Saturday 08 January 2022 12:41 PM IST : By സ്വന്തം ലേഖകൻ

‘വായിലേയും മോണയിലേയും കുടലിലേയുമടക്കം തൊലിപോയി ഭക്ഷണം ഇറങ്ങാതാകും, പല്ലുകൾ ഇളകിയാടും’; കീമോതെറാപ്പി അത്ര ചെറിയ പുള്ളിയൊന്നുമല്ല, അനുഭവക്കുറിപ്പ്

sasikala-rahim77557

"കാൻസർ ചികിത്സയിലെ കീമോ തെറാപ്പി അത്ര ചെറിയ പുള്ളിയൊന്നുമല്ല. നിങ്ങൾ കാണുന്നത് മുടി പോകുന്നത് അവരുടെ മാത്രമായിരിക്കും. മുടി പോകുന്നതോ കൺപീലികളും പുരികവും പോകുന്നതോ ഒന്നുമല്ല പ്രശ്നം.. അത് വരുമ്പോൾ വേണമെങ്കിൽ വരട്ടെ, നെവർമൈന്റ്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ, കീമോ ചെയ്യുന്നതോടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും താളം തെറ്റും. മറ്റ് അസുഖങ്ങൾക്കുള്ള മരുന്നുകൾ പലതും ഫലിക്കാതാകും. വായിലേയും മോണയിലേയും കുടലിലേയുമടക്കം തൊലിപോയി ഭക്ഷണം കീഴ്പ്പോട്ട് ഇറങ്ങാതാകും. പല്ലുകൾ എല്ലാം ഇളകിയാടും. തേങ്ങ ചേർത്ത ഒരു ഭക്ഷണവും കഴിക്കാനാകില്ല, എരിവ് അടുപ്പിക്കാനുമാകില്ല. ഡയബറ്റിക് ആയതിനാൽ എനിക്ക് മധുരവും പാടില്ല. "- കാൻസർ രോഗത്തിന്റെ തീവ്രത തുറന്നുപറയുകയാണ് ശശികല റഹിം. വേൾഡ് മലയാളി സർക്കിൾ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശശികല സ്വന്തം അനുഭവം കുറിച്ചിരിക്കുന്നത്. 

ശശികല റഹിം പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഒരുപാട് അംഗങ്ങൾ ഉള്ള ഗ്രൂപ്പാണല്ലോ.. ആർക്കെങ്കിലും ഈ പോസ്റ്റ് കൊണ്ട് സ്വയം ശ്രദ്ധിക്കാൻ തോന്നിയാൽ ഞാൻ കൃതാർത്ഥയായി..ഭയപ്പെടുത്താനല്ല, കരുതലിനു വേണ്ടിയാണ്, എന്നെ ആശ്വസിപ്പിക്കാനല്ല നിങ്ങളുടെ ആരോഗ്യശ്രദ്ധയ്ക്കു കൂടി വേണ്ടി കൂടിയാണ് എന്ന് ആദ്യമേ തന്നെ പറയട്ടേ... പോസ്റ്റ് അല്പം വലുതാണെങ്കിലും ദയവുണ്ടെങ്കിൽ വായിക്കണം..

കാൻസർ രോഗം നിങ്ങളുടെ ഫാമിലിയിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ജാഗരൂകരാകണം. റെഡ് മീറ്റ്, കരിഞ്ഞതും മൊരിഞ്ഞതും ഫ്രൈ ചെയ്തതുമായ ഭക്ഷണങ്ങൾ, ജംഗ് ഫുഡ്സ്, പെപ്സിയടക്കമുള്ള കോള പോലുള്ള സോഫ്റ്റ് ഡ്രിങ്സ് ഇവ കഴിവതും ഒഴിവാക്കണം. പൈസ പോകുമെന്ന് ചിന്തിക്കാതെ ഇടയ്ക്ക് മതിയായ ചെക്കപ്പുകൾ ചെയ്യണം. നാല്പതു വയസ്സു കഴിഞ്ഞ സ്ത്രീകൾ വർഷത്തിൽ ഒരു തവണയെങ്കിലും മാമോഗ്രാം ചെയ്യണം. കാൻസർ മൂലമുള്ള മരണങ്ങളിൽ അഞ്ചിൽ ഒന്ന് ബ്രസ്റ്റ് കാൻസർ മൂലമാണ്. 

