Thursday 28 March 2024 10:40 AM IST : By സ്വന്തം ലേഖകൻ

ബോട്ടുദുരന്തത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെട്ടു; രക്ഷപ്പെട്ട രണ്ട് മക്കളുമായി ചികിത്സ തേടി അലഞ്ഞ് മുഹമ്മദ് ജാബിർ

malappuram-jarshah

തിരൂർ താനൂർ ബോട്ടുദുരന്തത്തിൽ ഭാര്യയെയും മകനെയും നഷ്ടമായതിനു പിന്നാലെ രക്ഷപ്പെട്ട 2 മക്കളുമായി ആശുപത്രികൾ തോറും ചികിത്സ തേടി അലയുകയാണ് മുഹമ്മദ് ജാബിർ. പരപ്പനങ്ങാടി കുന്നുമ്മൽ മുഹമ്മദ് ജാബിറിന്റെ ഭാര്യ ജൽസിലയും ജരീറും അപകടത്തിൽ മരിച്ചിരുന്നു. അന്ന് പെൺമക്കളായ ജർഷയും ജന്നയും രക്ഷപ്പെട്ടിരുന്നു. എന്നാൽ മിടുക്കിയായി വളർന്നിരുന്ന ജർഷയ്ക്ക് (10) അപകടത്തെ തുടർന്ന് ചില പ്രശ്നങ്ങളുണ്ടായി. സംസാരം കുറയുകയും ശരീരത്തിനു ബലം നഷ്ടപ്പെട്ടു പോകുകയുമായിരുന്നു. 

വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ശ്രമിക്കുമ്പോൾ കൃത്യമായി അവളുടെ കുഞ്ഞു കൈകൾ വായയ്ക്ക് അടുത്തെത്തിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. വെള്ളത്തിൽ മുങ്ങിപ്പോയ സമയത്ത് തലച്ചോറിൽ വെള്ളം കയറിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് കരുതുന്നത്. നടക്കുമ്പോഴും ബലക്കുറവുണ്ട്. ഇതുകാരണം കഴിഞ്ഞ ദിവസം നിലത്തു വീണ് കാലിന്റെ എല്ലു പൊട്ടി. 

അടുത്ത കാലത്തായി രണ്ടാമത്തെ മകൾ ജന്നയ്ക്കും (8) ചില പ്രശ്നങ്ങൾ തുടങ്ങിയിട്ടുണ്ട്. കഠിനമായ തലവേദനയും അതുകാരണം ബോധക്കേടുണ്ടാകുന്ന സ്ഥിതിയുമാണ് ജന്നയ്ക്കുള്ളത്. അപകട മരണത്തെ തുടർന്ന് സർക്കാർ നൽകിയ പണത്തിലെ നല്ലൊരു പങ്കും ഇവരുടെ ചികിത്സയ്ക്കായി ജാബിർ ചെലവിട്ടു കഴിഞ്ഞു. ചികിത്സയും മറ്റുമായി നടക്കുന്നതിനാൽ ബോട്ടപകടത്തിനു ശേഷം ഇതുവരെ മത്സ്യത്തൊഴിലാളിയായ ജാബിറിന് ജോലിക്കു പോകാൻ സാധിച്ചിട്ടില്ല. ഇവരുടെ ബന്ധു കൂടിയായ വള്ളിക്കുന്ന് കുഞ്ഞാലകത്ത് മൻസൂറിന്റെ മകൾ ആയിഷ മഹ്റിനും അപകടത്തെ തുടർന്ന് ചില പ്രശ്നങ്ങളുണ്ട്. 

ആയിഷ മഹ്റിനും അപകടത്തിൽ പെട്ടിരുന്നു. കേൾവി സംബന്ധമായ പ്രയാസങ്ങളാണ് ഈ 2 വയസ്സുകാരി കുട്ടി നേരിടുന്നത്. സംസാരിക്കാനുള്ള പ്രയാസങ്ങളുമുണ്ട്. നിരന്തരം തെറപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. ബോട്ടപകടത്തിൽ പെട്ടവർക്ക് ചികിത്സ ആവശ്യമെങ്കിൽ അതിനുള്ള സാമ്പത്തിക സഹായം നൽകാമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്നാണ് ജാബിറും മൻസൂറുമെല്ലാം പറയുന്നത്. ഇതിനായി ഇടപെടണമെന്ന് കാട്ടി ഇന്നലെ ഇവർ അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനനെ കാണാനെത്തിയിരുന്നു. എന്നാൽ ഇത് കമ്മിഷന്റെ പരിധിയിൽ പെടാത്ത കാര്യമാണെന്ന മറുപടിയാണ് ലഭിച്ചത്.

Tags:
  • Spotlight