Wednesday 22 January 2020 07:00 PM IST : By സ്വന്തം ലേഖകൻ

മഹർമാല വേണ്ട, പകരം നൂറു പുസ്തകങ്ങൾ മതിയെന്ന് മണവാട്ടി; വാങ്ങി നൽകി വരൻ; ഹൃദയം നൽകി സോഷ്യൽ മീഡിയ

mahar

‘പൊന്നും പണവും മഹർമാലയും വേണ്ട, പകരം, മഹറായി പുസ്തകങ്ങള്‍ മതി.’ പുസ്തകങ്ങളെ ഉയിരായി പ്രണയിച്ചവൾ പുതുമാരനു മുന്നിലേക്ക് വച്ച ഡിമാന്റ് അതായിരുന്നു. മനസിലെ ഇഷ്ടം ഒടുവിൽ മഹറിന്റെ രൂപത്തിൽ സാക്ഷാത്കരിച്ചപ്പോൾ ഇന്നോളം കണ്ടിട്ടുള്ള വിവാഹ നിമിഷങ്ങളിൽ വച്ചേറ്റവും ഹൃദ്യമായ നിമിഷമായി മാറി. ഞൊടിയിട കൊണ്ട് ആ പുസ്തക പ്രേമം സോഷ്യൽ മീഡിയയിൽ വൈറലുമായി.

അക്ഷരങ്ങളെ പ്രണയിച്ച ആ മണവാട്ടിയുടെ പേര് അജ്ന. അജ്നയുടെ ഇഷ്ടം നടത്തിക്കൊടുത്ത നല്ലപാതി ചടയമംഗലം പോരെടം വെള്ളച്ചാലിൽ ഇജാസ് ഹക്കിം. വിവാഹ വേളയിൽ നൂറു പുസ്തകങ്ങൾ ആണ് ഇജാസ് മഹറായി നൽകിയത്.

m1

വിവാഹത്തിനു വേണ്ടി മുസ്‌ലിംകൾക്കിടയിൽ വരൻ വധുവിന് മഹര്‍ നല്‍കുന്ന ചടങ്ങുണ്ട്. മഹർ സ്ത്രീകൾക്കുള്ള അവകാശമാണ്. അതിനാൽ പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നൽകണമെന്ന് അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല. വിവാഹമൂല്യം എത്രയാവണമെന്ന് ഇസ്‌ലാം കൃത്യമായി നിർണയിച്ചിട്ടില്ല. മര്യാദയനുസരിച്ചു നൽകണമെന്ന് നിർദ്ദേശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.