Wednesday 21 February 2024 11:03 AM IST : By സ്വന്തം ലേഖകൻ

മിഠായി ഭരണിയില്‍ പെട്രോളുമായെത്തി തീ കൊളുത്തി; അമ്മയ്ക്ക് തൊട്ടുപിന്നാലെ അച്ഛനും പോയി, അനാഥരായത് രണ്ടു കുരുന്നുകള്‍

shyam-arathi7788

ചേര്‍ത്തലയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഭര്‍ത്താവും ഇന്നലെ മരണത്തിന് കീഴടങ്ങി. ഇതോടെ അനാഥരായത് ഒന്‍പതും മൂന്നര വയസ്സും മാത്രം പ്രായമുള്ള രണ്ട് കുരുന്നുകളാണ്. വെട്ടയ്ക്കൽ വലിയവീട്ടിൽ ആരതിയെയാണ് ഭർത്താവ് ശ്യാം ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ സ്കൂട്ടർ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. 

മിഠായി ഭരണിയിലായിരുന്നു ഇയാള്‍ പെട്രോളുമായി എത്തിയത്. തീ പടർന്നതോടെ ആരതി 100 മീറ്ററോളം ദൂരം നിലവിളിച്ചുകൊണ്ട് സമീപത്തെ ഒരു വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. ഇവിടെയുണ്ടായിരുന്നവരാണ് തീ അണച്ച് ആരതിയെ ആശുപത്രിയിലെത്തിച്ചത്. ആരതി ഓടിയ ഭാഗത്തെല്ലാം വസ്ത്രത്തിന്റെ ഭാഗങ്ങളും ഹെൽമറ്റും ഉരുകിവീണു തീ പടർന്നിരുന്നു. തീയണയ്ക്കുമ്പോഴും ആരതിക്കു ബോധമുണ്ടായിരുന്നതായി സമീപവാസിയായ സ്ത്രീ പറഞ്ഞു. വെള്ളം നൽകിയ ശേഷമാണ് സമീപത്തുനിന്നും ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയതെന്നും ഇവര്‍ പറഞ്ഞു. 

സംഭവം ആസൂത്രിതമായ ആക്രമണമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നുമാണ് ശ്യാം മരണത്തിന് മുന്‍പ് നല്‍കിയ മൊഴിയിലുള്ളത്. വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തതും കൊലയ്ക്കു കാരണമായെന്ന് മൊഴിയിലുണ്ട്. 

90 ശതമാനത്തോളം പൊള്ളലേറ്റ ആരതി തിങ്കളാഴ്ച തന്നെ മരണപ്പെട്ടിരുന്നു. ഇന്നലെയാണ് ശ്യാം മരണത്തിന് കീഴടങ്ങിയത്. അതിനു മുന്‍പായി 70 ശതമാനത്തോളം പൊള്ളലേറ്റ് ചിക്തസയിലായിരുന്ന ശ്യാമിനെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. മൂന്നു മാസം മുൻപ് ഇയാൾ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ റെപ്പായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. 

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ദീർഘനാളുകളായി കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിയുകയായിരുന്നു. ഇവരുടെ മകന്‍ ഒന്‍പതു വയസ്സുകാരന്‍ വിശാലും മൂന്നര വയസ്സുകാരി സിയയും ആരതിക്കൊപ്പമായിരുന്നു. രാവിലെ ജോലിക്ക് പോയ അമ്മ തിരിച്ചുവരുന്നതും കാത്ത് വീട്ടില്‍ കാത്തിരിക്കുന്ന മക്കളുടെ കാഴ്ച നെഞ്ചുലയ്ക്കുന്നതായിരുന്നു. അതിനു തൊട്ടുപിന്നാലെ അച്ഛനും പോയി. ഇരുവരും ഇനി തിരിച്ചുവരില്ലെന്ന വിവരം മക്കളെ എങ്ങനെ അറിയിക്കുമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. 

Tags:
  • Spotlight