Wednesday 24 April 2024 03:24 PM IST : By സ്വന്തം ലേഖകൻ

‘ശരീരത്തിലൂടെ എന്തോ ഇഴയുന്നു, ഞെട്ടിയുണർന്ന കുട്ടി കണ്ടതു കൂട്ടുകാരിയുടെ അച്ഛനെ’: ഓർക്കുക... സുരക്ഷിതരല്ല നമ്മുടെ കുഞ്ഞുങ്ങൾ

child-abuse-1

പീഡന വാർത്തകൾ ത്രില്ലർ സിനിമ പോലെ വായിച്ചു രസിക്കാൻ മലയാളി ശീലിച്ചു കഴിഞ്ഞു. പക്ഷേ, അങ്ങനെ വായിക്കാവുന്ന ഫീച്ചർ അല്ല ഇത്. ന മ്മുടെ നാട്ടിലെ ഏതു വീട്ടിലും ഇതുപോലൊരു സംഭവം നടക്കാൻ സാധ്യതയുള്ളതിനാലും ഇതിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നതിനാലും ജാഗ്രതയോടെ മാത്രം തുടർന്നു വായിക്കുക എന്നു മുന്നറിയിപ്പ്.

അച്ഛനും അമ്മയും ജോലിക്കു പോകുന്ന വീട്. സ്കൂൾ വിട്ടു വന്നാൽ കുട്ടി പോകുന്നതു കൂട്ടുകാരിയുടെ വീട്ടിലേക്കാണ്, അമ്മ വരുന്നതു വരെ അവിടെ ‘സേഫാ’യി ഇരിക്കും. ഒരു ദിവസം കൂട്ടുകാരിക്കു പനി, അവളെയുംകൊണ്ട് അമ്മ ആശുപത്രിയിലേക്കു പോയി. വീട്ടിൽ തനിച്ചിരുന്നു ടിവി കണ്ട കുട്ടി എപ്പോഴോ ഉറങ്ങിപ്പോയി.

ശരീരത്തിലൂടെ എന്തോ ഇഴയുന്നതായി തോന്നി ‍ഞെട്ടിയുണർന്ന കുട്ടി കണ്ടതു കൂട്ടുകാരിയുടെ അച്ഛനെയാണ്. വീട്ടിൽ അവൾ തനിച്ചാകുമെന്നു കണക്കുകൂട്ടി എത്തിയ അയാൾ അവളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. കരച്ചിലും ബഹളവും കേട്ട് അയൽവീട്ടിലെ സ്ത്രീ ഓടി വന്നു. കേസ് പുറംലോകം അറിഞ്ഞപ്പോൾ ഞെട്ടിയതു രക്ഷിതാക്കളാണ്. ഏറ്റവും സുരക്ഷിതമെന്നു കരുതി കുഞ്ഞിനെ ഏൽപിച്ചിട്ടു പോയ ഇടമാണ് അപകടക്കെണിയായത്.

വീടു പോലും അപകടക്കടൽ

സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പുതിയ റിപ്പോർട്ടിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. കുട്ടികൾ ഏറ്റവും സുരക്ഷിതരായി ഇരിക്കുന്നു എന്നു നമ്മൾ കരുതുന്ന സ്ഥലങ്ങളിൽ വച്ചാണു കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. ഇരയാക്കപ്പെട്ട കുട്ടികളും പ്രതിയും തമ്മിൽ അടുപ്പമോ പരിചയമോ ഉള്ള സാഹചര്യം മിക്ക കേസുകളിലുമുണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ അഡ്വ.കെ.വി. മനോജ് കുമാർ പറയുന്നു. ‘‘സ്വന്തം വീട്ടിൽ വച്ചാണു മിക്ക കുട്ടികളും പീഡിപ്പിക്കപ്പെട്ടത്. തൊട്ടു പിന്നാലെയുണ്ടു പ്രതിയുടെ വീട്ടിൽ വച്ചു പീഡനം നടന്ന കേസുകളുടെ എണ്ണം. കുട്ടിയുടെ കുടുംബത്തോട് ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവർ തന്നെയാണ് അവസരം മുതലെടുത്തു ലൈംഗിക ചൂഷണം നടത്തുന്നത്.’’

