Monday 16 November 2020 11:10 AM IST : By സ്വന്തം ലേഖകൻ

അപകടത്തിൽപ്പെട്ട് 62 ദിവസത്തോളം കോമയിൽ; ഇഷ്ട ഭക്ഷണത്തിന്റെ പേര് കേട്ടതോടെ ചാടിയെഴുന്നേറ്റ് യുവാവ്! അദ്‌ഭുതപ്പെടുത്തി അതിജീവനം

taipei-chicken

അപകടത്തിൽപ്പെട്ട് രണ്ടു മാസത്തോളമായി  കോമയിൽ കഴിഞ്ഞിരുന്ന യുവാവ് ഇഷ്ട ഭക്ഷണത്തിന്റെ പേര് കേട്ടതോടെ ചാടി എഴുന്നേറ്റു. തായ്പേയിയിലാണ് ഡോക്ടർമാരെപ്പോലും അദ്‌ഭുതപ്പെടുത്തിയ സംഭവം. ആശുപത്രിയിൽ മരണവുമായി മല്ലിട്ട 18 വയസ്സുകാരനായ ചിയു എന്ന യുവാവാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. തായ്‌വാനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ചിയു 62 ദിവസമായി കോമയിലായിരുന്നു. ഡോക്ടർമാർ വിദഗ്ധ ചികിത്സ നൽകിയിട്ടും യുവാവിനു ബോധം വന്നില്ല. അതേസമയം, ഈ ചെറുപ്പക്കാരന്റെ പ്രിയപ്പെട്ട വിഭവമായ ചിക്കൻ ഫില്ലറ്റിന്റെ പേര് സഹോദരൻ  പറഞ്ഞതോടെ ചിയുവിനു ബോധം വരുകയായിരുന്നു. 

ജൂലൈ ആദ്യം നടന്ന സ്‌കൂട്ടർ അപകടത്തിൽ ചിയുവിന്റെ ശരീരത്തിലെ  പലഭാഗങ്ങൾക്കും ഗുരുതര പരുക്കേറ്റു. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കയും കരളും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ചിയുവിന് ഗുരുതര പരുക്കേറ്റതായി ടൂൺ യെൻ ജനറൽ ഹോസ്പിറ്റലിലെ ഐസിയു ഡയറക്ടർ സുവാൻ ഹ്‌സീൻ പറഞ്ഞു. ചിയുവിന്റെ വയറ്റിൽ രക്തസ്രാവമുണ്ടെന്ന് ഹ്‌സീൻ പറഞ്ഞു. ചിയുവിന്റെ ഗുരുതരാവസ്ഥ കണ്ട് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹം അഗാധമായ കോമയിലേക്ക് പോവുകയായിരുന്നു.

ചിയു മരണവുമായി പോരാടുകയാണെന്ന് നഴ്‌സ് പറഞ്ഞതോടെ ജീവൻ രക്ഷിക്കാൻ കുടുംബാംഗങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചു. ചിയുവിന്റെ കോമയുടെ 62-ാം ദിവസം, അയാളുടെ സഹോദരൻ പെട്ടെന്ന് തമാശയായി പറഞ്ഞു, “സഹോദരാ, ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട ചിക്കൻ ഫില്ലറ്റ് കഴിക്കാൻ പോകുന്നു.” ഇതുകേട്ട ചിയുവിന്റെ പൾസ് നിരക്ക് വേഗത്തിലാവുകയും അയാളിൽ അദ്‌ഭുതകരമായ മാറ്റം ഉണ്ടാവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രധാന അവയവങ്ങളെല്ലാം പ്രവർത്തിക്കാൻ തുടങ്ങി. എഴുന്നേറ്റിരുന്ന ചിയു പിന്നീട് പൂർണമായി സുഖം പ്രാപിക്കുകയും ആശുപത്രിയിൽ നിന്ന് മോചിതനാവുകയും ചെയ്തു. 

Tags:
  • Spotlight