Tuesday 24 July 2018 05:37 PM IST

ബ്ലൂവെയിൽ ഗെയിമല്ല, കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ വില്ലൻ; സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധൻ രതീഷ് ആർ. മേനോൻ പറയുന്നു

Rakhi Parvathy

Sub Editor

blue_whale_real

ബ്ലൂ വെയിൽ ഗെയിം കളിച്ച് കുട്ടികൾ ആത്മഹത്യചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ ഏറെ ഭീതി ജനിപ്പിക്കുകയാണ്. കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കാനോ വിഡിയോ ഗെയിമെന്നു കേട്ടാലോ പോലും നെഞ്ചിൽ തീയാണ് മാതാപിതാക്കൾക്ക്. കേരളത്തിൽ തിരുവനന്തപുരത്തും കണ്ണൂരിലും സ്കൂൾ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതിന് പിന്നിൽ ബ്ലൂവെയിൽ ഗെയിമാണെന്ന് വാർത്തകൾ കൂടി വന്നതോടെ ഏറെ ആശങ്കയാണ് എല്ലാവർക്കും. എന്നാൽ ബ്ലൂവെയിൽ ഗെയിം കളിച്ചാണ് ഇവർ ആത്മഹത്യ ചെയ്തത് എന്ന് ഇതുവരെ ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ല.

ആത്മഹത്യ ചെയ്ത കുട്ടികൾ ഇരുവരും തന്നെ കടുത്ത മാനസിക സംഘർഷങ്ങളിലേർപ്പെട്ടിരുന്നതായും അത് അവരുടെ സോഷ്യൽമീഡിയ പേജിൽ തന്നെ വ്യക്തമാണെന്നും രതീഷ് പറയുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഇക്കാര്യത്തിൽ സംശയാസ്പദമെങ്കിലും വസ്തുതാപരമായ അഭിപ്രായം പറയാഞ്ഞത് ജനങ്ങളിൽ ഈ ഗെയിം തങ്ങളുടെ കുട്ടികളെ വിഴുങ്ങുകയാണെന്ന ഭയം ജനിപ്പിക്കുന്നു. എന്നാൽ ആപ്പ് സറ്റോറുകളിലും മറ്റും ഇത് ലഭ്യമല്ലാത്തതിനാൽ കുട്ടികൾക്ക് ഇവയിലേക്ക് എത്തിപ്പെടാൻ കഴിയുകയില്ല. ഇവ സാധാരണ ബ്രൗസറുകളിൽ ലഭ്യമല്ലാത്തതിനാൽ ഗെയിം നടക്കുന്ന ഗ്രൂപ്പുകൾ തേടി പോകാനോ കുട്ടികളിലേക്ക് അവർക്ക് എത്താനോ കഴിയുകയുമില്ല എന്നാണ് രതീഷ് വ്യക്തമാക്കുന്നത്.

കുട്ടികളുടെ പ്രശ്നങ്ങൾ അറിയാൻ മാതാപിതാക്കൾ ശ്രമിക്കണമെന്നും യഥാ സമയങ്ങളിൽ അവർക്ക് നൽകുന്ന ശരിയായ പിന്തുണ ഇത്തരം ഗെയിം കുരുക്കുകളിൽ കുടുങ്ങാതെ അവരെ രക്ഷിക്കുമെന്നുമാണ് രതീഷ് ആർ മേനോൻ പറയുന്നത്. ബ്ലൂവെയിൽ ഗെയിമിങ്ങിനെ കുറിച്ച് ഇക്കാ്ര്യത്തിൽ നടത്തിയ വസ്തുതാപരമായ അന്വേഷണ വിവരങ്ങൾ രതീഷ് വനിത ഓൺലൈനോട് പറയുന്നതിങ്ങനെ.

‘ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്ന മനുവിന്റെ ടൈം ലൈനിലെ അധിക പോസ്റ്റുകളും ആ കുട്ടിയെ ആരോ ഇഗ്നോര്‍ ചെയ്യുന്നത് മൂലം വിഷമമുണ്ടാക്കുന്നു, ആരേയും വിശ്വസിക്കാന്‍ ആവില്ല എന്ന തരത്തിലുള്ള സങ്കട പോസ്റ്റുകള്‍ ആണ്. എന്നാൽ അവയൊന്നും ബ്ലൂവെയിൽ ഗെയിമിങ്ങുമായി ബന്ധമുള്ളതോ ബ്ലൂവെയിൽ എന്ന ഹാഷ് ടാഗുകളോ മറ്റോ അവൻ ഉപയോഗിച്ചതായോ ഒന്നും സൂചനകൾ നൽകുന്നില്ല. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മ അവന്റെ കയ്യിൽ മുറിവുകളുള്ളതായി പറഞ്ഞിരുന്നു. എന്നാൽ ബ്ലൂവെയിൽ ഗെയിമിങ്ങിന്റെ യാതൊരു സൂചനയും ഇല്ല, വ്യക്തിബന്ധമുണ്ടായിരുന്ന പേരുകളായിരിക്കാം ആ മുറിപ്പാടുകൾ സൂചിപ്പിച്ചിരുന്നത്.