പുരുഷന്മാർക്കും ബ്രസ്റ്റ് ക്യാൻസർ വരുന്നുണ്ട്. ഹൃദയം ഒഴികെയുള്ള ഏത് അവയവത്തിലും ഈ രോഗം ബാധിക്കാം.., ശ്രദ്ധിക്കുക.. ആരംഭത്തിൽ ആണെങ്കിൽ ചികിത്സിച്ചു മാറ്റാം. കാൻസർ ചികിത്സയിലെ കീമോ തെറാപ്പി അത്ര ചെറിയ പുള്ളിയൊന്നുമല്ല.. നിങ്ങൾ കാണുന്നത് മുടി പോകുന്നത് അവരുടെ മാത്രമായിരിക്കും. മുടി പോകുന്നതോ കൺപീലികളും പുരികവും പോകുന്നതോ ഒന്നുമല്ല പ്രശ്നം.. അത് വരുമ്പോൾ വേണമെങ്കിൽ വരട്ടെ.., നെവർമൈന്റ്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ.., കീമോ ചെയ്യുന്നതോടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും താളം തെറ്റും.., മറ്റ് അസുഖങ്ങൾക്കുള്ള മരുന്നുകൾ പലതും ഫലിക്കാതാകും.

വായിലേയും മോണയിലേയും കുടലിലേയുമടക്കം തൊലിപോയി ഭക്ഷണം കീഴ്പ്പോട്ട് ഇറങ്ങാതാകും. പല്ലുകൾ എല്ലാം ഇളകിയാടും. തേങ്ങ ചേർത്ത ഒരു ഭക്ഷണവും കഴിക്കാനാകില്ല, എരിവ് അടുപ്പിക്കാനുമാകില്ല. ഡയബറ്റിക് ആയതിനാൽ എനിക്ക് മധുരവും പാടില്ല. കട്ടിയുള്ള തൊണ്ടുള്ള ചില പഴവർഗ്ഗങ്ങൾ മാത്രം തിളച്ച വെള്ളത്തിൽ ഇട്ടുവച്ച് വേവിച്ചു കഴിക്കാം. പച്ചയായ യാതൊന്നും കഴിക്കാൻ പാടില്ല. എല്ലാം നന്നായി വേവിച്ചു കഴിക്കാം. എല്ലാ ആഴ്ചയിലും ശരീരഭാരം ഓരോ കിലോ വീതം കുറഞ്ഞ്, 69 കിലോ ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 54 കിലോ ആയി.., അതിനിയും താഴോട്ടു പോകും. അതിനു പുറമേ ശരീരത്തിലെ അസ്ഥികളുടെ അവസ്ഥ പരിതാപകരമാകും. പോരാത്തതിന് എനിക്ക് അസ്ഥികൾ തേയുന്ന അസുഖവുമുണ്ട്.. 

ഒന്നുകിൽ ചിലർക്ക് കഠിനമായ വയറിളക്കം ഉണ്ടാകും. അതിനു മരുന്നു കഴിച്ച് ഭക്ഷണം ശ്രദ്ധിച്ചാൽ മതിയെന്നു വയ്ക്കാം.. അതിനേക്കാൾ പ്രശ്നം വയറ്റിൽ നിന്ന് ഒട്ടുമേ പോകാതാകുന്നതാണ്. രണ്ടു നേരവും വയറിളക്കാൻ മരുന്നു കഴിക്കേണ്ടിവരും. എനിക്ക് എന്നിട്ടും പറ്റാതെ ഗുരുതരമായ രീതിയിൽ പൈൽസ് പ്രശ്നം ആയി സർജറി വേണ്ടി വന്നു. ഓരോ ആഴ്കൾ ഇടവിട്ട് മൂന്നു തവണ ആന്റിബയോട്ടിക്കുകൾ കഴിച്ചിട്ടും മുറിവ് പഴുക്കുന്നതല്ലാതെ ഉണങ്ങുന്നേയില്ല. ഇപ്പോൾ നാലാമത്തെ ഡോസ് ആന്റിബയോട്ടിക് ഇന്നു തുടങ്ങി.

