Friday 05 January 2024 10:49 AM IST : By Text, Photo : Rahana Habeeb

‘ആ വേട്ടയാടലില്‍ കൊല്ലപ്പെട്ടത് 4723 മല്ലർഡുകളും എരണ്ടകളും’: പക്ഷികളുടെ പറുദീസ... മഞ്ഞിന്റെ കമ്പളം പുതച്ച് ഭരത്പൂർ

shutterstock_1279028953 Photo : Rahana Habeeb

ലോകമെങ്ങുമുള്ള പക്ഷിനിരീക്ഷകരുടെ ഹോട് സ്പോട് എന്നു പറയാവുന്ന ഭരത്പുർ കേവൽ ദേവ് പക്ഷിസങ്കേതത്തിലേക്കാണ് യാത്ര. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലം. ഭരത്പുർ ഒരു മനുഷ്യ നിർമിത തണ്ണീർത്തടമാണ്. പക്ഷി നിരീക്ഷകരുടെ തലതൊട്ടപ്പനായ  സലിം അലിയുടെ പ്രിയപ്പെട്ട ഇടം. ഭരത്പുരിലേക്ക് യാത്രതിരിക്കും  മുൻപേ എങ്ങനെ പോകാം എന്നതിനെ കുറിച്ച് ചെറിയൊരു അന്വേഷണം നടത്തി. ആദ്യം ഡൽഹി. അവിടെ നിന്ന് ട്രെയിനിൽ ആഗ്ര വരെ. ആഗ്രയിൽ നിന്ന് റോഡ്മാർഗം ഭരത്പൂർ  ഇതായിരുന്നു തിരഞ്ഞെടുത്ത യാത്രാപ്ലാൻ. തുമ്പികളെ പറ്റി ഗവേഷണം നടത്തുന്ന ഭരത്പുർകാരനായ  സുഹൃത്ത് ധീരേന്ദ്ര സിങ് ചൗധരിയുടെ നമ്പർ മാത്രമാണ് ഈ യാത്രയിൽ കയ്യിലുള്ളത്.

വിരുന്നുകാരെത്തും കാലം

ഇന്ത്യയിലുള്ള എല്ലാ പക്ഷി നിരീക്ഷകരും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫേഴ്സും  കാത്തിരിക്കുന്ന സമയമാണ്  ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലം. ഈ ആറു മാസം ‘ദേശാടനപ്പക്ഷിക്കാല’മാണ്. തണുത്തുറഞ്ഞ രാജ്യങ്ങളിൽ നിന്ന് കടലും മലകളും രാജ്യാതിർത്തികളും താണ്ടി ഇന്ത്യയിലേക്കു പറന്നെത്തുന്ന വിരുന്നുകാർ. ഇന്ത്യയിലെ എല്ലാ തണ്ണീർത്തടങ്ങളും ഈ സമയം പക്ഷികളെ കൊണ്ട് നിറഞ്ഞിരിക്കും.

shutterstock_1400203310

ഭരത്പുരിലേക്കു പോകാൻ തിരഞ്ഞെടുത്ത സമയം ഫെബ്രുവരി ആണ്. എല്ലായിനം പക്ഷികളെകൊണ്ടും മിക്ക സ്ഥലങ്ങളും നിറഞ്ഞിരിക്കും. പക്ഷേ, കാലാവസ്ഥ പ്രശ്നമാണ്. ഡൽഹി, ഹരിയാന,  ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളെല്ലാം ശൈത്യം അതിന്റെ കാഠിന്യത്തോടെ പിടികൂടിയിരിക്കുന്നു. ഡൽഹിയിൽ കാലു കുത്തിയപ്പോൾ തന്നെ കാലാവസ്ഥ സംബന്ധിച്ച ഉദ്ദേശ ചിത്രം കിട്ടി. അറിയേണ്ടത് ഭരത്പുരിലും ഇതേ അവസ്ഥയാണോ എന്നതാണ്! ടാക്സി വിളിച്ച് നിസാമുദ്ദിൻ റെയിൽവേ സ്‌റ്റേഷനിൽ എത്തി. ഒരു ജനറൽ ടിക്കറ്റ് എടുത്ത് ആഗ്രയിലേക്കുള്ള ട്രെയിൻ കയറി.

ആഗ്രയിൽ നിന്ന് ഭരത്പുരിലേക്ക്. അവിടെ താമസിച്ച ദിവസങ്ങളിലൊന്നും രാവിലെ സൂര്യപ്രകാശം കണ്ടതേയില്ല. സൂര്യനെ ഒരു വെളുത്ത കർട്ടൻ കൊണ്ട് മൂടിയത് പോലെ മഞ്ഞ്. സാധാരണ ഫൊട്ടോഗ്രഫിക്ക് പറ്റിയ സമയം രാവിലെയും വൈകിട്ടുമാണ്. ഭരത്പുരിൽ അത് നടക്കില്ല. സൂര്യൻ മഞ്ഞുമറ കീറി പുറത്തു വരണമെങ്കിൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണി കഴിയണം. വന്നാലോ, തിളക്കം കുറഞ്ഞ ഒരു നാണയം പോലെ മുകളിൽ തെളിഞ്ഞ് കാണാം, അത്രതന്നെ. വൈകിട്ട് അഞ്ചരയോടെ വെളിച്ചം മങ്ങിത്തുടങ്ങും. ചുറ്റിലും വർണചിറകുവിടർത്തി പറക്കുന്ന പക്ഷികൾ. പക്ഷേ, സൂര്യവെളിച്ചമില്ല, ചിത്രം പകർത്താനുള്ള ലൈറ്റ്  വേറെ കരുതണം.

077A3434-purple-sunbird-(male)

കേവൽ ദേവന്റെ ഉദ്യാനം ഒരു ചരിത്രകഥ

രാജഭരണകാലത്ത് നിലനിന്ന വിനോദമാണ് മൃഗയാ വിനോദം. രാജാവും പടയാളികളും ആയുധധാരികളായി തേരിലേറി കാട്ടിലേക്ക് യാത്ര പോകും. കാട്ടു മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടി പിടിച്ച് തിരിച്ചു വരും.  പക്ഷി മൃഗാദികളുടെ വലിയ ഒരു ചുമടുമായിട്ടാണ് ആ വരവ്. കൊട്ടാരവാസികൾക്കു കുറെക്കാലത്തേക്കുള്ള ആഹാരമാണിത്. രാജസ്ഥാനിലെ ഭരത്പുർ ഭരിച്ച മഹാരാജാക്കന്മാരും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. ഏതാണ്ട് 250 വർഷങ്ങൾക്കു മുൻപ് ഭരത്പുർ ഭരിച്ചിരുന്ന മഹാരാജ സൂരത് മാൽ  നിർമിച്ച ഒരു ബണ്ടിൽ നിന്നാണ് കഥയുടെ തുടക്കം. ഗംഭീർ, ബൻ ഗംഗ എന്നീ നദികൾക്കിടയിൽ  നിർമിച്ച  ബണ്ട് കാരണം താഴ്ന്ന പ്രദേശമായ ഭരത്പുർ ഒരു വലിയ തണ്ണീർത്തടമായി മാറി. 1726-1763 കാലയളവിലാണ് ബണ്ടിന്റെ നിർമാണം. കേവൽ ദേവൻ അഥവാ പരമശിവന്റെ പേരിലായിരുന്നു ഈ സ്ഥലം അന്നറിയപ്പെട്ടിരുന്നത്. പിന്നീടെപ്പോഴോ ആ തണ്ണീർത്തടം പക്ഷികളെ കൊണ്ട് നിറഞ്ഞു. അതോടെ രാജകുടുംബത്തിന്റെ മൃഗയാ വിനോദത്തിനുള്ള പ്രധാനസ്ഥലമായി ഇവിടം മാറി. 1938 ൽ അന്നത്തെ ഇന്ത്യൻ വൈസ്രോയി ആയിരുന്ന ലോർഡ് ലിൻലിത്ഗോയുടെ ബഹുമാനാർഥം നടത്തിയ വേട്ടയാടലിൽ 4723 മല്ലർഡുകളും എരണ്ടകളും കൊല്ലപ്പെട്ടതായിട്ടാണ് കൊട്ടാരത്തിലെ രേഖകൾ കാണിക്കുന്നത്. ഇത്രയും ചരിത്രം.

shutterstock_1362244139

പക്ഷികളുടെ ലോകത്ത്

ഭരത്പുർ കോട്ടയായിരുന്നു ആദ്യകാഴ്ച. ആടകൾ, ആയുധങ്ങൾ, ആഭരണങ്ങൾ, അലങ്കാരങ്ങൾ തുടങ്ങി രാജഭരണകാലത്തെ പ്രതാപം വിളിച്ചോതുന്ന പ്രൗഢികൾ ഇന്ന് ധന സമ്പാദനത്തിനുള്ള മാർഗ്ഗമാണ്. ഒക്കെ വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. രാജസ്ഥാനിലെ മിക്ക കോട്ട കൊത്തളങ്ങളും ഇപ്പോൾ ടൂറിസം പ്രമോഷൻ സെന്ററുകളാണ്