വീടിനുള്ളിൽപോലും ഭയത്തോടെ വിങ്ങിപ്പൊട്ടി കഴിയുകയാണോ നമ്മുടെ കുട്ടികൾ? സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ടവർ ത ന്നെ പ്രതിയാകുമ്പോൾ കുട്ടികളെ എങ്ങനെസംരക്ഷിക്കും? ബാലാവകാശ കമ്മിഷന്റെ പഠനത്തിലെ കൂടുതൽ വിവരങ്ങൾ അറിയാം.

കേസുകൾ കുതിച്ചുയരുന്നു

ലൈംഗിക അതിക്രമങ്ങളിൽ നിന്നു കുട്ടികൾക്കു സംരക്ഷണം നൽകുന്ന നിയമം (പോക്സോ നിയമം) പ്രാബല്യത്തിൽ വന്നതു 2012ലാണ്. 18 വയസ്സിൽ താഴെ പ്രായമുള്ള ഏതു കുട്ടിയെയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നവർ ഇ തു പ്രകാരം ശിക്ഷിക്കപ്പെടും.

പോക്സോ കേസുകളുടെ എണ്ണം വർഷം തോറും കൂടി വരികയാണ്. 2013ൽ കേസുകളുടെ എണ്ണം 1002 ആയിരുന്നു. 2022ൽ ഇതു 4582ഉം 2023ൽ 4663ഉം ആയി. വർഷാവർഷം കൂടി വന്ന പോക്സോ കേസുകളുടെ എണ്ണത്തിൽ 2019ൽ പെട്ടെന്നു കുറവു വന്നെന്നു കണക്കുകൾ പറയുന്നു. 2019ൽ 3616 കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാനത്തു 2020ൽ 3030 കേസുകൾ മാത്രമേ ഉള്ളൂ.

ഈ കുറവിൽ സന്തോഷിക്കാനാകില്ല. കോവിഡും ലോക്ഡൗണും മൂലം എല്ലാവരും വീട്ടിലായിരുന്ന വർഷമാണത്. അതായതു കുട്ടി വീട്ടിലോ മറ്റിടങ്ങളിലോ തനിച്ചാകുന്ന സാഹചര്യം വളരെ കുറവായിരുന്നു എന്നർഥം. അച്ഛനമ്മമാരുടെ സാന്നിധ്യം ഉണ്ടായിരുന്ന കാലത്തു കുട്ടികൾ അതിക്രമത്തിന് ഇരയായതു കുറഞ്ഞു. ലോക്ഡൗൺ ഇളവുകൾ വന്ന 2021ൽ റജിസ്റ്റർ ചെയ്യപ്പെട്ട പോക്സോ കേസുകളുടെ എണ്ണം 3322 ആണ്.

എവിടെ സുരക്ഷിതത്വം?

ഇരയാക്കപ്പെട്ട കുട്ടിയും പ്രതിയും തമ്മിൽ അടുപ്പമോ പരിചയമോ ഉള്ള സാഹചര്യം മിക്ക കേസുകളിലുമുണ്ട് എന്ന കമ്മിഷന്റെ കണ്ടെത്തലുമായി ചേർത്തുവച്ചു വേണം ഇനി പറയുന്ന കണക്കുകൾ കേൾക്കാൻ. 2023ൽ റജിസ്റ്റർ ചെയ്യപ്പെട്ട പോക്സോ കേസുകളിൽ 439 എണ്ണവും കുടുംബാംഗങ്ങൾ തന്നെ പ്രതികളായവയാണ്.

