Friday 09 November 2018 09:40 AM IST : By സ്വന്തം ലേഖകൻ

തലയിൽ‌ കൈവച്ച് അനുഗ്രഹിച്ച് യാത്രയാക്കി; കിരൺ പോയത് മടക്കമില്ലാത്ത യാത്രയ്ക്ക്; കണ്ണീർക്കഥ

kiran

ചെങ്ങന്നൂർ ∙ കാരയ്ക്കാട്ടെ പണി തീരാത്ത ‘കിരൺനിവാസി’ൽ നിന്നു ഗീതാകുമാരിയുടെയും തരുണിന്റെയും ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കാം. പുത്തൻ ബൈക്കിൽ ആദ്യ ദൂരയാത്രയ്ക്കു മുൻപ് അമ്മയോടും ബന്ധുക്കളോടും യാത്ര ചോദിച്ചാണു 3 ദിവസം മുൻപു കിരൺ ഇവിടെ നിന്നു പോയത്. തലയിൽ കൈവച്ച് അനുഗ്രഹിച്ചു യാത്രയാക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല മടക്കമില്ലാത്ത യാത്രയായിരുന്നു അതെന്ന്.

ഖത്തറിൽ ജോലി ചെയ്യുന്ന അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പ് കഴിഞ്ഞ മാസം അവധിക്കു നാട്ടിലെത്തിയപ്പോൾ വാങ്ങിക്കൊടുത്തതാണു ബൈക്ക്. ഏറെക്കാലത്തെ ആഗ്രഹം സാധിച്ചതിന്റെ ത്രില്ലിലായിരുന്ന കിരൺ കോയമ്പത്തൂരിലെ സഹപാഠികളെ ബൈക്ക് കാണിക്കാനായാണു 5നു പോയത്. പോകും മുൻപ് അടുത്തു തന്നെ താമസിക്കുന്ന പിതൃസഹോദരൻമാരായ സുരേന്ദ്രനാഥക്കുറുപ്പിന്റെയും സുകുമാരക്കുറുപ്പിന്റെയും വീടുകളിലുമെത്തി.

ഫുട്ബോൾ പ്രേമിയായിരുന്നു കിരൺ. വീടിനു മുന്നിലും കാരയ്ക്കാട്ടെ മൈതാനത്തുമൊക്കെ ഫുട്ബോൾ കളിച്ചിരുന്നത് ഓർത്തു വിതുമ്പുകയാണു പിതൃസഹോദരപുത്രൻ സൂരജ്. 5നു സുഹൃത്ത് ശങ്കർകുമാറിനൊപ്പം കൊച്ചിയിൽ ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു എഫ്സി ഫുട്ബോൾ മത്സരം കണ്ട ശേഷം കൊടൈക്കനാലിലേക്കു പോയി. പിന്നീടു കോയമ്പത്തൂർ കർപ്പകം എൻജിനീയറിങ് കോളജിലെത്തി. അവിടെ നിന്നു തിരികെ വരും വഴിയാണ് അപകടം.

അപകടം കണ്ടു തകർന്ന് സുഹൃത്ത്

∙ കിരൺ കൃഷ്ണന്റെയും ശങ്കർകുമാറിന്റെയും സുഹൃത്ത് അടൂർ സ്വദേശി ജോജി അപകടം കണ്ടു തളർന്നു വീണു. തീ അണയ്ക്കാൻ ജോജി നാട്ടുകാർക്കൊപ്പം ഏറെ ശ്രമിച്ചിരുന്നു. ശങ്കർകുമാർ തീയിൽപ്പെട്ടു പിടയുന്നതു കണ്ടു ജോജി റോഡിൽ തളർന്നുവീഴുകയായിരുന്നു. പൊലീസ് എത്തി ജോജിയെ സ്റ്റേഷനിലേക്കു മാറ്റി. മണിക്കൂറുകളോളം അപകടദൃശ്യത്തിന്റെ ആഘാതത്തിലായിരുന്നു ജോജി. പിന്നീടു ജോജിയിൽ നിന്നാണ് അപകടത്തിൽ പെട്ടവരെപ്പറ്റിയുള്ള വിവരം പൊലീസിനു ലഭിച്ചത്.

ദീപാവലി അവധിക്കു നാട്ടിലുണ്ടായിരുന്ന ശങ്കറും കിരണും ജോജിയും കഴിഞ്ഞ ദിവസം കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം കണ്ടശേഷമാണു കൊടൈക്കനാലിൽ എത്തിയത്. പിന്നെ മൂന്നുപേരും രണ്ടു ബൈക്കിലായി നാട്ടിലേക്കു തിരിച്ചു. രണ്ടു ദിവസം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ മരണം ജോജിയെ ആകെ തളർത്തി. നാട്ടിൽനിന്നെത്തിയവർക്കൊപ്പമാണ് ജോജി വീട്ടിലേക്കു പോയത്.

തീ പടർന്നതു ഡീസൽ ടാങ്കിൽ 

∙ ലോറിയുടെ ഡീസൽ ടാങ്കിൽ ബൈക്ക് ഇടിച്ചതാണു തീ പടരാൻ കാരണമെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. 500 സിസി ബൈക്കിന്റെ ക്രാഷ് ഗാർഡ് ഡീസൽ ടാങ്കിൽ ഇടിച്ചപ്പോൾ ടാങ്ക് പൊട്ടിയെന്നും ഡീസലിനു തീപിടിച്ചു ബൈക്കിലേക്കു പടർന്നെന്നുമാണു കരുതുന്നത്. വളരെ ദൂരം ഓടിയതിനാൽ ബൈക്കിന്റെ എൻജിൻ ചൂടായ നിലയിലായിരുന്നു. രാത്രി മുഴുവൻ ബൈക്ക് ഓടിച്ചതിന്റെ ക്ഷീണവും അപകടത്തിനു കാരണമായേക്കാമെന്നാണു മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.

എംവിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ അപകട സ്ഥലത്തു പരിശോധന നടത്തി. തീ കെടുത്താനും റോഡ് കഴുകാനും അഗ്നിശമന സേന സ്റ്റേഷൻ ഓഫിസർ ഡി.ബൈജു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.സുരേഷ്, ലീഡിങ് ഫയർമാൻ നാസറുദീൻ എന്നിവർ നേതൃത്വം നൽകി.

More