‘ഒന്ന് മുതൽ പന്ത്രണ്ടു വരെ ക്ലാസുകളുള്ള ഒരു വലിയ സ്കൂളിലേക്ക്  ഗേറ്റ് കടന്നു ചെന്നാൽ എങ്ങനെയിരിക്കും. പിനാ ഫോർ ഇട്ട കൊച്ചു കുരുന്നുകൾ മുതൽ  സൽവാർ കമ്മീസും ഓവർക്കോട്ടും അണിഞ്ഞ വലിയ കുട്ടികൾ വരെ’. അതേ  ഫീൽ ആണ് കേവൽദേവ് നാഷനൽ പാർക്ക് എന്ന ഭരത്പുർ ബേഡ് സാങ്ച്വറിയിൽ പ്രവേശിക്കുമ്പോൾ. രാജസ്ഥാനിലെ ഭരത്പുർ എന്ന ജനവാസ കേന്ദ്രത്തിനു നടുക്കായി ഏതാണ്ട് 29 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പരന്നു കിടക്കുകയാണ് ഈ  സങ്കേതം.

എല്ലാവർഷവും ദേശാടനപ്പക്ഷികൾ കൂടിപറന്നിറങ്ങുന്നതോടെ കേവൽ ദേവന്റെ ഉദ്യാനം ശബ്ദമുഖരിതമാവും. വിവിധയിനം താറാവ്, എരണ്ട, നീർകാക്ക, കാട, കൊക്ക്, മൂങ്ങ, തത്ത, ചെറിയ തേൻ കുടിയൻ പക്ഷികൾ  മുതൽ വലിയ പെലിക്കനുകൾ വരെ. അവിടുന്നും ഇവിടുന്നും  തലയെത്തി നോക്കുന്ന പുള്ളിമാനുകൾ, മ്ലാവുകൾ, നീലക്കാളകൾ, കരടികൾ , കുറുക്കന്മാർ, മുള്ളൻപന്നികൾ...

shutterstock_2995142

കേവൽദേവ് സങ്കേതം മുഴുവൻ മിസ്‌വാക്ക് എന്നറിയപ്പെടുന്ന കുറ്റിച്ചെടികളാണ്. ദന്ത ശുചീകരണത്തിന് പേരുകേട്ട ചെടിയാണിത്. ഇല പൊഴിയും മരങ്ങളാണ് ചുറ്റിലും. ആ മരങ്ങളുടെയെല്ലാം പൊത്തുകളിൽ മൂങ്ങ, തത്ത തുടങ്ങിയവ വസിക്കുന്നുണ്ട്. കേവൽദേവ് സങ്കതത്തോടു ചേർന്ന റോഡ് മുതൽ പാർക്കിനകത്തു വരെ പോകാൻ  സൈക്കിൾ റിക്ഷകൾ കിട്ടും. സങ്കേതത്തിനുള്ളിലേക്കുള്ള പ്രവേശനടിക്കറ്റ് എടുത്തു കഴിഞ്ഞാൽ മനസ്സിലാവും, ഓരോരുത്തരുടെയും വിജ്ഞാനം. റിക്ഷാക്കാരൻ ലോക്കൽ ഗൈഡിന്റെ കുപ്പായമണിയും. ശേഷം ഈ ലോക്കൽ എൻസൈക്ലോപീഡിയമാർ ഓരോ പക്ഷിയെയും നമുക്കു മനസ്സിലാക്കി തരുമെന്ന് മാത്രമല്ല നമ്മൾ കാണണം എന്നാഗ്രഹിക്കുന്ന ഓരോ പക്ഷിയുടെ അടുത്തും കൊണ്ടു പോവും. അതിന്റെ ഏറ്റവും നല്ല പടമെടുക്കാൻ നമ്മെ അങ്ങേയറ്റം  പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിനുള്ള ക്ഷമയും സമയവും അവർക്കുണ്ട്. രണ്ടു സൈക്കിൾ റിക്ഷകൾ കടന്നു പോവാനുള്ള വീതി മാത്രമേ നടപ്പാതയ്‌ക്കുള്ളൂ. സൈക്കിൾ റിക്ഷകൾ പാർക്കിനുള്ളിൽ ഒരു രീതിയിലും മലിനീകരണം സൃഷ്ടിക്കുന്നില്ല.

