Wednesday 30 August 2023 12:42 PM IST

‘അവർ അപ്പോഴേ തീരുമാനിച്ചു, ‘ഇതെവിടെയെങ്കിലും’ എത്തുമെന്ന് 3 മാസത്തിനുള്ളിൽ ഞങ്ങൾ വിവാഹം കഴിച്ചു’: സ്നേഹം കയ്യൊപ്പാക്കിയവർ

Vijeesh Gopinath

Senior Sub Editor

dr-venu-

അധികാരത്തിന്റെ ധിക്കാരം നിഴലായെങ്കിലും വീണു കിടക്കേണ്ട വീടാണ്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന െഎഎഎസ് ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്റെയും ഒൗദ്യോഗിക ഭവ നം. സര്‍ക്കാരിന്‍റെ ഏറ്റവും നിർണായകമായ തീരുമാനങ്ങൾക്കു താഴെ ചാർത്തേണ്ട രണ്ടു കയ്യൊപ്പുകളാണ് എന്നും ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത്. പക്ഷേ, ഇവിടെ പൂമുഖം മുതൽ കനമില്ലാത്ത പുഞ്ചിരിയും സ്നേഹത്തിന്റെ തെളിച്ചവും മാത്രം.

തുടങ്ങേണ്ടതു 33 വര്‍ഷം മുന്‍പ് ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ് യാത്രയില്‍ നിന്നാണ്. കേരളത്തിൽ നിന്നു സിവില്‍ സര്‍വീസ് പ്രവേശനം കിട്ടിയ രണ്ടു പേർ ആ ട്രെയിനിലാണ് അന്നു മസൂറിയിലേക്കു പോയത്. തിരുവനന്തപുരത്തു നിന്നു ശാരദ മുരളീധരനും കോഴിക്കോടു നിന്നു പാലക്കാടെത്തി ഡോ.വി വേണുവും. ഒരേ കോച്ചിലെ അടുത്തടുത്തുള്ള ബർത്തുകളിലിരുന്നു സംസാരിച്ചു തുടങ്ങിയപ്പോഴാണു മറ്റൊരു കാര്യം തിരിച്ചറിഞ്ഞത്. അവർക്കൊപ്പം ‘അവിചാരിതം’ എന്ന വാക്കും ഏതോ സ്റ്റേഷനിൽ നിന്നു ടിക്കറ്റ് എടുത്തു കൂടെ കയറിയിരുന്നു.

നടന്ന വഴികളിലും ചിന്തകളിലും അദ്ഭുതപ്പെടുത്തുന്ന സമാനതകൾ ഉണ്ടായിരുന്നു ഇരുവര്‍ക്കും. പഠനത്തിൽ മിടുമിടുക്കർ. പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് േനടിയ മിടുക്കിയാണു ശാരദ. ആദ്യ മെഡിക്കൽ എൻട്രൻസ് എഴുതി അഡ്മിഷൻ നേടിയ ബുദ്ധിമാൻമാരുടെ കൂട്ടത്തിൽ വേണു. പിന്നീട് രണ്ടുപേരുമെടുത്തത് ഒരേ തീരുമാനം. വ്യക്തികളേക്കാൾ സമൂഹത്തെ ചികിത്സിക്കാനുള്ള വഴി തുറക്കണം. അങ്ങനെ ‘മക്കൾ ഡോക്ടറാകണം’ എന്ന അച്ഛനമ്മമാരുടെ സ്വപ്നത്തിന്റെ തിരി താഴ്ത്തി വച്ചു ജ നങ്ങളോടൊപ്പം നിൽക്കാൻ അവര്‍ ഇറങ്ങി.

ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും എന്തൊക്കെ തീരുമാനങ്ങൾ എടുത്തിരുന്നു?