ബന്ധുക്കൾ ഉൾപ്പെട്ട കേസുകളുടെ എണ്ണം 435. പ്രണയം നടിച്ചു പീഡിപ്പിച്ച കേസുകൾ 692 ആണ്. അയൽക്കാരുടെ പീഡനക്കേസുകൾ 631 ഉം സുഹൃത്തുക്കളുടേത് 477 മാണ്. അധ്യാപകർ പ്രതികളായവ 210 എണ്ണമുണ്ട്. പരിചയമുള്ള ബസ് ഡ്രൈവർ, ഓട്ടോ ഡ്രൈവർ എന്നിവർ ഉൾപ്പെട്ട കേസുകൾ 36 ആണ്.

2022ൽ കുടുംബാംഗങ്ങൾ പ്രതികളായവ 462 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ബന്ധുക്കൾ ഉൾപ്പെട്ട 389 ഉം പ്രണയം നടിച്ചു പീഡിപ്പിച്ച 801 ഉം അയൽക്കാരുടെ പീഡനം 601 ഉം സുഹൃത്തുക്കളുടെ കേസുകൾ 313 മായിരുന്നു. അധ്യാപകർ പ്രതികളായ 170 കേസുകളാണ് 2022ൽ റജിസ്റ്റർ ചെയ്തത്.

ലൈംഗിക അതിക്രമം നടന്ന സ്ഥലം സംബന്ധിച്ച വിവരങ്ങൾ പേടിപ്പെടുത്തുന്നതാണ്. ഇരയുടെ സ്വന്തം വീട്ടിൽ വച്ചാണ് ഏറ്റവും കൂടുതൽ പീഡനങ്ങളും നടന്നിട്ടുള്ളത്, 988. പ്രതിയുടെ വീട്ടിൽ വച്ചു നടന്ന പീഡനങ്ങളുടെ എണ്ണം 725. ഒരു ഇരയെ തന്നെ പലയിടങ്ങളിൽ വച്ചു പീഡിപ്പിച്ച കേസുകൾ 146 എണ്ണമുണ്ട്. വിശ്വാസമോ സ്വാധീനമോ മുതലെടുത്താണു കുട്ടികളെ പ്രതികൾ ചൂഷണത്തിന് ഇരയാക്കുന്നത്. അവയിൽ ചിലതിലെങ്കിലും അനവധി പീഡനങ്ങൾക്ക് ഒടുവിലാണു കുറ്റകൃത്യം പുറംലോകം അറിഞ്ഞതു പോലും.

സ്കൂളിൽ വച്ചു പീഡനമേറ്റവരും (173) വാഹനത്തിൽ പീഡിപ്പിക്കപ്പെട്ടവരും (130) സുഹൃത്തിന്റെ വീട്ടിൽ പീഡനമേൽക്കേണ്ടി വന്നവരും (72) കൂട്ടത്തിലുണ്ട്. 935 കേസുകളിൽ കുട്ടികളെ പീഡിപ്പിക്കാൻ പ്രതികൾ തിരഞ്ഞെടുത്തതു പൊതുസ്ഥലങ്ങളാണ്. 16 കുട്ടികൾ ആശുപത്രിയിൽ വച്ചും 73 കുട്ടികൾ വിവിധ മതസ്ഥാപനങ്ങളിൽ വച്ചും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്.

2022ലെ കണക്കുകൾ പ്രകാരം ഇരയുടെ സ്വന്തം വീട്ടിൽ വച്ചു നടന്ന പീഡന കേസുകളുടെ എണ്ണം 1004ഉം പ്രതിയുടെ വീട്ടിൽ വച്ചു നടന്നവ 722ഉം ആയിരുന്നു.

child-abuse-3

ഇരകളിൽ കൈക്കുഞ്ഞു വരെ

ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ച കുട്ടികളുടെ പ്രായം സംബന്ധിച്ചു ഭീതി ജനിപ്പിക്കുന്ന കണക്കുകളാണു ബാലാവകാശ കമ്മിഷന്റെ കയ്യിലുള്ളത്. മാസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞു മുതൽ നാലു വയസ്സു വരെ പ്രായമുള്ള 55 കുട്ടികളാണു 2022ൽ പീഡനത്തിനിരയായത്. 2023ൽ ഇതു 73 ആയി ഉയർന്നു.