077A2553-spotted-owlets

പാർക്ക്  ശുചിത്വത്തിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തുന്നു.  പ്ലാസ്റ്റിക് വിരുദ്ധ മേഖലയാണ് ഇത്. അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു ബോട്ടിലോ പ്ലാസ്റ്റിക് കവറോ നടപ്പാതയുടെ ഇരുവശങ്ങളിലും ഞാൻ കണ്ടില്ല. ഇടയ്ക്കിടെ സന്ദർശകർക്കു കുടിവെള്ളം വെച്ചിട്ടുണ്ട്. വൃത്തിയുള്ള ശുചിമുറികളുമുണ്ട്. അത്യാവശ്യത്തിനു ചായയോ കാപ്പിയോ സാൻഡ്‌വിച്ചോ കിട്ടുന്ന കടകൾ. കടകൾക്ക് ചുറ്റുമുള്ള പരിസരം പോലും വളരെ വൃത്തിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇന്ത്യക്കാരായ സന്ദർശകരിൽ കണ്ട രസകരമായ ഒരു കാര്യം അവിടെ കുട്ടികളാണ് പക്ഷികളെ പറ്റിയുള്ള മാതാപിതാക്കളുടെ സംശയങ്ങൾ തീർത്തു കൊടുക്കുന്നത് .

shutterstock_1363884176

കൊക്കുകളുടെ തണ്ണീർത്തടം

യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് പ്രകാരം കേവൽദേവ് പക്ഷി സങ്കേതം  വംശനാശ ഭീഷണിയുള്ള അപൂർവയിനം പക്ഷി മൃഗാദികളുടെ വാസസ്ഥലമാണ്. കൂടാതെ ലോക തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കേണ്ട തണ്ണീർത്തട മേഖലയാണ്. പാർക്ക് തുടങ്ങുന്ന കാലത്ത് ഇത് സൈബീരിയൻ ക്രൈനിന്റെ വാസസ്ഥലമായിരുന്നു. വേട്ടയാടൽ മൂലം വംശനാശം സംഭവിച്ചു പോയ  ഒരു പക്ഷി വർഗം. അതിനു ശേഷം മറ്റു പക്ഷികളെ വളരെ നല്ല രീതിയിൽ പാർക്കിൽ സംരക്ഷിച്ചു പോരുന്നു. ഹെറിറ്റേജ് സൈറ്റ് നിബന്ധന പ്രകാരം അവിടെയുള്ള അപൂർവയിനം പക്ഷിമൃഗാദികളുടെ സ്വതന്ത്രമായ ജീവിതത്തിനുള്ള എല്ലാ സംരക്ഷണവും പാർക്ക് ഉറപ്പാക്കേണ്ടതാണ് .

077A2856-northern-shoveler-female

സാരസ് ക്രൈനുകളുടെ താവളമാണ് ഇവിടം. പക്ഷേ, എത്ര അലഞ്ഞു തിരിഞ്ഞിട്ടും ആകെ ഒരു കുടുംബത്തിനെ മാത്രമെ കാണാൻ സാധിച്ചുള്ളൂ. ആ വിഷമം  ഡാൽമേഷ്യൻ പെലിക്കനുകൾ തീർത്തു തന്നു. കൂട്ടത്തോടെ പറന്നിറങ്ങിയും യാനങ്ങൾ പോലെ ഒഴുകി നടന്നും അവ കാഴ്ചക്കാർക്കു സന്തോഷം പകർന്നു. കരയ്ക്കു കയറി തൂവലുകൾ ചീകി മിനുക്കുന്നതും കൂട്ടത്തോടെ പറന്നു പൊങ്ങി സൂര്യാസ്തമയം ആസ്വദിക്കുന്നതും കൗതുക കാഴ്ച തന്നെ. ഒരു ചെറിയ പെലിക്കൻ കുഞ്ഞിന് പോലും ദിവസം അഞ്ചു കിലോ മീൻ വേണം ആഹാരമായിട്ട്. അപ്പോൾ ഇത്രയും പെലിക്കനുകളെയും ബാക്കിയുള്ള നീർപക്ഷികളെയും സമൃദ്ധമായി ഊട്ടാൻ വേണ്ട മീനുകൾ തടാകങ്ങളിലുണ്ടെന്നർഥം.  ഓരോ പക്ഷിയും വ്യത്യസ്ത സൗന്ദര്യം കാഴ്ച വയ്ക്കുന്നു. കടൽ പോലെ, മലനിരകൾ പോലെ, പൂക്കൾ പോലെ കണ്ടാൽ മടുക്കാത്ത സൗന്ദര്യം.

കാലാവസ്ഥയായിരുന്നു ഈ യാത്രയിലെ വില്ലൻ. അതുകൊണ്ടു തന്നെ നൂറു ശതമാനം സംതൃപ്തിയോടെയല്ല ഡൽഹിയിലേക്ക് തിരിച്ചു പോയത്. കേവൽ ദേവന്റെ ഉദ്യാനം ഒരുപാടുകാഴ്ച സമ്മാനിച്ചു. ചിലത് ഒളിപ്പിച്ചു വച്ചു. ഇനിയും വരണം അപ്പോൾ കൂടുതൽ ചിത്രങ്ങൾ സമ്മാനിക്കാമെന്നു പറയാതെ പറഞ്ഞു.

brtdybdh
Tags:
  • Manorama Traveller
  • Travel India