Thursday 10 June 2021 12:08 PM IST : By സ്വന്തം ലേഖകൻ

6 മാസം കുടുംബത്തോടൊപ്പം കഴിയട്ടേ, ബെക്സ് കൃഷ്ണന് ജോലി നൽകും!’; എംഎ യൂസഫലി പറയുന്നു

beksss44566

വധശിക്ഷയിൽ നിന്ന് മോചിതനായി നാട്ടിൽ തിരിച്ചെത്തിയ ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എം എ യൂസഫ് അലി. ആറു മാസം കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിൽ എവിടെയെങ്കിലും ബെക്സിന് ജോലി ശരിയാക്കിക്കൊടുക്കാനാണ് പ്ലാന്‍ എന്നു യൂസഫ് അലി പറഞ്ഞു. 

"പലരും കരുതുന്നത് ഞാൻ ഹെലികോപ്റ്ററിൽ നിന്ന് വീണശേഷം ശ്രദ്ധ കിട്ടാൻ ചെയ്യുന്ന കാര്യങ്ങളാണെന്നാണ്. എന്നാൽ അങ്ങനെയല്ല. ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ വർഷങ്ങളായി ഞങ്ങൾ പരിശ്രമിക്കുന്നുണ്ടായിരുന്നു. നിരന്തര ചർച്ചയ്ക്കൊടുവിൽ  കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യ ജീവനേക്കാള്‍ പണമല്ല വലുത്. പണം കൊടുത്താലും രക്ഷപ്പെടാൻ സാധിക്കാത്ത എത്രയോ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാൻ കരുതുന്നത്. ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ എംബസിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി."- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എം എ യൂസഫ് അലി പറഞ്ഞു.

‘ഏഴുപേർ മരണത്തിലേക്ക് പോകുന്നത് കണ്ടു; എന്റെ മരണവും ഉറപ്പിച്ചിരുന്നു’

‘‘ജയിലിൽ വധശിക്ഷ കാത്ത് ഒപ്പമുണ്ടായിരുന്ന ഏഴു പേരെ മരണത്തിലേക്കു കൊണ്ടുപോകുന്നതു കണ്ടു മനസ്സു മരവിച്ചിരുന്നിട്ടുണ്ട്. ഒറ്റ മുറി സെല്ലിൽ കഴിഞ്ഞിരുന്ന പാക്കിസ്ഥാൻകാരന്റെ വധശിക്ഷ നടന്നത് ഈ മാസം ആദ്യം. ഒരുനാൾ ഇതുപോലെ ഞാനും തീരുമെന്നുറപ്പിച്ചു കഴിയുകയായിരുന്നു’’– അബുദാബിയിലെ ജയിലിൽ വധശിക്ഷയുടെ വക്കിൽനിന്നു രക്ഷപെട്ടെത്തിയ ബെക്സ് കൃഷ്ണൻ ഇരിങ്ങാലക്കുടയിൽ വീട്ടുകാരുടെ സ്നേഹവലയത്തിൽ ഇരുന്നു പറഞ്ഞു.

‘‘7 വർഷം ജയിലിൽ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്തു. മേലധികാരികളാരും ഞാൻ ഒരു കുട്ടിയെ കൊല്ലുമെന്നു വിശ്വസിച്ചില്ല. പക്ഷേ, സുപ്രീം കോടതി വിധിയായതിനാൽ നിർവാഹമുണ്ടായിരുന്നില്ല. എം.എ യൂസഫലി നൽകിയതാണ് ഈ രണ്ടാം ജന്മം. മരണം വരെ കടപ്പാടുണ്ടാകും. അദ്ദേഹത്തിനും കുടുംബത്തിനും ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ എന്നാണു പ്രാർഥന’’– ബെക്സ് പറഞ്ഞു.   

കാർ അപകടത്തിൽ സുഡാനി കുട്ടി മരിച്ച കേസിൽ ലഭിച്ച വധശിക്ഷ ഒഴിവായി ഇന്നലെ പുലർച്ചെയാണ് ബെക്സ് കൊച്ചിയിൽ വിമാനമിറങ്ങിയത്. ഭാര്യ വീണ, മകൻ അദ്വൈത്, സഹോദരൻ ബിൻസൻ, ബന്ധു സേതുമാധവൻ എന്നിവർ സ്വീകരിക്കാനെത്തിയിരുന്നു. നടവരമ്പിലെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ട ശേഷം ക്വാറന്റീനിൽ പോയി.

യൂസഫലിക്ക് യുഎഇയിലുള്ള ബന്ധങ്ങളും സ്വാധീനവുമാണ് ആ കുടുംബത്തെ മാപ്പു നൽകാൻ ഒരുക്കിയെടുത്തതെന്നും ബെക്സ് പറയുന്നു. കീഴ്ക്കോടതികൾ 15 വർഷം ശിക്ഷ വിധിച്ച കേസിൽ സുപ്രീം കോടതിയാണു വധശിക്ഷ വിധിച്ചത്. നാട്ടിൽ അവസരം കിട്ടിയാൽ ഇവിടെ നിൽക്കണമെന്നാണ് ആഗ്രഹം. യുഎഇ ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങളിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ ജോലി നൽകാൻ തയാറാണെന്ന് യൂസഫലി അറിയിച്ചിട്ടുണ്ടെന്നും ബെക്സ് പറഞ്ഞു.

Tags:
  • Spotlight