Saturday 23 June 2018 05:06 PM IST : By സ്വന്തം ലേഖകൻ

മൂന്നു വര്‍ഷം മൂന്നു കിലോമീറ്റര്‍; മല തുരന്ന് സ്വന്തം ഗ്രാമത്തിൽ വെള്ളമെത്തിച്ച എഴുപതുകാരന്റെ കഥ

mala

ചിലരങ്ങനെയാണ്. പ്രായമോ പരിഹാസങ്ങളുെട അമ്പുകളോ അവരുടെ നിശ്ചയധാർഢ്യത്തെ തകർക്കില്ല. ഒടുവിൽ ലക്ഷ്യത്തിലേക്കെത്തുമ്പോഴാകും സമൂഹം അവരെ അംഗീകരിക്കുക. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഒഡീഷക്കാരന്‍ ദൈതരി നായിക്. മൂന്നു വര്‍ഷം കൊണ്ട് മൂന്നു കിലോമീറ്റര്‍ മല തുരന്ന് സ്വന്തം ഗ്രാമത്തില്‍ വെള്ളമെത്തിച്ചതോടെയാണ് ദൈതരി നായിക് എഴുപതാം വയസ്സിൽ താരമായത്.

70 കാരനായ ദൈതരി നായിക് ഒഡീഷയിലെ ആദിവാസി വംശജനാണ്. ഗ്രാമത്തിലെ ജലദൗര്‍ലഭ്യം രൂക്ഷമായതോടെയാണ് മണ്‍വെട്ടിയുമായി നായിക് മല തുരക്കാനൊരുങ്ങിയത്. ഒഡീഷയിലെ കിയോന്‍ജര്‍ ജില്ലയിലെ ഗൊനാസിക്ക മല കടന്നു കനാൽ വഴി തലബൈതരണി എന്ന തന്റെ ഗ്രാമത്തില്‍ വെള്ളം എത്തിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. പദ്ധതി കേട്ട നാട്ടുകാര്‍ പരിഹസിച്ചെങ്കിലും തീരുമാനത്തില്‍ നിന്നും പിന്മാറാൻ ഇദ്ദേഹം തയ്യാറായില്ല. നായിക് ജോലി തുടങ്ങിയതോടെ നാലു സഹോദരന്മാരും ഒപ്പം ചേര്‍ന്നു. മൂന്നു വര്‍ഷത്തെ കഠിന പ്രയത്നത്തിനൊടുവില്‍ കനാല്‍ ഗ്രാമത്തിനടുത്തെത്തിയതോടെ നാട്ടുകാര്‍ അത്ഭുതപ്പെട്ടു. പരിഹസിച്ചവരും ദൈതരിയുടെ ദൗത്യത്തിനൊപ്പം ചേർന്നു. എന്തായാലും അദ്ദേഹത്തിന്റെ പ്രവര്‍ത്തിയോടെ ഗ്രാമത്തിലെ ജല ദൗര്‍ലഭ്യം പൂര്‍ണമായും മാറി.