Wednesday 07 August 2019 04:26 PM IST : By സ്വന്തം ലേഖകൻ

ലഡാക്കിന്റെ പ്രതിനിധിയാണ് ഞാൻ, അഭിപ്രായം പറയേണ്ടത് ഞാനാണ്! 35 വയസ്സുകാരൻ എംപിക്ക് കയ്യടിച്ച് സമൂഹ മാധ്യമങ്ങൾ

Jamyang-Tsering-Namgyal1

ലഡാക്കിൽ നിന്നുള്ള ബിജെപിയുടെ എംപി ജമിയാങ് സെറിങ് നംഗ്യാലിന്റെ ലോകസഭയിലെ തീപ്പൊരി പ്രസംഗം ഇന്നലെ തൊട്ട് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. കാശ്മീർ ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ മറ്റു സംസ്ഥാനക്കാരായ പ്രതിപക്ഷ എംപിമാർ എതിർപ്പുമായി രംഗത്തുവന്നപ്പോൾ സ്വന്തം നാടിന്റെ പൈതൃകത്തെയും ഭാഷയെയും കൂട്ടുപിടിച്ച് ഈ യുവ എംപി നടത്തിയ പ്രസംഗം സ്പീക്കറും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ പ്രശംസയ്ക്കു പാത്രമായി. പിന്നാലെ തന്നെ പ്രസംഗം സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു.

"ഞാൻ ലഡാക്കിൽ നിന്നാണ്, ഈ വിഷയത്തിൽ ഞാനാണ് അഭിപ്രായം പറയേണ്ടത്..." എന്നു തുടങ്ങിയ ജമി പിന്നീടങ്ങോട് കവിതയും ഉദ്ധരണികളുമായി കത്തിക്കയറുകയായിരുന്നു. ആവേശത്തിന്റെ മാപിനിയിലെ രസം ഉയർന്നപ്പോൾ കയ്യടിച്ചവരിൽ പൊതുവേ സീരിയസ്സായ അമിത് ഷാ ഉൾപ്പെടെയുള്ളവർ വരെ. കശ്മീരിന്റെ യഥാർത്ഥ പ്രശ്നങ്ങൾ ജമിയാങ് വിവരിച്ചപ്പോൾ വലിയ കയ്യടിയോടെയാണ് ലോകസഭാ അംഗങ്ങൾ പിന്തുണ അറിയിച്ചത്. പ്രസംഗത്തിനൊടുവിൽ കശ്മീരിൽ നിന്നുള്ള പുലിക്കുട്ടിയെ അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും ഉണ്ടായിരുന്നു. വെറും മുപ്പത്തിയഞ്ചു വയസ്സ് മാത്രമുള്ള ജമിയാങിന്റെ പ്രസംഗം വൈറലായതോടെ ഭാവി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു മുതൽക്കൂട്ടാവുമെന്നാണ് സൈബർ ലോകം ഒന്നടങ്കം പറയുന്നത്. 

സ്റ്റാൻസിൻ ഡോർജെയുടെയും ഇഷ്‌ലെ പുട്ടിറ്റിന്റെയും മകനായി ലേയിലെ മാത്തോ ഗ്രാമത്തിലാണ് ജമിയാങ്ങിന്റെ ജനനം. സോനം വാങ്‌മോയാണ് ജമിയാങ്ങിന്റെ പത്നി. ലേയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസ്സായ ജമിയാങ് ജമ്മു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം എടുത്തു. 2011–12 ൽ ലഡാക്ക് സ്റ്റുഡന്റസ് അസോസിയേഷനിലൂടെയാണ് ജമിയാങ്ങിന്റെ രാഷ്ട്രീയ അരങ്ങേറ്റം. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ജമിയാങ് ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിലിന്റെ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. എട്ടാമത്തെ ചീഫ് എക്സിക്യൂട്ടിവ് കൗൺസിലറായിരുന്നു അദ്ദേഹം. പിന്നീടാണ് ബിജെപി എംപിയായി പാർലമെന്റിൽ എത്തുന്നത്.

