Friday 11 June 2021 02:23 PM IST : By സ്വന്തം ലേഖകൻ

കാമുകനൊപ്പം ജീവിക്കണം; ഒരവസരം കിട്ടിയപ്പോൾ ഭർതൃവീട്ടിൽ നിന്നിറങ്ങി യുവതി, ട്രെയിനിൽ വച്ചു സിന്ദൂരം ചാർത്തി വിവാഹം!

Bihar-Train-Wedding.jpg.image.845.440

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി ട്രെയിനിൽവച്ച് വീണ്ടും വിവാഹം കഴിച്ചു. രണ്ടു മാസം മുൻപാണ് യുവതി മറ്റൊരു വിവാഹം കഴിച്ചത്. ബിഹാറിലെ ഭഗൽപുരിലാണ് സംഭവം. അഷു കുമാർ എന്ന യുവാവ് അനുകുമാരിയ്ക്ക് സിന്ദൂരം ചാർത്തുന്നതിന്റെ ചിത്രങ്ങൾ വൈറലായി. 

അനുകുമാരിയുമായി വർഷങ്ങളായി സ്നേഹത്തിലായിരുന്നു അഷു കുമാർ. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രണയബന്ധം അനുവിന്റെ വീട്ടിൽ അറി‍ഞ്ഞതോടെ വീട്ടുകാർ അവളെ പൂട്ടിയിട്ടു. പിന്നീട് മറ്റൊരു യുവാവുമായി അനുവിന്റെ വിവാഹം വീട്ടുകാർ നടത്തി. 

വിവാഹം കഴിഞ്ഞെങ്കിലും ഭർത്താവിനൊപ്പം താമസിക്കാൻ അനുകുമാരി തയാറായിരുന്നില്ല. ഒടുവിൽ ഒരവസരം കിട്ടിയപ്പോൾ ഭർതൃഗൃഹത്തില്‍നിന്ന് കാമുകന്റെ സഹായത്തോടെ പുറത്തു കടക്കുകയായിരുന്നു. 

സുൽത്താൻഗഞ്ച് റെയിൽവേ സ്റ്റേഷനില്‍നിന്ന് ഇരുവരും ബെംഗളൂരുവിലേക്ക് ട്രെയിൻ കയറി. ട്രെയിൻ സ്റ്റേഷനിൽനിന്ന് എടുത്തയുടൻ വിവാഹം കഴിക്കാൻ യുവതി കാമുകനെ നിർബന്ധിച്ചു. സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തി യുവാവ് വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു. ട്രെയിനിലെ ശുചിമുറിക്കു സമീപത്തായിരുന്നു വിവാഹം.

പിന്നാലെ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. യുവതി ഭർത്താവിനെ ചതിക്കുകയാണെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 

Tags:
  • Spotlight