Monday 17 March 2025 04:02 PM IST : By സ്വന്തം ലേഖകൻ

ഇവരാണ് ഭൂമിയിലെ മാലാഖമാർ... ആർഭാടങ്ങളും ആഭരണങ്ങളും ഒഴിവാക്കി കല്യാണം: കരുതിവച്ചത് ആ മഹാനന്മ

binoy-chinnu

ഉള്ള സമ്പാദ്യമെല്ലാം വിവാഹ കമ്പോളത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ് ശരാശരി മലയാളികളുടെ രീതി. ആനയും അമ്പാരിയും ആർഭാടങ്ങളുമായി വിവാഹം കെങ്കേമമാക്കുന്നവരുടെ കണ്ണുതുറപ്പിച്ച് ഇതാ ഹൃദയംനിറയ്ക്കുന്നൊരു കൂടിച്ചേരൽ. ആർഭാടങ്ങളും ആടയാഭരണങ്ങളും ഒഴിവാക്കി ബിനോയിയും ചിന്നുവും ഒന്നായ നിമിഷമാണ് നല്ലമാതൃകയുടെ പുതിയ പാഠം രചിക്കുന്നത്. തീർന്നില്ല കഥ, വിവാഹ ചിലവിനായി മാറ്റിവെച്ച 580000 മാതാപിതാക്കളായ പി. എം .സ്കറിയയും കെ.പി .സാറാമ്മയും സുരക്ഷിതമല്ലാത്ത കുടിലിൽ കഴിഞ്ഞിരുന്ന സുരേന്ദ്രന്റെ വീടെന്ന സ്വപ്നത്തിനായി മാറ്റിവച്ചതും ഹൃദയം നിറയ്ക്കും നിമിഷങ്ങളായി. സാമൂഹ്യപ്രവർത്തകയായ ഡോ. എം. എസ് സുനിലാണ് ഈ നന്മകല്യാണത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

ഇത് വേറിട്ട ഒരു വിവാഹം. ആർഭാടങ്ങളും ആടയാഭരണങ്ങളും ഒഴിവാക്കി ബിനോയിയും ചിന്നുവും രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായപ്പോൾ..

വിവാഹ ചിലവിനായി മാറ്റിവെച്ച 580000 രൂപ റിട്ടയേഡ് അധ്യാപകരായ മാതാപിതാക്കൾ പി. എം .സ്കറിയയും കെ.പി .സാറാമ്മയും ,സുരക്ഷിതമല്ലാത്ത കുടിലിൽ കഴിഞ്ഞിരുന്ന രോഗിയായ സുരേന്ദ്രനും കുടുംബത്തിനും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. കല്യാണ ദിവസം തന്നെ വീടിന്റെ താക്കോൽദാനവും നിർവഹിക്കാൻ സാധിച്ചത് ഏറെ അനുഗ്രഹം . Binoyയും Chinnuവും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇവർ നൽകിയത് ഒരു കുടുംബത്തിന്റെ ചിരകാല വീടെന്ന സ്വപ്നസാഫല്യം.. ഇവരാണ് ഭൂമിയിലെ മാലാഖമാർ.. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ യുവമിഥുനങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു.  347- മത് സ്നേഹഭവനം... പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെ.