ബെംഗളൂരു ഗുണ്ടൽപേട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ച്, മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു. പരുക്കേറ്റ 13 പേരിൽ 3 കുട്ടികളുടെ നില ഗുരുതരമാണ്. കാർ യാത്രികരായ മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ മുക്കണ്ണൻ അബ്ദുൽ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുൽ ഫിർദൗസ് (21) എന്നിവരാണ് മരിച്ചത്.
കാറോടിച്ചിരുന്ന ഷഹ്സാദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അസീസും കുടുംബവും മണ്ഡ്യയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു. മൈസൂരുവിൽ നിന്ന് ഊട്ടിയിലേക്കുള്ള വിനോദയാത്രാ സംഘമാണ് വാനിലുണ്ടായിരുന്നത്.