വേണു: വിവാഹം കഴിക്കാം എന്ന തീരുമാനമായിരുന്നു പ്രധാനം. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ഇതുപോലെ ഒരാളെ കണ്ടിട്ടില്ലെന്നു ഞാനുറപ്പിച്ചു. യാത്ര ചെയ്ത രണ്ടു ദിവസം മുഴുവൻ സംസാരിച്ചു. സിഗരറ്റു വലിക്കാൻ ഞാൻ പോകുമ്പോൾ സംസാരത്തിന്റെ രസച്ചരടു പൊട്ടാതിരിക്കാൻ ശാരദ പിന്നാലെ വരും.

ശാരദ: ഡൽഹിയിൽ നിന്നു ഡെറാഡൂണിലേക്കുള്ള ട്രെയിനിൽ അക്കാദമിയിലേക്കുള്ള ഒരുപാടു പേർ കയറി. പലരും പരിചയപ്പെട്ടു. പക്ഷേ, അവരോടു സംസാരിക്കാന്‍ നേരമില്ല. ഞങ്ങളുടെ ലോകത്തു തുടർന്നു. അവരൊക്കെ അപ്പോഴേ തീരുമാനിച്ചു, ‘ഇതെവിടെയെങ്കിലും’ എത്തുമെന്ന്. മൂന്നു മാസത്തിനുള്ളിൽ ഞങ്ങൾ വിവാഹം കഴിച്ചു.

വേണു: രണ്ടു വർഷത്തേക്കു വിവാഹത്തെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന് അമ്മയോടു പറഞ്ഞിട്ടാണ് മസൂറിയിലേക്കു പോയത്. ഒന്നരമാസം കഴിഞ്ഞപ്പോൾ‌ വിവാഹക്കാര്യം വീട്ടിൽ പറയേണ്ടി വന്നു. പഴയ കോളജ്കാലം ഒാർത്ത് ‘ഇവന് ഇതു തന്നെയാണോ ജോലി’ എന്നു വീട്ടുകാർ ചിന്തിച്ചിരിക്കാം. എന്തെങ്കിലും പറഞ്ഞ് ആ പെൺകുട്ടിയെ ഇതില്‍ നിന്നു രക്ഷപ്പെടുത്തണമെന്നും കരുതിയിട്ടുണ്ടാകും. പിന്നീടു ശാരദയെയും കൊണ്ടു വീട്ടിൽ വന്നു പരിചയപ്പെടുത്തി. സംസാരിച്ചപ്പോള്‍ എല്ലാവർക്കും ഇഷ്ടമായി. അതോടെ വിവാഹം തീരുമാനിച്ചു.

ആലപ്പുഴയിലെ കുട്ടിക്കാലവും കോഴിക്കോട്ടെ പഠനകാലവും. ഒരുപാട് ഒാർമകളില്ലേ?

വേണു: കുട്ടിക്കാലം തൊട്ടേ കുറേ െെവരുധ്യങ്ങളിലൂടെയാണു ‍ഞാൻ കടന്നു പോയിരുന്നത്. ആലപ്പുഴ തലവടിയിൽ ആയിരുന്നു തറവാട്. അമ്മ പി.ടി രാജമ്മ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടര്‍. അച്ഛൻ വാസുദേവപ്പണിക്കർ കേന്ദ്ര സർവിസിൽ. അങ്ങനെ പഠനം കോഴിക്കോടും അവധിക്കാലം ആലപ്പുഴയിലും. എല്ലാവരും പറയുന്ന ക്ലീഷേ കുട്ടനാടൻ അവധിക്കാഴ്ചകൾ. കുളം, കായൽ, കൊച്ചുവഞ്ചി, വാഴപ്പിണ്ടിച്ചങ്ങാടം... ആഘോഷമായിരുന്നു ഒാരോ അവധിക്കാലവും.

പക്ഷേ, രണ്ട് നാട്ടിലെയും ജീവിതങ്ങൾ തമ്മിലുള്ള വൈരുധ്യം വലിയ സംഘർഷമായിരുന്നു. ജാതിയും മതവും എന്തെന്നറിയാതെയാണു കോഴിക്കോട് വളർന്നത്. എന്നാൽ തലവടി ജന്മിത്തം മായാത്ത നാടായിരുന്നു. ജാതിപ്പേരു പറഞ്ഞാണ് ആളുകളെ വിശേഷിപ്പിച്ചിരുന്നത്. അതോർക്കുമ്പോള്‍ ഇപ്പോഴും ലജ്ജ തോന്നും.

ശാരദ: ചക്കയും ചേമ്പും മാങ്ങയുമൊക്കെ കഴിച്ചു മടുത്തതു കൊണ്ടാകാം ചക്കപ്പുഴുക്കെന്നു കേൾക്കുമ്പോഴേ വേണു ഒാടി രക്ഷപെടും. എന്റെ അമ്മ ഗോമതി തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം നേടുന്ന ആദ്യ വനിതയാണ്. അച്ഛൻ മുരളീധരൻ. എൻട്രൻസ് എഴുതി പന്ത്രണ്ടാം റാങ്ക് കിട്ടിയെങ്കിലും ഞാൻ വിമൻസ് കോളജിൽ ഡിഗ്രിക്ക് ചേർന്നു. അച്ഛനും അമ്മയ്ക്കും വാക്കു കൊടുത്തിരുന്നു, സിവിൽ സർവീസ് എഴുതിയെടുക്കുമെന്ന്.

അമ്മയുടെ പാത പിന്തുടർന്ന് ഡോക്ടറായി. എന്നിട്ടും സിവിൽ സർവീസിലേക്ക് എങ്ങനെ എത്തി?

വേണു: മെഡിസിനോട് എനിക്കു യാതൊരുവിധ കൂറും ഉണ്ടായിരുന്നില്ല. ചരിത്രം പഠിക്കണം, ഇന്ത്യയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്യണം... ഇതൊക്കെയാണു മോഹങ്ങൾ. പക്ഷേ, അമ്മയുടെ ആഗ്രഹം എന്നെ ഡോക്ടറാക്കാനും. അതുവരെ പ്രീഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു മെഡിക്കൽ പ്രവേശനം. ഞങ്ങളുടെ ബാച്ചിന്‍റെ കാലത്ത് മാര്‍ക്ക് ലിസ്റ്റ് തിരുത്തലും വിവാദവുമൊക്കെയായി പ്രവേശനപരീക്ഷ വഴി പ്രവേശനം നടത്താൻ കോടതി വിധിച്ചു. റിസൽറ്റ് വന്നപ്പോൾ മെഡിസിനു ചേരാതിരിക്കാൻ മറ്റു വഴികളില്ലാതായി.

കോഴിക്കോട് മെഡിക്കൽ കോളജിൽ ഞങ്ങളുെട ബാച്ച് ബൗദ്ധികമായി ഉയർന്നു നിൽക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടേതായിരുന്നു. രോഗികളോടും ആതുരരംഗത്തോടും അത്രയ്ക്കു പ്രതിബദ്ധത ഉള്ളവർ. നാടകം എന്റെ മനസ്സിലേക്കു കുത്തി നിറച്ചത് കോഴിക്കോട് മെഡിക്കൽ കോളജാണ്. ജോൺ ഏബ്രഹാമിന്റെ ‘ചെന്നായ്ക്കൾ’ ഒക്കെ കണ്ടാൽ നാടകത്തെയും ജോണിനെയും ആരും മറക്കില്ല. രാഷ്ട്രീയ പ്രവർത്തനമായിരുന്നു ഒാരോ നാടകവും. വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിനെതിരേ നടത്തിയ വ ലിയ സമരങ്ങളിൽ ഞാനും ഭാഗമായി.

പക്ഷേ, കൂടെ പഠിച്ചിരുന്നവരുെട സ്വപ്നങ്ങളായിരുന്നില്ല എന്റേത്. വഴി ഇതല്ലെന്നു തിരിച്ചറിഞ്ഞു. മെഡിസിന്‍ പ ഠനം കഴിഞ്ഞു സിവിൽ സർവീസ് പരീക്ഷ എഴുതാൻ തീരുമാനിച്ചു. പരീക്ഷയ്ക്ക് എങ്ങനെ തയാറാകണം എന്നൊന്നുമറിയില്ല. ഒരു തവണ ജയകുമാർ സാറിനെ (കെ.ജയകുമാർ െഎഎഎസ്) കണ്ടിട്ടുള്ളതാണ് ഈ മേഖലയുമായുള്ള ഏക ബന്ധം. ആദ്യതവണ റാങ്ക് കുറവായിരുന്നു. െഎപിഎസോ െഎആർഎസോ മാത്രമേ ലഭിക്കൂ. െഎഎഎസ് സ്വപ്നവുമായി അടുത്ത വർഷം വീണ്ടും എഴുതി.

dr-venu-2 ഡോ.വി.വേണു, മക്കള്‍ കല്യാണി, ശബരി, ഭാര്യ ശാരദ മുരളീധരൻ

എം.കെ.മുനീർ എന്ന സഹപാഠിയെക്കുറിച്ചും ചങ്ങാതിയെക്കുറിച്ചും പറയാമോ?

വേണു: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജില്‍ വച്ചാണു മുനീറിെന ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. സി.എച്ച്.മുഹമ്മദ് കോയ മുഖ്യമന്ത്രിയായ സമയമാണത്. സി.എച്ചിന്റെ മകനാണെന്ന ഭാവമൊന്നും മുനീറിനില്ല. രണ്ടു ഗാങ് ആയിരുന്നു ഞങ്ങള്‍. പിന്നീട് അടുത്ത സുഹൃത്തുക്കളായി. അന്നേ മുനീറിനു രാഷ്ട്രീയപ്രവർത്തനമുണ്ട്. ചില മീറ്റിങ്ങുകളിൽ മുനീറിന്റെ ഡ്രൈവറായി ഞാനും പോകും. േകാഴിക്കോട് മെഡിക്കല്‍ േകാളജിലും ഒന്നിച്ചായിരുന്നു പഠനം. അങ്ങനെ സൗഹൃദം കൂടുതല്‍ വളര്‍ന്നു വലുതായി.

കണ്ണൂർ ആലക്കോട്ടെ തോലന്റെ പട്ടിണിമരണം അന്നു വലിയ വാർത്തയായിരുന്നു. എന്നാൽ വാർത്ത ആറിയതോടെ ആളനക്കം ഇല്ലാതായി. കോളനിയിൽ പിന്നെയും പട്ടിണിയായി. അവിടെ ഭക്ഷണവിതരണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ഞാന്‍ മാത്രമിറങ്ങി ‘ഇരന്നാൽ’ എ ന്താകാനാണ്? അന്നെനിക്കൊരു 100 സിസി ബൈക്ക് ഉണ്ട്. കെആർ ഇസെഡ് 7494. ആ ബൈക്കിനു പിന്നിൽ മുനീറിനെയും ഇരുത്തി മിഠായി തെരുവിലേക്ക് ഇറങ്ങും. മുനീറിനെ കണ്ടാൽ ആൾക്കാർ കൈ അയച്ചു സഹായിക്കും.

മുനീറിന്‍റെ വീട്ടിലെ ഒരംഗമായാണു ഞാൻ വളർന്നത്. മനുഷ്യത്വം എന്ന വാക്കും ആളുകളോടു കളങ്കമില്ലാതെ എങ്ങനെ പെരുമാറാമെന്നതും ഒക്കെ പഠിച്ചതു മുനീറിന്റെ ഉമ്മ ആമിനയിൽ നിന്നാണ്. മനുഷ്യൻ മനുഷ്യനോട് എങ്ങനെ ഇടപെടണം എന്നു പഠിപ്പിച്ചു തന്ന പുസ്തകമായിരുന്നു ഉമ്മ.

ശാരദ: വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന കാര്യം വേണുവിന്റെ വീട്ടിൽ‌ അറിയിച്ചതു മുനീർ ആയിരുന്നു.

മലയാളത്തില്‍ ഒപ്പിടുന്ന, മുണ്ട് ഉടുത്തു വരുന്ന, ഭരണഭാഷ മലയാളത്തിലാകണമെന്നു നിര്‍ബന്ധമുള്ള ചീഫ് െസക്രട്ടറി പലര്‍ക്കും വിസ്മയമാണ്. ജനകീയനായ െഎഎഎസ് ഉദ്യോഗസ്ഥന്‍ എന്നും ഒരു വിേശഷണമുണ്ടല്ലോ?

വേണു: എന്നെക്കാൾ ജനകീയരായ എത്രയോ പേരുണ്ട്. സ്വഭാവത്തിലെ പ്രത്യേകതകൾ കൊണ്ടാകാം അങ്ങനെ. െഎഎഎസുകാർ ഇങ്ങനെയേ പെരുമാറൂ എന്ന ചട്ടക്കൂട് ചിലർക്കുണ്ടാകാം. അതല്ലാതെ പെരുമാറുമ്പോൾ ഒാർത്തിരിക്കും. മറകളില്ലാതെ സംസാരിക്കാനാണ് എനിക്കിഷ്ടം. സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞാൽ കേൾക്കുന്നവരുടെ മനസ്സിലത് തൊടും. പറയുന്നതു കളവാണെങ്കിൽ, പലതും ഒളിച്ചു വച്ചു സംസാരിക്കുകയാണെങ്കിൽ വിശ്വാസം തന്നെ ഇല്ലാതാകും. പിന്നീട് തിരിച്ചു കിട്ടില്ല. പിന്നെ, മലയാളത്തില്‍ ഒപ്പിടുന്നതും മുണ്ടുടുക്കുന്നതുമൊക്കെ സ്വാഭാവികമായ കാര്യങ്ങള്‍ മാത്രമാണ്. ബോധപൂര്‍വം അങ്ങനെ െചയ്യുന്നതൊന്നുമല്ല.

ശാരദ: അതിലൊരു കൂട്ടിച്ചേർക്കൽ കൂടി വേണം. ഒരാളുടെ സ്വപ്നത്തെ വളർത്തിയെടുക്കാനുള്ള വഴി പറഞ്ഞു കൊടുക്കാൻ വേണു മിടുക്കനാണ്. അതിന് ഒരു മടിയുമില്ല. വേണുവിന്റെ വാക്കു കേട്ട് ആശയങ്ങളുമായി എടുത്തു ചാടിയവരുണ്ട്. അവരൊന്നും നിരാശപ്പെടേണ്ടി വന്നിട്ടില്ല.

വേണു: ഞങ്ങളുടെ കല്യാണത്തിന്റെ റിസപ്ഷൻ. ഒരു ചെറുപ്പക്കാരൻ വന്നു പറഞ്ഞു, ‘എന്നെ കല്യാണത്തിനു വിളിച്ചിട്ടില്ല. പക്ഷേ, ഇവിടെയത്തിയപ്പോഴാണ് സാറിന്റെ വിവാഹമാണെന്നറിഞ്ഞത്. സിവിൽസർവീസ് പരീക്ഷ എഴുതണമെന്നുണ്ട്. അതു സംസാരിക്കാനാണു വന്നത്.’

‘ഇന്ന് കല്യാണമല്ലേടോ, നാളെ പോരെ’ എന്നു പറഞ്ഞയാളെ യാത്രയാക്കി. പിറ്റേന്നു തന്നെ അവനെത്തി. സംസാരിച്ചു. കക്ഷിയിപ്പോള്‍ മേഘാലയ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്, ഡോ. ഷക്കീൽ അഹമ്മദ്.

മൂന്നു പതിറ്റാണ്ടിലധികം സർവീസ്. ഒാർമയിലെ രണ്ടു മുഖങ്ങളെ കുറിച്ചു പറയാമോ?

വേണു: ബേക്കൽ ടൂറിസം പദ്ധതിയ്ക്കു നേതൃത്വം നൽകുന്ന സമയത്തു പരിചയപ്പെട്ട രാഘവേട്ടന്‍. തഹസിൽദാരായിരുന്നു. മനുഷ്യന്റെ നന്മയെക്കുറിച്ചും ജനങ്ങളോട് എങ്ങനെ സംസാരിക്കണമെന്നുമൊക്കെ കാണിച്ചു തന്നത് അദ്ദേഹമാണ്. മുന്നിലെത്തുന്ന മനുഷ്യനെ വിശ്വസിക്കണമെന്നും എല്ലാവരോടും സഹകരിച്ചും സ്നേഹിച്ചും ജീവിക്കാൻ പറ്റുമെന്നുമുള്ള ഫിലോസഫി ജീവിതത്തിലൂടെ കാണിച്ചുതന്ന ആൾ.

പിന്നൊരാള്‍, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ദാമോദരേട്ടൻ. ഇന്ന് ലോകമെങ്ങും പേരെടുത്ത നമ്മുടെ റെസ്പോൺസിബിൾ ടൂറിസം തുടക്കത്തിൽ പലയിടത്തും വിജയിച്ചില്ല. അപ്പോഴാണ് കുമരകത്ത് ദാമോദരേട്ടൻ ആ ആശയം കൊണ്ട് ഉണ്ടാകാൻ പോകുന്ന ഗുണങ്ങൾ ജ നങ്ങൾക്കിടയിൽ പ്രചരിപ്പിച്ചത്. അതു വലിയ വിജയമായി. വളരെ ബുദ്ധിമുട്ടുള്ള ആശയത്തെ അദ്ദേഹം പ്രാവർത്തികമാക്കി. പഞ്ചായത്തിലെ ഒരു ജനപ്രതിനിധി വിചാരിച്ചാൽ കേരളത്തിൽ തന്നെ എന്തൊക്കെ വ്യത്യാസം ഉണ്ടാക്കാനാകും എന്നതിന്റെ തെളിവാണത്.

കാര്‍ അപകടത്തിന്‍റെ അസ്വസ്ഥതകള്‍?

വേണു: െകാച്ചിയില്‍ നിന്നു ബിനാലെ കണ്ടു മടങ്ങുമ്പോള്‍ കായംകുളത്തു വച്ചായിരുന്നു അപകടം. ഞങ്ങളുെട ഇന്നോവ ലോറിയുമായി കൂട്ടിയിടിച്ചു. എെന്‍റ വയറിനും മൂക്കിനും ശാരദയുെട നട്ടെല്ലിനും പരുക്കുണ്ടായിരുന്നു. തകര്‍ന്ന കാര്‍ കണ്ടു പലരും ഭയന്നെങ്കിലും പരുക്കുകള്‍ അത്ര ഗുരുതരമായിരുന്നില്ല. പക്ഷേ, അതിന്‍റെ ആഘാതത്തില്‍ നിന്നു മുക്തരാവാന്‍ കുറേ സമയമെടുത്തു. ഇപ്പോഴും ചില്ലറ അസ്വസ്ഥതകളുണ്ട്. െെസക്ലിങ് എന്‍റെ േഹാബിയാണ്. അപകടം മൂലം അതു കുറേക്കാലം മുടങ്ങിയതാണു മറ്റൊരു വിഷമം. ഇപ്പോള്‍ െെസക്ലിങ്ങിനു േപാകാറുണ്ട്.

സീറ്റ്ബെല്‍റ്റാണു ഞങ്ങളെ രക്ഷിച്ചത്. ഒരുപദേശമേ എനിക്കുള്ളൂ. മുന്‍സീറ്റിലാണെങ്കിലും പിന്‍സീറ്റിലാണെങ്കിലും സീറ്റ്ബെല്‍റ്റ് ധരിച്ചു മാത്രമേ വാഹനം ഒാടിക്കാവൂ.

അഴിമതി ഇല്ലാതാക്കാൻ ശ്രമിക്കും എന്ന പ്രസ്താവന കണ്ടു. എന്തൊക്കെയാണു സ്വപ്നങ്ങൾ?

ശക്തമായ ചില തീരുമാനങ്ങൾ നടപ്പിലാക്കണമെന്നുണ്ട്. ചെറുതും വലുതുമായ അത്തരം മാറ്റങ്ങൾ സാധാരണക്കാരുടെ ജീവിതം കുറച്ചു കൂടി എളുപ്പമാക്കും. ഇതൊരു തുടർച്ചയാണ്. ആ ലിസ്റ്റിൽ നൂറു കാര്യങ്ങൾ ഉണ്ടെങ്കിൽ അൻപതെണ്ണം പൂർത്തിയാക്കിയാൽ പോലും വലിയ കാര്യമാണ്.

അലസൻമാരെയും അഴിമതിക്കാരെയും സർ‌ക്കാർ ജോലിയിൽ നിന്നു മാറ്റാൻ ചട്ടമുണ്ട്. അതിവിടെ ആരും പ്രയോഗിക്കുന്നില്ലെന്നു മാത്രം. സർക്കാർ സർവീസിൽ കയറിക്കഴിഞ്ഞാൽ ഒരു പ്രശ്നവുമുണ്ടാകില്ല എന്നാണു പൊതു ധാരണ. കയ്യോടെ പിടിച്ചാൽ അഴിമതിക്കേസിൽ മാത്രം പുറത്തു പോകും. പക്ഷേ, ഏതെങ്കിലും ഒരാൾ ജോലി ചെയ്യാത്തതിന്റെ പേരിൽ സർക്കാരിൽ നിന്നു പുറത്തു പോയിട്ടുണ്ടോ? നമ്മൾ നൽകുന്ന നികുതിയിൽ നിന്നു ശമ്പളം വാങ്ങുമ്പോൾ സൗകര്യമുള്ള സമയത്ത് എത്തി തോന്നുമ്പോൾ പോകാനാവില്ല. സേവനങ്ങൾ വൈകിക്കാനും പാടില്ല. ഇതൊന്നും കയ്യടി നേടാന്‍ പറയുന്നതല്ല. ഒന്നേ മോഹമുള്ളൂ. സർവീസിൽ നിന്നിറങ്ങുമ്പോൾ ജനങ്ങളുടെ മനസ്സിൽ സ്നേഹത്തിന്റെ ഒരു കയ്യൊപ്പ് ഇടാനാകണം.

ഇന്ത്യയുടെ തലക്കുറി

അമിതാഭ്കാന്ത് സാര്‍ കേന്ദ്രടൂറിസം ഡിപാർട്ട്മെന്റിൽ ഇരുന്ന കാലം. ഒരു യൂറോപ്യന്‍ പര്യടനത്തിനിടയ്ക്ക് ഇന്ത്യയിലെ ടൂറിസം മേഖലയെക്കുറിച്ചു ഞങ്ങള്‍ സംസാരിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞു, ‘കേരളത്തിനു േഗാഡ്സ് ഒാണ്‍ കണ്‍ട്രി’ എന്ന പരസ്യവാചകം പോലെ ഇന്ത്യന്‍ ടൂറിസത്തിനും േവണം ഒരെണ്ണം.’ പല വിശേഷണങ്ങള്‍ പരീക്ഷിച്ചിട്ടുെണ്ടങ്കിലും സ്ഥിരമായ ഒരെണ്ണം അതുവരെയില്ലായിരുന്നു.