കാൻസർ സർജറി കഴിഞ്ഞ് ഒരുമാസത്തിനു ശേഷമാണ് കീമോ ആരംഭിച്ചത്. ഗുരുതരമായ മെഡിസിൻ അലർജിയും മറ്റു രോഗങ്ങൾ മൂലമുള്ള  ആരോഗ്യപ്രശ്നങ്ങളും ഉള്ളതുകാരണം മരുന്നിന്റെ അളവു കുറച്ച് എല്ലാ ആഴ്ചയിലും ആണ് എനിക്ക് കീമോ ചെയ്യുന്നത്. അതായത് കുറച്ചെങ്കിലും ആരോഗ്യമുള്ളവർക്ക് 21 ദിവസം കൂടുമ്പോൾ ചെയ്യുന്ന ഒരു ഡോസ് മരുന്ന് എനിക്ക് മൂന്ന് ആഴ്കളിലായി തരും. എന്നാൽ രണ്ടു കീമോ കഴിഞ്ഞതോടെ പൈൽസ് സർജറി ചെയ്യേണ്ടി വന്നതു മൂലം നാല് ആഴ്ചകളിലെ കീമോ മുടങ്ങിപ്പോയിരുന്നു. ശേഷം മൂന്നാമത്തെ കീമോ ചെയ്യാൻ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം എന്റെ മനസ്സിനെ മാറ്റിമറിച്ചു.

രാജഗിരി മെഡിക്കൽ കോളേജിലെ കീമോ ഡെ കെയറിനുള്ളിൽ ഏതാണ്ട് ഒന്നര മീറ്റർ അകലത്തിൽ കർട്ടണുകൾ കൊണ്ട് വേർതിരിച്ച 21ബെഡ്ഡുകളും ഏതാനും ചില പ്രൈവറ്റ് റൂമുകളും ആണ് ഉള്ളത്. മിക്കവാറും എല്ലാം ഫുൾ ആയിരിക്കും. (ചിലപ്പോൾമാത്രം വ്യത്യാസം ഉണ്ടാകും.)

മൂന്നാമത്തെ കീമോയുടെ അന്ന് എന്റെ വലതു വശത്തെ കട്ടിലിൽ ഒരു വയസ്സുപോലും തികയാത്തൊരു പെൺകുഞ്ഞായിരുന്നു.. അതാണെങ്കിൽ ഭയങ്കരമായ കരച്ചിലും.. വേറെ എന്തെങ്കിലും അസുഖം ആകുമെന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചിട്ടും കഴിയാതെ നഴ്സിനോട് ചോദിച്ചപ്പോൾ അതും കാൻസർ തന്നെ. പെട്ടെന്ന് ഞാൻ കരച്ചിൽ അടക്കാനാവാതെ ഇമോഷണൽ ആയിപ്പോയി. നഴ്സ് ഭയന്ന്, ഞാൻ കരയുന്നതു കണ്ട് എല്ലാവരും ഓടിവരുമെന്നും മറ്റു രോഗികൾക്കും പ്രശ്നമാകും, അതുകൊണ്ട് കരയരുതെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും, ഇനി നമുക്ക് ചെയ്യാനുള്ളത് മറ്റുള്ളവർക്ക് ഈ രോഗത്തെക്കുറിച്ച് അവയർനെസ് കൊടുക്കുക എന്നത് മാത്രമാണെന്നും പറഞ്ഞു. അതോടെ അമ്പത്തഞ്ചിലേക്ക് കടക്കുന്ന എനിക്ക് ഇത്രനാളും ഈ അസുഖം പിടിപെടാതിരുന്നത് എത്ര ഭാഗ്യമാണെന്ന ചിന്തയായി. ഇനി 'പോണാൽ പോകട്ടും പോടെ...' എന്ന കരുത്തുമായി.