Jamyang-Tsering-Namgyal4

ജമിയാങ് ലോക്സഭയിൽ നടത്തിയ പ്രസംഗത്തിന്റെ ഏകദേശ രൂപം ഇങ്ങനെ;

"നിങ്ങളെപ്പോലെ ഞാനിവിടെ കശ്മീരിനേക്കുറിച്ച് പുസ്തകങ്ങൾ വായിച്ചു പഠിച്ചിട്ടല്ല വരുന്നത്. അവിടെനിന്ന് യാഥാർത്ഥ്യം നേരിട്ട് മനസ്സിലാക്കിയാണ് സഭയിലെത്തുന്നത്. ഇന്നലെ മുതൽ എല്ലാവരും തുല്യതയെക്കുറിച്ച് സംസാരിക്കുന്നു. ആർട്ടിക്കിൾ 370 നീക്കം ചെയ്താൽ സമത്വം നിലനിൽക്കില്ലെന്ന് പറയുന്നു. പണ്ട് എന്തിനാണ് പണം സ്വരൂപിച്ചത്? ജമ്മു കശ്മീർ വികസനത്തിനും ലഡാക്കിനുള്ള മുഴുവൻ തുകയും കശ്മീരിലേക്ക് മാറ്റി. ഇത് നിങ്ങളുടെ സമത്വമാണോ? 

ലഡാക്കിന് എന്ത് സംഭവിക്കും എന്ന് പറഞ്ഞ് ഇന്നലെ രാജ്യസഭയിലെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഒറ്റശ്വാസത്തിൽ നിന്ന് അലറുകയായിരുന്നു. എനിക്ക് അദ്ദേഹത്തോട് ചോദിക്കണം, 2008 ൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സർക്കാർ എട്ട് ജില്ലകൾ പുതിയതായി സൃഷ്ടിച്ചു. ജമ്മുവിനും കശ്മീരിനും കിട്ടിയ ജില്ലകൾ നാലെണ്ണം. എന്നാൽ ലഡാക്കിന് ഒന്നും ലഭിച്ചില്ല. ഇത് നിങ്ങളുടെ സമത്വമാണോ? 

Jamyang-Tsering-Namgyal3

കോൺഗ്രസ്സുകാർ ഇത്രയും കാലം ലഡാക്കിനായി ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും അനുവദിച്ചിട്ടില്ല. ഇത് നിങ്ങളുടെ സമത്വമാണോ? അടുത്തിടെ ലഡാക്കിന് നരേന്ദ്ര മോദി സർക്കാരിനു കീഴിൽ ആദ്യത്തെ സർവകലാശാല ലഭിച്ചു. നിങ്ങൾ കശ്മീരിയെയും ഡോഗ്രിയെയും ഷെഡ്യൂൾ ചെയ്ത ഭാഷകളാക്കി. പക്ഷേ, ലഡാക്കി ജനതയുടെ ഭാഷയ്ക്ക് വേണ്ടി എന്തുചെയ്തു?

കശ്മീരിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് തികച്ചും വിരോധാഭാസമാണ്, കാരണം അവർ ഒരുവശത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. എന്നാൽ മറുവശത്ത് അവർക്ക് പ്രയോജനമുള്ള സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നു. രണ്ടു കുടുംബങ്ങളിലെ അംഗങ്ങൾ കശ്മീർ ഇപ്പോഴും തങ്ങളുടെ പിതാവിന്റെ സ്വത്താണെന്നാണ് കരുതുന്നത്. "- ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിനെയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് നംഗ്യാൽ പറഞ്ഞത് ഇങ്ങനെ.

പാർലമെന്റിന്റെ ആദ്യ സെഷനിൽ പ്രസംഗത്തിലൂടെ താരമാകുന്ന രണ്ടാമത്തെ യുവ എംപിയാണ് ജമിയാങ്. നേരത്തേ തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയിത്ര കന്നി പ്രസംഗത്തിലൂടെ സദസ്സിനെ കയ്യിലെടുത്തിരുന്നു. നരേന്ദ്ര മോദി സർക്കാരിനെതിരേ ആഞ്ഞടിച്ച മഹുവയുടെ വാക്കുകൾ മുഴുവൻ പ്രതിപക്ഷത്തിന്റെയും ശബ്ദമായാണ് അന്ന് പാർലമെന്റിൽ മുഴങ്ങിയത്. 

mp-ladak
Tags:
  • Spotlight
  • Social Media Viral
  • Inspirational Story