Tuesday 16 April 2024 03:19 PM IST : By സ്വന്തം ലേഖകൻ

‘പ്രായം എന്റെ ഈ ജോലിക്ക് തടസമേയല്ല’: ദിവസവും 4 കിലോമീറ്റർ നടത്തം, ഭാഗീരഥി വെള്ളമുണ്ടയിലെ നടക്കും ലൈബ്രറി

bhageeradhi-1

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ ജീവിതം മനോഹരമായി ആസ്വദിക്കുന്ന, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

സാധാരണ പുസ്തകശാലയിലെ പുസ്തകങ്ങൾ നമ്മൾ അങ്ങോട്ടു ചെന്നല്ലേ എടുത്തു വായിക്കുക? എന്നാൽ പുസ്തകങ്ങൾ നമ്മളെ തേടി ഇങ്ങോട്ടു വന്നാലോ? സംഭവം സത്യമാണ്.

1930കളിൽ ലണ്ടനിൽ വാക്കിങ് ലൈബ്രറി ഉണ്ടായിരുന്നു. രണ്ടു സ്ത്രീകൾ – ഒരാൾ പുസ്തകങ്ങൾ അടുക്കി വച്ച തട്ടുകൾ പിന്നിൽ ചുമന്നു നിൽക്കുന്നതും ഒരാൾ അതിലൊരു പുസ്തകം എടുത്തു വായിച്ചു നോക്കുന്നതുമായ ചിത്രം ചിലരെങ്കിലും ഇന്റർനെറ്റിൽ കണ്ടുകാണും. അതേപോലുള്ള ‘നടക്കും ലൈബ്രറികൾ’ ഈ കേരളത്തിലുമുണ്ട്. അവരിലൊരാൾ ആണ് ഇനി സംസാരിക്കുന്നത്.

‘‘റിനൈസൻസ് എന്നാണ് ഞങ്ങളുടെ ലൈബ്രറിയുടെ പേര്. വയനാട് മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലാണിത്.’’ ഭാഗീരഥി തന്റെ നടപ്പിന്റെ കഥ പറഞ്ഞു തുടങ്ങി.

‘‘ഈ ജോലി ചെയ്തിരുന്നയാൾ പെട്ടെന്നു നിർത്തി പോയപ്പോൾ പുസ്തകങ്ങൾ തിരികെ കിട്ടുന്നതും കൊടുക്കുന്നതുമൊക്കെ മുടങ്ങി. അപ്പോഴാണ് എന്നോട് ഏറ്റെടുക്കാമോ എന്ന ചോദ്യം വന്നത്. പതിന്നാലു വീടുകളിലേക്കു കുറച്ചു പുസ്തകങ്ങൾ എടുത്തു നടന്നാൽ മതി എന്നറിഞ്ഞതോടെ സമ്മതിച്ചു.

2006 നവംബർ 17നാണ് ജോലി തുടങ്ങിയത്. അന്ന് 750 രൂപയായിരുന്നു ശമ്പളം. ഒരാളെ ചേർക്കുമ്പോൾ 15 രൂപ പ്രവേശന ഫീസും വരിസംഖ്യയുമായി വാങ്ങും. അതിന്റെ 75 ശതമാനം നമുക്കും 25 ശതമാനം വായനശാലയ്ക്കും. അതായിരുന്നു കണക്ക്. ഇപ്പോ ശമ്പളം നാലായിരം രൂപയായി. നിലവിൽ 250 മെംബർമാരുണ്ട്. വീട്ടിൽ വയ്ക്കാനുള്ള കാർഡുള്ളവരെ ക ണക്കാക്കിയാൽ നൂറ്റിപ്പത്തു വീടുകളിൽ ഇപ്പോൾ സ്ഥിരമായി പുസ്തകങ്ങൾ കൊടുക്കുന്നുണ്ട്. ബാക്കിയുള്ളവർ ഏതു പുസ്തകം വേണം എന്നൊക്കെ അറിയിച്ചാൽ അവർക്കും കൊടുക്കും. ആളുകൾ കൊഴിഞ്ഞു പോകുന്നതിനനുസരിച്ചു പുതിയ അംഗങ്ങളെ ചേർക്കണം. നൂറിൽ കൂടുതൽ അംഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നമുക്കു ശമ്പളത്തിന് അർഹതയുള്ളൂ.

വായന നിന്നു പോകുന്നുണ്ടോ?

