Wednesday 02 April 2025 05:00 PM IST : By സ്വന്തം ലേഖകൻ

വിദ്യാർഥിയുടെ പിതാവുമായി പ്രണയം, ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; ലക്ഷങ്ങള്‍ തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ

shridevi-rudagi

പ്രണയം നടിച്ച് വിദ്യാർഥിയുടെ രക്ഷിതാവിൽ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ബെംഗളൂരുവില്‍ ശ്രീദേവി രുദാഗിയെന്ന 25 വയസ്സുകാരിയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. യുവതി ജോലി ചെയ്യുന്ന സ്കൂളിൽ പഠിക്കുന്ന അഞ്ചു വയസ്സുകാരിയുടെ പിതാവുമായി ആദ്യം പ്രണയത്തിലാവുകയും, പിന്നീട് സ്വകാര്യ ഫോട്ടോയും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് കേസ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നു;

മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിൽ താമസിക്കുന്ന ട്രേഡറാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അഞ്ചു വയസ്സുകാരിയായ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് 2023 ലാണ് ശ്രീദേവിയുമായി പരിചയപ്പെടുന്നത്. സ്കൂളില്‍ തുടങ്ങിയ സൗഹൃദം പതിയെ വളരുകയും പുതിയ ഫോണും സിം കാർഡും ഉപയോഗിച്ച് മെസേജും വിഡിയോ കോളുകളും ചെയ്യാനാരംഭിക്കുകയും ചെയ്തു. 

ശേഷം ശ്രീദേവി പരാതിക്കാരനിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തു. ജനുവരിയിൽ 15 ലക്ഷം വീണ്ടും ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകാൻ തയാറായില്ല. ഇതോടെ 50,000 രൂപ വാങ്ങിക്കാനെന്ന വ്യാജേന ശ്രീദേവി പരാതിക്കാരന്റെ വീട്ടിലെത്തി അടുപ്പമുള്ള രീതിയില്‍ ചിത്രങ്ങളും ഒരുമിച്ചുള്ള വിഡിയോയും പകര്‍ത്തി. 

പിന്നീട് ബിസിനസ് തകർന്ന പരാതിക്കാരന്‍ കുടുംബവുമായി ഗുജറാത്തിലേക്ക് താമസം മാറാൻ കുട്ടിയുടെ വിടുതൽ സർട്ടിഫിക്കറ്റിനായി സ്കൂളിലെത്തിയിരുന്നു. പരാതിക്കാരനെ ശ്രീദേവി തന്റെ ഓഫിസിലെത്തിക്കുകയും ഇവർക്കൊപ്പമുണ്ടായിരുന്ന ഗണേഷ് കാലെ (38), സാഗർ (28) എന്നിവരുമായി ചേർന്ന് 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. 

പണം തന്നില്ലെങ്കിൽ ശ്രീദേവിയും പരാതിക്കാരനും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. 15 ലക്ഷം തരാമെന്ന് സമ്മതിച്ച പരാതിക്കാരൻ 1.9 ലക്ഷം രൂപ ഇവർക്ക് നൽകുകയും ചെയ്തു. പിന്നീട് ശ്രീദേവി ഫോണിൽ വിളിച്ച് 5 ലക്ഷം രൂപ ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥനും ഓരോ ലക്ഷം രൂപ വീതം സാഗറിനും ഗണേഷിനും ബാക്കി 8 ലക്ഷം തനിക്കും നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. 

ഇതേത്തുടർന്നാണ് പരാതിക്കാരൻ പൊലീസിനെ സമീപിക്കുന്നത്. ശ്രീദേവിക്കൊപ്പം സാഗറും ഗണേഷും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:
  • Spotlight