

ആശുത്രിക്കിടക്കയിൽ ജീവനായി പോരാടുന്ന ലക്ഷ്മിക്കായുള്ള പ്രാർത്ഥനിലാണ് സഹൃദയലോകം. ഇപ്പോഴിതാ ആ പ്രാർത്ഥനകളുടെ പൂർണതയെന്നോണം പുതിയൊരു ആശ്വാസവാർത്ത പുറത്തു വരികയാണ്. ലക്ഷ്മിയുടെ നിലയിൽ പുരോഗതി ഉണ്ടായതായി ഡോക്ടർ എ മാർത്താണ്ഡൻ പിള്ള വനിത ഓൺലൈനിനോട് പറഞ്ഞു.

‘വെന്റിലേറ്ററിൽ നിന്നും ഐസിയുവിലേക്ക് ലക്ഷ്മിയെ മാറ്റിയിട്ടുണ്ട്. അബോധാവാസ്ഥയിൽ നിന്നും അവർ പുറത്തു വന്നു കഴിഞ്ഞു. ലക്ഷ്മിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ഇപ്പോൾ നൽകുന്നത്. ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടായാൽ ഈയാഴ്ചയോടെ ലക്ഷ്മിയെ വാർഡിലേക്ക് മാറ്റും.’–ഡോക്ടർ പറയുന്നു.

അതേസമയം ലക്ഷ്മിയുടെ ആരോഗ്യനിലയും മാനസികാവസ്ഥയും പരിഗണിച്ച് ബാലഭാസ്കറിന്റേയും മകളുടേയും മരണവാർത്ത ഇപ്പോൾ അറിയിക്കാനാകില്ലെന്ന് മാർത്താണ്ഡൻപിള്ള പറയുന്നു. ‘ഭർത്താവിന്റേയും മകളുടേയും മരണവാർത്ത ഇപ്പോൾ അറിയിക്കുന്നത് ശാരീരികമായും മാനസികമായും അവരെ തളർത്തും. ആരോഗ്യനില മെച്ചപ്പെട്ട് മാനസികാരോഗ്യ വിദഗ്ധരുമായുള്ള കൗൺസിലിംഗിനും ശേഷം ലക്ഷ്മിയെ ഇക്കാര്യം അറിയിക്കുന്നതാണ് ഉചിതം.’–ഡോക്ടർ വിശദീകരിക്കുന്നു.

അപകടത്തിൽ ലക്ഷ്മിയുടെ വയറിനും തലച്ചോറിനുമാണ് ഗുരുതര പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം ലക്ഷ്മി അപകടനില തരണം ചെയ്തെങ്കിലും വെന്റിലേറ്ററിൽ തന്നെ തുടരുകയായിരുന്നു. അതേസമയം പരിക്ക് ഭേദമായി വരുന്ന ഡ്രൈവർ അർജുൻ ഈയാഴ്ചയോടെ ആശുപത്രി വിട്ടേക്കും.