നാലാമത്തെ കീമോയ്ക്ക് ചെന്നപ്പോൾ ഒരു എട്ടു വയസ്സുകാരന്റെ  കരച്ചിലും.., ഇന്നലെ ആറാമത്തെ കീമോയ്ക്ക് ചെന്നപ്പോൾ ഒരു പന്ത്രണ്ടു വയസ്സുകാരന്റെ മുഖത്തെ നിസംഗതയുമാണെന്നെ വിഷമിപ്പിച്ചത്.. മറ്റുള്ളവരുടെ വിഷമങ്ങൾ ആണ് എന്നും എന്നെ വേദനിപ്പിച്ചിട്ടുള്ളത്. എന്റേത് ഇടക്ക് വേദനകൊണ്ട് തനിയേ വയലന്റായിപ്പോകുന്നത് ഒഴിവാക്കി നിർത്തിയാൽ എനിക്കു സഹിക്കാൻ കഴിയും. 2006ൽ ഞാൻ ജനപ്രതിനിധി ആയിരിക്കേ പുക്കാട്ടുപടി ജംഗ്ഷനിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് നടക്കുമ്പോൾ ആണ് "ശശികലേ.." എന്നൊരു വിളികേട്ട് റോഡിന് എതിർ സൈഡിലേക്ക് ഞാൻ നോക്കുന്നത്. ആദ്യം മനസ്സിലായില്ല. പിന്നീട് അടുത്തേക്ക് ചെന്നപ്പോൾ അമ്പരപ്പോടെ തിരിച്ചറിഞ്ഞു.

തേവയ്ക്കലിലെ എന്റെ വീടിന് (പൂർവ്വാശ്രമത്തിലെ വീട്, ഞങ്ങൾ മക്കളുടെ വിവാഹം കഴിഞ്ഞതോടെ വീതം തരാൻ വേണ്ടി അമ്മ  ആ വീടു വിറ്റു.., വർഷങ്ങൾക്ക് മുമ്പേ അമ്മയും മരിച്ചു..)  അടുത്തുള്ള കൂട്ടുകാരി ഇത്തയാണ്. തലയിൽ മുടിയൊന്നുമില്ലാതെ സ്കാർഫ് കെട്ടി. വിവരങ്ങൾ കേട്ട് ആ പെരുവഴിയാണെന്ന് മറന്നു ഞാൻ കരഞ്ഞുപോയി. അങ്ങോട്ട് ആശ്വസിപ്പിക്കേണ്ടതിനു പകരം, എന്റെ ചാപല്യത്തിന് ഞാൻ മാപ്പു ചോദിച്ചു.  വർഷങ്ങൾ കഴിഞ്ഞു അവർ മരിച്ചിട്ട്.. ഐശ്വര്യത്തിന്റെ നിറകുംഭം എന്ന് ആദ്യ പരിചയപ്പെടലിൽ തോന്നിയ മിനിച്ചേച്ചിയെ ആണ് പിന്നീട് അത്തരത്തിൽ കണ്ടത്, പാർട്ടി ഏരിയ സെക്രട്ടറി ഉദയൻ ചേട്ടന്റെ ഭാര്യ. പക്ഷേ.. അപ്പോൾ മനസ്സിൽ മുൻകരുതൽ എടുത്തിരുന്നതുകൊണ്ട് അന്ന് ഞാൻ കുഴപ്പം ഉണ്ടാക്കിയില്ല. ഇനിയും മറ്റൊരാൾക്ക് ഈ രോഗം വരല്ലേ.. എന്നാണ്.

sasikalafacebook-post
Tags:
  • Spotlight
  • Social Media Viral