അറിവ് ആർജിക്കാനാഗ്രഹിക്കുന്ന ആളുകൾ നമ്മളെ തേടി വരികതന്നെ ചെയ്യും. ചില എഴുത്തുകാരുടെ തന്നെ പുസ്തകം വേണമെന്നു പറയുന്നവർ ഉണ്ട്. ലൈബ്രറിയിൽ പോയി ആ പുസ്തകം എടുത്ത് കൃത്യമായി എത്തിച്ചുകൊടുക്കും. എന്നെ അന്വേഷിച്ചെത്തുന്ന ധാരാളം വിളികളുണ്ട്. കുട്ടികൾ മുതൽ അറുപതു വയസ്സിനു മുകളിലുള്ളവർ വരെയുണ്ട്. വീട്ടമ്മമാരുണ്ട്, ജോലിക്കാരുണ്ട്...

ലൈബ്രറി കൗൺസിലിന്റെ നിയമപ്രകാരം വീട്ടി ൽ ചെല്ലുമ്പോൾ അവിടെ ആളില്ലെങ്കിൽ നമ്മൾ പുസ്തകം പുതുക്കി എഴുതി പോരണം. വീടുകളിൽ പോകണം എന്നു നിർബന്ധമാണ്. ഒരു ദിവസം ഏകദേശം നാലു കിലോ മീറ്ററോളം നടക്കാറുണ്ട്. ആഴ്ചയിൽ ആറു ദിവസം എങ്കിലും വീടുകൾ സന്ദർശിക്കണമെന്നുണ്ട്. എ ഗ്രേഡ്, ബി ഗ്രേഡ് വായനശാലകൾക്ക് ഇങ്ങനെ വീടുകളിൽ പോയി പുസ്തകം കൊടുക്കാമെന്നു ലൈബ്രറി കൗൺസിൽ തീരുമാനിച്ചതാണ്. വീടുകളിൽ ഉള്ള വനിതകളെ വായിപ്പിക്കാൻ വേണ്ടി ‘വനിതാ പുസ്തക വിതരണ പദ്ധതി’ എന്ന പേരിലാണ് ഇത് ആദ്യം തുടങ്ങിയത്. പിന്നീട് അത് ‘വനിതാ– വയോജന പുസ്തക പദ്ധതി’ എന്നാക്കി മാറ്റി.

വായനശാലയിലെ സെക്രട്ടറിയോ പ്രസിഡന്റോ വഴിയാണ് എനിക്ക് ശമ്പളം കിട്ടുക. വെള്ളമുണ്ട ലൈബ്രറിയിലും കുറുക്കൻമൂല എന്ന സ്ഥലത്തും എന്നെപ്പോലെ നടന്നു പുസ്തകം നൽകുന്നവരുണ്ട്. തുടക്കത്തിൽ പതിനൊന്നു പേരുണ്ടായിരുന്നിടത്ത് ഇപ്പോൾ മാനന്തവാടി താലൂക്കിൽ ഞങ്ങൾ മൂന്നാളേയുള്ളൂ. വയനാടു മൊത്തം ഒൻപതു പേരും.

കഥകൾ തീരുന്നില്ലല്ലോ

പത്താം ക്ലാസ് വരെയാണ് പഠിച്ചത്. ഭർത്താവ് ബാലഗോപാലൻ കൃഷിക്കാരനാണ്. രണ്ടു മക്കളുണ്ട്. മകൻ ശ്രീനാഥ് ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. മകൾ ശ്രീഷ്മ ഫിസിയോതെറപിസ്റ്റും. വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞിട്ടു ജോലിക്ക് ഇറങ്ങിയാൽ മതി.

പല ശാരീരിക ബുദ്ധിമുട്ടുകളുമുണ്ട്, പ്രമേഹവും രക്താതിമർദവും ഒക്കെ. എന്നാലും പുറത്തു പോയി ആളുകളെ കാണുകയും ഇടപഴകുകയും ചെറുതെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കുന്നതിന്റെയും സുഖം വീട്ടിലിരുന്നാൽ കിട്ടില്ല. മാനസികസമ്മർദവും രണ്ടു ദിവസം വീട്ടിലിരുന്നാൽ തീരെ വയ്യാതാകുന്നതും ഒന്നും പുസ്തകവുമായി പോയാൽ എന്നെ അലട്ടാറില്ല.

കുട്ടികളുടെ പുസ്തകങ്ങൾ, നോവൽ, യാത്രാവിവരണം, ആത്മകഥ തുടങ്ങിയ ഓരോ ആളുകളുടെ ഇഷ്ടം മ നസ്സിലാക്കിയാണു പുസ്തങ്ങൾ കൊണ്ടു പോകാറുള്ളത്. ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ ഒരു ദിവസം എടുക്കും. ഒപ്പം കാർഡും റജിസ്റ്റർ ചെയ്യാനുള്ള പുസ്തകവും.