കുട്ടികളെ സാഹസിക പ്രവർത്തനങ്ങൾക്ക് നയിക്കുന്ന ചില പേഴ്സണൽ ഗ്രൂപ്പുകൾ വഴി ആണ് ഇവർ ചെയ്തെന്നിരിക്കട്ടെ അത് സോഷ്യൽമീഡിയ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും സംഭവിക്കാവുന്നതാണ്. കടുത്ത മാനസിക സംഘർഷങ്ങളോ ഒറ്റപ്പെടലോ പ്രണയ നൈരാശ്യമോ ഒക്കെ ഉണ്ടാകുമ്പോൾ ആരോടും തുറന്നു പറയാനാകാതെ അവർ ജീവിതത്തിൽ നിന്നു തന്നെ ഒളിച്ചോടുന്നതാണ് ഇത്തരം പ്രവണതകൾ. ടെലഗ്രാം, വാട്ട്സ്ആപ്പ്, സ്നാപ് ചാറ്റ് എന്നിവ പോലുള്ള പ്രൈവറ്റ് മെസേജിങ് സോഷ്യൽമീഡിയയിലാണ് ഇത് നടക്കുന്നത് എന്നും പറയുന്നുണ്ട്. എന്നാൽ ഇതിന്റെ ഡേറ്റ കണ്ടുപിടിക്കാനാകില്ല. പക്ഷെ ചിലഗ്രൂപ്പുകൾ നിരാശരായ കുട്ടികളെക്കൊണ്ട് തെറ്റായ കാര്യങ്ങൾ ചെയ്യിക്കുവാനും അവരുടെ സ്വകാര്യ താൽപര്യങ്ങൾ നിറവേറാനും ഉപയോഗപ്പെടുത്തുന്നുണ്ടാകാം.

ഇത്തരം കാര്യങ്ങൾ ചെയ്യുന്ന കുട്ടികൾ ചിലപ്പോൾ ബ്ലാക്മെയിലിങ്ങിൽ കുടുങ്ങി ആത്മഹത്യ ചെയ്യാനും സാധ്യത ഏറെയാണ്. കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണം നൽകുകയാണ് വേണ്ടത്. എന്തും തുറന്നു പറയാൻ കുട്ടികൾക്ക് അവസരം നൽകാം. ഫോൺ ലോക്ക് ചെയ്ത് സൂക്ഷിക്കാൻ അനുവദിക്കുകയുമരുത്.

വെബ് ലോകത്ത് സാധാരണ എത്തിപ്പെടാൻ കഴിയാത്ത ചില നിരോധിത ബ്രൗസറുകളിലൂടെ മാത്രം പരക്കുന്ന ഇത്തരം ട്രാക്ക്ഡ് ഗെയിമുകളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. അത് ചിലപ്പോൾ നാളെ മറ്റൊരു പേരിൽ പ്രത്യക്ഷപ്പെടാം. ഇത് ഗെയിമിങ്ങല്ല എന്നതാണ് വസ്തുത. ഈ പറയുന്ന ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ പ്രൊഫൈലുകൾ എങ്കിലും ഈ മാതാപിതാക്കൾ പരിശോധിച്ചിരുന്നെങ്കിൽ അപകടം ഒരു പരിധി വരെ തിരിച്ചറിയാമായിരുന്നു.’

എങ്ങനെ തടയാം

ബ്ലൂവെയിൽ എന്ന ഗെയിമിനെ കുറിച്ചുള്ള വിവരം മാത്രമായിരുന്നു റഷ്യൻ വെബ്സൈറ്റിൽ ആദ്യം കാണപ്പെട്ടത്. ഇത് ചില വ്യക്തികൾ ‘ചാലഞ്ച് ഗെയിമിങ്ങി’ നായി ഉപയോഗപ്പെടുത്തിയതാണ്. ക്യൂറേറ്റേഴ്സ് അല്ലെങ്കിൽ ചില വ്യക്തിഗത ചാറ്റ് ഗ്രൂപ്പുകളിലെ അഡ്മിൻസ് ഹാഷ് ടാഗുകൾ വഴിയാണ് ചാലഞ്ചുകൾ ചെയ്യുന്ന വ്യക്തികളെ കണ്ടെത്തുന്നത്. ഇത്തരം അഡ്മിൻസിനെയോ ചാലഞ്ച് ഗെയിം നടത്തുന്നവരെയോ കണ്ടെത്തുകയും സാധ്യമല്ല. കാരണം ഇത്തരം ഹാഷ് ടാഗുകൾ സെർച്ച് ചെയ്താൽ ഗവൺമെന്റിന്റെയും പ്രൊട്ടക്ഷൻ സോഫ്റ്റ്‌വെയറുകളുപയോഗപ്പെടുത്തുന്ന ടെക് വിദഗ്ധരുടെയോ സഹായത്തോടെ വാണിങ് എന്ന മെസേജാണ് പ്രത്യക്ഷപ്പെടുക. അത് കൊണ്ട് തന്നെ റിസൾട്ട് ആയി വരുന്നത് ഇത്തരം ഹാഷ്ടാഗിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും മറ്റുമാണ്.

വിവരങ്ങൾക്ക് കടപ്പാട്– രതീഷ് ആർ. മേനോൻ, സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധൻ.