Tuesday 16 April 2019 04:11 PM IST : By സ്വന്തം ലേഖകൻ

ഒട്ടിച്ചേർന്ന സർഗ വിസ്മയം; കുരുന്നു ഭാവനകളിൽ വർണം വിതറി വനിത മാസികത്തുണ്ടുകൾ

p1

തൃശൂർ ∙ കഷ്ടപ്പെട്ടു കണ്ടെത്തി കൈയിൽ കൊടുത്ത കെട്ടുകണക്കിനു മാസികകൾ. ഓരോന്നും കൺമുന്നിലിട്ടു കണ്ടംതുണ്ടം കീറിയപ്പോൾ ആദ്യം മുറിഞ്ഞത് രക്ഷിതാക്കളുടെ മനസാണ്. കടലാസുതുണ്ടുകളും പശയും തീർത്ത വർണവിസ്മയങ്ങളിൽ ആദ്യം ഒട്ടിച്ചേർന്നതും അതേ മനസാണ്. കലയും ക്ഷമയും ഒന്നിപ്പിച്ച പേപ്പർ കൊളാഷ് ചിത്രങ്ങൾ. നീണ്ട 10 മാസത്തെ പരിശ്രമത്തിൽനിന്നു പിറവിയെടുത്ത 77 ചിത്രങ്ങൾ; 38 കുട്ടികലാകാരന്മാർ. ആ പേപ്പർ കൊളാഷ് ചിത്രങ്ങളുടെ പ്രദർശനം ‘ബ്യൂട്ടിഫുൾ ബിറ്റ്സ്’ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ കാണാം.

തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിലെ മൂന്നാംക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള വിദ്യാർഥികളുടെ കൊളാഷ് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. മലയാള മനോരമ ‘വനിത’ മാസികയുടെ വിവിധ നിറത്തിലുള്ള താളുകളാണ് കുട്ടിച്ചിത്രങ്ങൾക്കു നിറംപകർന്നിരിക്കുന്നത്. സ്കൂളിലെ ചിത്രകല അധ്യാപകൻ ഷൈൻ കരുണാകരനാണ് അധ്യയന വർഷാരംഭത്തിൽ കൊളാഷ് ചിത്രങ്ങളുടെ ആശയം മുന്നോട്ടുവച്ചത്. ഇവർക്കു കണ്ടുവരയ്ക്കാൻ ഓരോ ചിത്രങ്ങളും നൽകി. ചിത്രങ്ങളുടെ വലുപ്പത്തിലുള്ള സ്കെച്ച് ചാർട്ട് പേപ്പറിൽ വരപ്പിക്കുകയാണു ആദ്യം ചെയ്തത്. യഥാർഥ ചിത്രത്തിലെ നിറത്തിനു ചേർന്ന കടലാസുതുണ്ടുകൾ കണ്ടെത്തുകയായിരുന്നു പ്രധാന ദൗത്യം. മാസികകളുടെ വിവിധ ഗ്ലോസി പേജുകളിൽനിന്നു കുട്ടികൾ തന്നെയാണ് നിറങ്ങൾ കണ്ടുപിടിച്ചത്. പല വലുപ്പത്തിൽ വെട്ടിയെടുത്ത തുണ്ടുകൾ ശ്രദ്ധയോടെയും ക്ഷമയോടെയും പശ ചേർത്ത് ഒട്ടിച്ചെടുത്താണു ചിത്രങ്ങൾ പൂരിപ്പിച്ചത്. 1000 മുതൽ 1500 വരെ തുണ്ടുകൾ ഓരോ ചിത്രങ്ങളിലുമുണ്ട്. ഒരോ ചിത്രവും പൂർത്തിയാക്കാനെടുത്തത് ഒന്നര മുതൽ മൂന്നാഴ്ച വരെ സമയമാണ്. പേപ്പർ കൊളാഷ് ചിത്രരചനയുടെ ഓർമയ്ക്കായി മുതിർന്ന 5 കുട്ടികൾ ചേർന്നുവരച്ച മൂന്നര അടി നീളവും രണ്ടര അടി വീതിയുമുള്ള ‘അമ്മയും കുഞ്ഞും’ കൊളാഷ് ചിത്രം സ്കൂളിനായി സമർപ്പിക്കുകയും ചെയ്തു.

പ്രകൃതിയിലേക്കു വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതു കുട്ടികളിലും പൊതുസമൂഹത്തിലും പ്രചരിപ്പിക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം. പാഴ്‍വസ്തുക്കളുടെ ഉപയോഗം ചുരുക്കൽ (Reduce), പുനരുപയോഗം (Reuse), പൂർണമായ തിരസ്കാരം (Refuse), പുനരുത്പാദനം (Repurpose), പുനചംക്രമണം (Recycle) എന്നീ 5 R ആശയമാണ് പ്രദർശനം മുന്നോട്ടുവയ്ക്കുന്നത്.

തൃശൂർ ഗവ.ഫൈൻ ആർട്സ് കോളജ് പ്രഫസർ മനോജ് കണ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ കല്യാണി ബാലകൃഷ്ണ, പ്രിൻസിപ്പൽ രമ രഘുനാഥ്, ഷൈൻ കരുണാകരൻ, പി.എൻ.കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു. പ്രദർശനം 12 വരെ തുടരും.