‘എന്നാൽ നീ തന്നെ ഒരെണ്ണം കണ്ടുപിടിക്ക്’ അദ്ദേഹം പറഞ്ഞു. നാളെ പറയാം എന്നു മറുപടി നൽകിയെങ്കിലും ഒന്നും എന്‍റെ മനസ്സില്‍ ഇല്ലായിരുന്നു. രാത്രി മുഴുവനുമിരുന്നു ആലോചിച്ചപ്പോള്‍ തെളിഞ്ഞ വാക്കാണ് ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’

രാജ്യത്തിന്റെ എല്ലാ വൈവിധ്യവും ആ വാക്കിനോടു ചേര്‍ത്തു വയ്ക്കാമെന്നു തോന്നി. അക്ഷരങ്ങൾ തന്നെ ഡിസൈൻ ആക്കി മാറ്റി. ഒറ്റക്കാര്യമേ അദ്ദേഹത്തോടു പറഞ്ഞുള്ളൂ. ‘ഈ വിശേഷണം സ്ഥിരമായി കുറേനാള്‍ ഉപയോഗിക്കണം. എങ്കിലേ അതു ജനങ്ങളുടെ മനസ്സില്‍ പതിയൂ. ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ ലോകം മുഴുവനും ശ്രദ്ധിക്കപ്പെട്ടു.

മകൾ നർത്തകി മകൻ കാർട്ടൂണിസ്റ്റ്

ഡവലപ്മെന്റ് മേഖലയിലായിരുന്നു മകൾ കല്യാണി യുടെ പഠനം. എൻജിഒകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും എന്നാണു ഞങ്ങൾ കരുതിയത്. പക്ഷേ, നൃ ത്തത്തിലേക്കു തിരിഞ്ഞു. നീന പ്രസാദിന്റെ ശിക്ഷണത്തിലാണു പഠനം തുടങ്ങിയത്. പിന്നീട് ബെംഗളൂരുവിലെ ആട്ടക്കളരി ഡാൻസ് സ്കൂളിലും പഠിച്ചു. ഇപ്പോള്‍ കണ്ടംപററി ഡാന്‍സറാണ്. നൃത്തമാണ് പാഷനും ക രിയറും.

എന്തു പഠിക്കണം, ഏതു ജോലി ചെയ്യണം എന്നതെല്ലാം അവളുടെ മാത്രം ഇഷ്ടമാണ്. എങ്കിലും പണ്ട് എന്‍റെ മനസ്സിലേക്കു ചില മിഡിൽ ക്ലാസ് മൊറാലിറ്റിയൊക്കെ ഇടിച്ചു കയറി വരുമായിരുന്നു. മാനേജ്മെന്റ് തലത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള കുട്ടിയാണ്. ആർട്ടിസ്റ്റിന്റെ ജീവിതം ദുഷ്കരമാണെന്നും അറിയാം. അന്ന് അങ്ങനെ ചിന്തിച്ചതിൽ ഇപ്പോള്‍ വലിയ കുറ്റബോധം തോന്നുന്നു. സ്വന്തം താൽപര്യത്തിനനുസരിച്ചു ജീവിച്ചയാളാണു ഞാൻ. അപ്പോൾ മക്കളെ അവരുടെ ഇഷ്ടത്തിനു ജീവിക്കാൻ അനുവദിക്കേണ്ടേ?.

ശബരി ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് ആണ്. ക്രിയേറ്റീവ് ‍ഡയറക്ടർ എന്ന കരിയറാണ് രൂപപ്പെടുത്തുന്നത്. ‘മീന്‍കറി’ (meancurry) എന്ന പേരില്‍ ഒരു ഇന്‍റസ്റ്റഗ്രാം േപജും ഒരു ലക്ഷത്തിനടുത്തു ഫോളോവേഴ്സും ഉണ്ട്. അച്ഛനും അമ്മയും ചേച്ചിയുമൊക്കെ കാര്‍ട്ടൂണുകളില്‍ ഇടയ്ക്കു വരും. അരയ്ക്കൊപ്പം വളർത്തിയ മുടിയാണ് അവന്‍റെ മറ്റൊരു െഎഡന്റിറ്റി.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