Tuesday 03 May 2022 12:27 PM IST : By ഊരാളി ജയപ്രകാശ്

റോഡിലൂടെ ഇഴഞ്ഞു സഞ്ചരിച്ച് പത്താം ക്ലാസ് പാസ്സായി; പിന്നീട് ചെരുപ്പുതുന്നൽ, നാടകമെഴുത്ത് തൊട്ട് ഗുമസ്തപ്പണി വരെ! വ്യത്യസ്തനായി ഭാസ്കരൻ കരിങ്കപ്പാറ

bhaskaran98644chh

ഭാസ്കരൻ കരിങ്കപ്പാറയുടെ കഥനകഥ കേട്ടാൽ ദൈവം താനേ ഭൂമിയിലേക്കു ഇറങ്ങി വരും! ജൻമനാ ശാരീരിക വൈകല്യമുണ്ടെങ്കിലും  ചെരുപ്പുതുന്നൽ മുതൽ വ്യവസായ വകുപ്പിലെ ഗുമസ്തപ്പണി വരെ ചെയ്തു ഈ അൻപത്തിനാലുകാരൻ. അതിനിടെ, ഒട്ടേറെ കഥകളും തിരക്കഥകളുമൊരുക്കി എഴുത്തിന്റെ ലോകത്തും സജീവമായി. അടച്ചിട്ട മുറിയിലായിരുന്നു ബാല്യകാലം. ഒൻപതാമത്തെ വയസ്സിലാണ് ഒന്നാം ക്ലാസിൽ ചേരുന്നത്. 3 കിലോമീറ്ററോളം ദൂരം റോഡിലൂടെ ഇഴഞ്ഞു സഞ്ചരിച്ച് മലപ്പുറം കോട്ടയ്ക്കൽ ചെട്ടിയാംകിണർ സ്കൂളിൽ നിന്നു പത്താം ക്ലാസ് പാസ്സായി.

ഏറെ കഷ്ടപ്പെട്ട് ഫാറൂഖ് കോളജിൽ നിന്നു പ്രീഡിഗ്രി പൂർത്തിയാക്കിയതോടെ സാമ്പത്തിക പ്രയാസം മൂലം പഠനം അവസാനിപ്പിച്ചു. പിന്നീട് ജീവിതം തള്ളിനീക്കാൻ, അച്ഛൻ പഠിപ്പിച്ച  ചെരുപ്പുതുന്നൽ തൊഴിലായി സ്വീകരിച്ചു. അളവ് അനുസരിച്ചും അല്ലാത്തതുമായ ഒട്ടേറെ പാദരക്ഷകൾ നിർമിച്ചു. കേടായവ ശരിയാക്കിക്കൊടുത്തു. അതോടൊപ്പം സാക്ഷരതാ പ്രവർത്തനത്തിൽ സജീവമായി. സ്കൂൾ, കോളജ് കലോത്സവങ്ങൾക്കും കേരളോത്സവങ്ങൾക്കും വേണ്ടി പത്തോളം നാടകങ്ങളെഴുതി.

കൂട്ടത്തിൽ ബോർഡുകളും ബാനറുകളുമൊരുക്കി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നതിനിടെയാണ് 17 വർഷം മുൻപ് തിരൂർ വ്യവസായ വകുപ്പ് ഓഫിസിൽ ജോലി കിട്ടുന്നത്.  മുച്ചക്ര വാഹനത്തിന്റെ സഹായത്തോടെയായി പിന്നീടുള്ള യാത്ര. "അരങ്ങിലെ സ്വപ്നങ്ങൾ", "ഇന്നലെ ഇന്ന് നാളെ " എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മിഥുൻമനോഹർ സംവിധാനം ചെയ്ത "അടുക്കള", "പാട്ടുപെട്ടി " എന്നീ ഹ്രസ്വചിത്രങ്ങൾക്കു തിരക്കഥയുമെഴുതി. ഭാസ്കരൻ ജീവിതയാത്ര തുടരുകയാണ്, പാതിവഴിയിൽ തളരില്ലെന്ന ചങ്കുറപ്പോടെ.

Tags:
  • Spotlight
  • Motivational Story