Tuesday 11 September 2018 10:39 AM IST : By സ്വന്തം ലേഖകൻ

ഭീതിയുടെ പകൽ: വിഷം കലർന്ന ഇറച്ചി ഭക്ഷിച്ച് കാക്കകൾ, നായ, പരുന്ത് ചത്തുവീണു

pkd-waste

പുതുപ്പള്ളിത്തെരുവ് കരിംനഗറിനു സീപത്തെ മുനവറ നഗറിൽ ഉപേക്ഷിക്കപ്പെട്ട മാംസാവശിഷ്ടങ്ങൾ ഭക്ഷിച്ചു 40 കാക്കകളും നായയും പരുന്തും ചത്തു വീണു. സമീപ വീടുകളിലെ കിണറുകളിലേക്കടക്കം കാക്കകൾ ചത്തു വീണതേ‍ാടെ പൈപ്പിൽ നിന്നെ‍ാഴികെ വെള്ളം ഉപയോഗിക്കരുതെന്നു നഗരസഭ മുന്നറിയിപ്പു നൽകി.

അവശിഷ്ടങ്ങളിൽ വിഷം കലർന്നതായി പ്രാഥമിക പരിശേ‍ാധനയിൽ സംശയിച്ചതേ‍ാടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. തുടർന്നു സമീപത്തെ ഹോട്ടലുകളിൽ നിന്ന് ഇറച്ചി ഭക്ഷണം കഴിക്കരുതെന്നും വീട്ടുകളിൽ ഇറച്ചി ഉപയോഗിക്കരുതെന്നും ആരേ‍ാഗ്യവിഭാഗം ആവശ്യപ്പെട്ടു. ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന മുനവറനഗറിൽ രാവിലെ ഏഴേ‍ാടെയാണു കാക്കകൾ കൂട്ടത്തോടെ ചത്തുവീണത്. നാട്ടുകാർ നടത്തിയ പരിശോധനയിൽ വഴിയിൽ കിടന്ന അറവുമാലിന്യം ഭക്ഷിച്ചാണ് ഇവ ചത്തതെന്നു മനസിലാക്കി.

പലയിടങ്ങളിലാണു കാക്കകളും പരുന്തും നായയും ചത്തത്. ആശങ്കയിലായ ജനങ്ങൾ അടുത്ത വീടുകളിലും പിന്നീടു നഗരസഭയിലും വിവരമറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണു മാംസാവശിഷ്ടമാണു സംഭവത്തിനു കാരണമെന്നു കണ്ടെത്തിയത്. മൂന്നു വീടുകളിലെ കിണറിൽ കാക്കൾ ചത്തുവീണു.

പ്രദേശത്തുള്ളവർ തൽക്കാലം പൈപ്പുവെള്ളം മാത്രം ഉപയേ‍ാഗിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. വെറ്ററിനറി വിഭാഗവും പരിശേ‍ാധന നടത്തി. വിഷാംശം തിരിച്ചറിയാൻ ചത്തുവീണ കാക്കയെയും നായയെയും പോസ്റ്റുമോർട്ടം നടത്തി. പൊലീസും ഇറച്ചിയുടെ സാംപിൾ ശേഖരിക്കുകയും കേസെടുക്കുകയും ചെയ്തു. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നും അനധികൃതമായി പ്രവർത്തിച്ച അഞ്ച് അറവുശാലകൾ പൂട്ടിച്ചെന്നും നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ പറഞ്ഞു.

more...