Wednesday 05 May 2021 03:06 PM IST : By സ്വന്തം ലേഖകൻ

'മരിക്കാന്‍ വയ്യ, മറ്റൊരു സ്വപ്‌നയാകാന്‍ വയ്യ': ധനമന്ത്രി നിര്‍മ്മല സീതാരാമനു മുമ്പാകെ മാസ് പെറ്റീഷന്‍: അണിചേര്‍ന്ന് ആയിരങ്ങള്‍

mass-peti

എസിക്കും ഫാനിനും ചുവട്ടില്‍ ജോലി ചെയ്യുന്നവരാണ് ബാങ്ക് ജീവനക്കാരെന്ന് കരുതുന്നവരുടെ  മനഃസാക്ഷിക്കു മുമ്പിലാണ് കണ്ണൂര്‍ തൊക്കിലങ്ങാടിയില്‍ ബാങ്ക്  മാനേജര്‍ സ്വപ്ന ജീവനറ്റ് ഷാളില്‍ തൂങ്ങിയാടി നില്‍ക്കുന്നത്. 'ടാര്‍ഗറ്റിന്റെയും പ്രഷറിന്റെയും' അഗ്‌നിപര്‍വതങ്ങളെ ഉള്ളില്‍ പേറി ഒടുവില്‍ ജീവിതം ഹോമിക്കേണ്ടി വന്ന പാവം വീട്ടമ്മ. കസ്റ്റമറുടെ മുഖം കറുക്കാതെ ചിരിച്ചു നില്‍ക്കുന്ന അവര്‍ കോര്‍പ്പറേറ്റുകളെ ലാഭക്കൊതിയുടെകൂടി ഇരകളാണെന്ന് ബോധ്യപ്പെടാന്‍ ഒരു ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ വേണ്ടിവന്നു, രണ്ട് കുഞ്ഞുങ്ങള്‍ അനാഥരാകേണ്ടി വന്നു. 

തലയ്ക്കു മീതേ നില്‍ക്കുന്ന ഫയലുകള്‍ക്കരികില്‍ രാത്രിയെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്യുന്ന  നൂറുകണക്കിന് 'സ്വപ്‌നമാര്‍' നമുക്ക് ചുറ്റുമുണ്ടെന്ന് അധികാരികള്‍ അറിയണം. ടാര്‍ഗറ്റിന് മുന്നില്‍ പരക്കം പാഞ്ഞ്  ജീവിതവും ജീവനും പണയംവച്ച് ജീവിക്കേണ്ടി വരുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ ജീവിതം എന്തെന്ന് ഇനിയെങ്കിലും തിരിച്ചറിയപ്പെടണം. 

ബാങ്ക് ജീവനക്കാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളും അവഗണനകളും തിരിച്ചറിഞ്ഞ് സത്വര നടപടികള്‍ കൈക്കൊള്ളാനും ലാഭാക്കൊതിയന്‍മാരായ കോര്‍പ്പറേറ്റുകളെ നിലനിര്‍ത്താനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധമന്ത്രി നിര്‍മ്മല സീതാരാമനു മുന്നില്‍ മാസ് പെറ്റീഷനുമായി എത്തുകയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍. ആത്മഹത്യയല്ല പോരാട്ടമാണ് പരിഹാരമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ മാസ് പെറ്റീഷനുമായി എത്തുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനയെതാങ്ങി നിര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വസ്ഥപൂര്‍ണമായ തൊഴില്‍ അന്തരീക്ഷം ഒരുക്കണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. ഒപ്പം ബാങ്കിങ് മേഖലയെ വരിഞ്ഞുമുറുക്കുന്ന വ്യാജ കമ്പനികളെ നിലയ്ക്കു നിര്‍ത്താനും അപേക്ഷയില്‍ സൂചിപ്പിക്കുന്നുണ്ട്. 

ബാങ്ക് ജീവനക്കാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളുടേയും ജോലി ഭാരത്തിന്റേയും ആഴമെന്തെന്ന് വ്യക്തമാക്കി പുതിയ ലക്കം വനിതയും വിശദമായ ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. 

ഓണ്‍ലൈന്‍ മാസ് പെറ്റീഷനില്‍ അണിചേരാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://chng.it/54rbSmkN