Wednesday 27 January 2021 04:52 PM IST : By സ്വന്തം ലേഖകൻ

അന്ന് ‘ആത്മാവിനെ വേർപെടുത്തിയ’ കാഡൽ ജിൻസൺ, ഇന്ന് പുനർജന്മത്തിൽ വിശ്വസിച്ച അച്ഛനും അമ്മയും: കുറിപ്പ്

jinson-cadal

അന്ധവിശ്വാസം തലയ്ക്കു പിടിച്ചപ്പോൾ മക്കളെ കൊന്നുതള്ളിയ അച്ഛനും അമ്മയും. അവർ അഭ്യസ്തവിദ്യരും അധ്യാപകരുമാണ് എന്നതാണ് ഏറ്റവും ലജ്ജിപ്പിക്കുന്ന കാര്യം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ 27കാരി അലേഖ്യ, 22കാരി സായ് ദിവ്യ എന്നിവരുടെ കൊലപാതകമാണ് ഭീതിജനിപ്പിക്കുന്നത്. മക്കളുടെ പുനർജനിക്കുമെന്ന് വിശ്വസിച്ച അച്ഛന്‍ പുരുഷോത്തം നായിഡു അമ്മ പത്മജ എന്നിവരാണ് ഈ കൊലപാതകങ്ങൾക്കു പിന്നിൽ. ടെക്നോളജിയുടെ കാലത്തും തലയ്ക്കുപിടിച്ച അന്ധവിശ്വാസവുമായി ജീവിക്കുന്ന ആന്ധ്രയിലെ മാതാപിതാക്കളെ മുൻനിർത്തി ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് അധ്യാപിക കൂടിയായ ഡോ. അനുജ ജോസഫ്. തലച്ചോറ് പ്രവർത്തനരഹിതമായ ആ മാതാപിതാക്കളെ ഓർക്കുമ്പോൾ വിഷമം തോന്നുന്നുവെന്ന് അനുജ കുറിക്കുന്നു. മന്ത്രവാദത്തിന്റെ പേരിലുള്ള മണ്ടത്തരങ്ങളിൽ തലവച്ച് ജീവിതം പാഴാക്കരുതെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ആന്ധ്രാപ്രദേശിൽ,അന്ധവിശ്വാസത്തെ കൂട്ടു പിടിച്ചു മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളെ ഓർക്കുമ്പോൾ ഭീതി നിറയുന്നു. വിദ്യാസമ്പന്നരായ അപ്പനും അമ്മയും, 27, 22വയസ്സുള്ള രണ്ടു പെൺമക്കളെയും കൊല ചെയ്യാനുള്ള കാരണം അവർ പുനർജനിക്കുമെന്ന വിശ്വാസത്തിലും!

ഉള്ള ജന്മത്തിൽ മക്കൾക്ക്‌ കൊടുക്കാൻ കഴിയാത്ത എന്തു സ്നേഹമാണ് ഇനി പുനർജനിക്കുമ്പോൾ, കഷ്ടമെന്നേ പറയാനാകൂ, ഇത്രയ്ക്കും തലച്ചോറ് പ്രവർത്തനരഹിതമായി പോയല്ലോ ഇവരുടേതെന്നു ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു.

കെമിസ്ട്രി പ്രൊഫസർ ആയ അപ്പനും പ്രിൻസിപ്പൽ ആയ അമ്മയും കൂടി പുനർ ജന്മം പറഞ്ഞു നഷ്‌ടപ്പെടുത്തിയത് അവരുടെ രണ്ടു മക്കളെയും.പ്രകൃതി ശക്തികൾ തങ്ങളോട് മക്കളെ കൊല്ലുവാൻ പറഞ്ഞെന്നൊക്കെയുള്ള മുടന്തൻ ന്യായങ്ങൾ കാണുമ്പോൾ, ദുരന്തം എന്നല്ലാണ്ട് എന്താ പറയുന്നേ.

ആസ്ട്രൽ പ്രൊജക്ഷൻ അഥവാ ആത്മാവിനെ ശരീരത്തിൽ നിന്നു വേർപെടുത്തൽ പോലുള്ള മാനസികാവസ്ഥയിൽ മുന്നോട്ടു പോകുന്നവർക്കു സംഭവിക്കാവുന്ന ദുരന്തങ്ങൾ പലതിനും നമ്മൾ ഇതിനോടകം സാക്ഷിയായി. തിരുവനന്തപുരം നന്ദൻകോട് കേഡൽ രാജയെന്ന യുവാവ് ഇത്തരത്തിൽ തന്റെ മാനസിക വിഭ്രാന്തിയിൽ വകവരുത്തിയത് സ്വന്തം കുടുംബത്തെ ആണെന്നതും മറന്നു കൂടാ.

സുബോധം നഷ്‌ടപ്പെട്ടു, പരകായ പ്രവേശമെന്നും ആഭിചാരമെന്നും പറഞ്ഞു ആരും സ്വയം വിഡ്ഢികളാവരുതെ,

അതീന്ത്രിയത്തിലൂടെ പലതും നേടിയെടുക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചു നിങ്ങളെ ചതിയിലാക്കാൻ ശ്രമിക്കുന്ന മണ്ടത്തരത്തിനു തല വയ്ക്കാതിരിക്കു. അത്തരത്തിൽ നിങ്ങളെ സമീപിക്കുന്നവരിൽ നിന്നും അകന്നു നിൽക്കുക.

ആഭിചാരം ചെയ്താൽ ധനം വരുമെന്നും പ്രശ്നങ്ങൾ മാറുമെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ചു, ജീവിതത്തിൽ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവരെ ആട്ടിപ്പായിക്കുക, അവർക്കു നിങ്ങളുടെ അന്ധവിശ്വാസത്തെ, ജീവിതത്തെ ചൂഷണം ചെയ്യുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളു.

ദൈവമെന്ന വിശ്വാസം വെളിച്ചത്തിലേക്കു നമ്മെ നയിക്കുന്നതാകണം, ഇരുട്ടിലേക്ക് നയിക്കുന്നതെന്നും ദൈവീകമല്ലെന്നു ഇനിയെങ്കിലും തിരിച്ചറിയുക.

Dr. Anuja Joseph,

Trivandrum.