ചില പുസ്തകങ്ങൾ നല്ലതാണ് എന്നു പറഞ്ഞ് ആളുകൾ വീണ്ടും ചോദിക്കാറുണ്ട്. അത്തരം പുസ്തകങ്ങൾ ഞാനും വായിക്കും. ഞങ്ങൾ ഒരു തറവാട്ട് വീട്ടിൽ കുറേ അംഗങ്ങളുള്ളിടത്താണ് താമസിക്കുന്നത്. എപ്പോഴും പണിയും തിരക്കും ആയിരിക്കും. അതിനിടയിൽ വായിക്കാനുള്ള സമയം പലപ്പോഴും കിട്ടാറില്ല.

മുൻപ് കൃഷിയും വീട്ടുകാര്യങ്ങളും മാത്രമായിരുന്നു നോക്കിയിരുന്നത്. ഇന്നു ജോലിക്കു പോകുമ്പോൾ മനസ്സിലാകുന്നു, ഒരു സ്ത്രീക്ക് സാമ്പത്തിക സ്വാതന്ത്ര്യം ആദ്യംനൽകുന്നത് ആത്മവിശ്വാസമാണ്. ആളുകൾ എന്നെ കാത്തിരിക്കുന്നതും സന്തോഷം. ചേച്ചി വരുന്നത് ഞങ്ങൾക്കൊരു വലിയ സഹായമാണ് എന്നൊക്കെ പറയുന്നവരുണ്ട്. വായനാ സൗകര്യങ്ങളോ അടുത്തു വായനാശാലയോ ഇല്ലാത്തവരുടെയടുത്തേക്കാണു കൂടുതലും പോകുക. വരിസംഖ്യ കൃത്യമായി കിട്ടും. ശമ്പളം ചിലപ്പോ മാസങ്ങൾ കൂടിയാകും കിട്ടുക. എന്നാലും ജോലി മുടക്കില്ല.

ഈ ജോലി പറ്റുന്നത്ര ചെയ്യണം എന്നാണ് ആഗ്രഹം. ജോലി തരുന്ന സംതൃപ്തി ശമ്പളത്തെക്കാളൊക്കെ പതിന്മടങ്ങു വലുതാണ്. പ്രായം ഇതുവരെ ഒരു തടസ്സമായി തോന്നിയിട്ടില്ല.

കോവിഡ് സമയത്തും വീടുകളിൽ പുസ്തകങ്ങൾ കൊടുത്തിരുന്നു. രണ്ടു ദിവസം കാണാതായാൽ വിളിച്ച് അന്വേഷിക്കുന്ന ആളുകളുണ്ട്. ഈ പ്രായത്തിലും നമ്മളെ വിളിക്കാനും അന്വേഷിക്കാനുമൊക്കെ ആളുകളുള്ളതു സന്തോഷമല്ലേ?

bhageeradhi-2

പ്രായധിക്യവും വേനൽച്ചൂടും

∙ താപനിലയിലെ വ്യതിയാനങ്ങൾ പ്രായമേറിയവർക്ക് അത്ര വേഗം സഹിക്കാനായെന്നു വരില്ല. അതിനാൽ വേനൽക്കാലത്ത് തളർച്ചയും ക്ഷീണവും കൂടും. നിർജലീകരണം വരാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം.

∙ വെള്ളം നന്നായി കുടിച്ചാലും മുതിർന്നവർക്ക് വായ വരണ്ടുണങ്ങിയതുപോലെ തോന്നാം. ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതു മൂലം ഉമിനീരിന്റെ ഉൽപാദനം കുറയുകയോ ഇല്ലാതെ വരികയോ ചെയ്യുന്ന ‘സിറോസ്റ്റോമിയ’ എന്ന അവസ്ഥയാകാമിത്.

പ്രമേഹ രോഗികളിലും അൽസ്ഹൈമേഴ്സ് ബാധിതരിലും ഈ പ്രശ്നം വരാം. ചില രോഗങ്ങ ൾക്കു കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായും സംഭവിക്കാം. വരണ്ടുണങ്ങിയ വായ ബുദ്ധിമുട്ടിക്കുന്നെങ്കിൽ ഉടന്‍ ‍ഡോക്ടറെ കാണുക.

∙ വിയർപ്പ് കൂടുമ്പോൾ ഇതിലൂടെ ശരീരത്തിലെ സോഡിയം നഷ്ടമാകും. പ്രായമായവർക്ക് സോഡിയം കുറഞ്ഞു തളർച്ചയോ ബോധക്ഷയമോ ഉ ണ്ടാകാനുള്ള സാധ്യത ചൂടുകാലത്തു കൂടുതലാണ്. അമിതക്ഷീണം, തളർച്ച, ഓർമക്കുറവ്, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയവ സോഡിയം കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.

ശ്യാമ

ഫോട്ടോ: സഞ്ജു ഷിബി