അഞ്ചു വയസ്സു മുതൽ ഒൻപതു വയസ്സു വരെ പ്രായമുള്ള 367 കുട്ടികളും 10– 14 പ്രായത്തിലുള്ള 1538 പേരും 15– 18 പ്രായത്തിലുള്ള 2563 പേരും 2022ലെ കണക്കുകൾ പ്രകാരം ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ടു. 2023ൽ ഇതു യഥാക്രമം 423, 1574, 2519 ആണ്.

പ്രണയം നടിച്ചും മറ്റും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കേസുകളാണു 15 വയസ്സിനു മുകളിലുള്ള പെൺകുട്ടികളുടേതിൽ കൂടുതലും. ബാല്യം വിട്ടു കൗമാരത്തിലേക്കു കാലെടുത്തു വച്ച പ്രായത്തിലാണ് 1574 കുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ടത്.

ചില കേസുകളിൽ ഒന്നിലേറെ കുട്ടികൾ പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുള്ളതിനാൽ 2022ലെ 4582 കേസുകളിലായി അതിജീവിതരായ കുട്ടികളുടെ എണ്ണം 4642 ആണ്. 2023ൽ 4663 കേസുകളിലായി അതിജീവിതരായ 4701 കുട്ടികളുണ്ട്. കേസുകൾക്കു ജില്ലാടിസ്ഥാനത്തിലും വലിയ വ്യത്യാസമുണ്ട്. 2023ൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട ജില്ല തിരുവനന്തപുരം (593) ആണ്. രണ്ടാം സ്ഥാനത്ത് എറണാകുളവും (516), മൂന്നാമതു മലപ്പുറവും (514) നാലാമതു കോഴിക്കോടും (421) ആണ്. പത്തു കേസുകൾ റെയിൽവേ പൊലീസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022ലും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല തിരുവനന്തപുരം (583) ആണ്. രണ്ടാം സ്ഥാനത്തു മലപ്പുറവും (555) മൂന്നാമത് എറണാകുളവും (462) നാലാമത് കോഴിക്കോടും (442).

ആൺകുട്ടികളും സുരക്ഷിതരല്ല എന്നാണു കേസുകൾ വ്യക്തമാക്കുന്നത്. 2022ലെ പോക്സോ അതിജീവിതരായ കുട്ടികളിൽ 578 പേർ ആൺകുട്ടികളാണ്. 2023ൽ അതിജീവിതരായ 659 ആൺകുട്ടികളുണ്ട്. പ്രതിപ്പട്ടികയിൽ സ്ത്രീകളുമുണ്ട്. 2022ൽ റജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 115 പ്രതികൾ സ്ത്രീകളാണ്. 2023ൽ സ്ത്രീകൾ പ്രതികളായ പോക്സോ കേസുകളുടെ എണ്ണം 170 ആയി ഉയർന്നു.

കരുതൽ പ്രധാനം

കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ മിക്കവാറും പൊട്ടിപ്പുറപ്പെടുന്നതു വീടുകളിൽ നിന്നു തന്നെയാണെന്നു റിപ്പോർട്ടിൽ പരാമർശമുണ്ട്. അമ്മയുടെയോ അച്ഛന്റെയോ സാമീപ്യവും സ്നേഹവും കിട്ടാതെ കുട്ടി കഴിയുന്ന അവസരമുണ്ടാകാം. സ്നേഹം നൽകാനായി കടന്നുവരുന്ന മൂന്നാമതൊരാൾ കുട്ടിയുമായി ഇടപഴകുകയും തെറ്റിദ്ധരിപ്പിച്ചു ചൂഷണം ചെയ്യുകയും ചെയ്യാം. ശിഥില കുടുംബങ്ങളിലെ കുട്ടികളും ചൂഷണത്തിന് ഇരയാകുന്നതായി കമ്മിഷനു വിവരം ലഭിച്ചിട്ടുമുണ്ട്.

ചൂഷണങ്ങൾക്കെതിരേ കരുതലെടുക്കാൻ കുട്ടിയെ പഠിപ്പിക്കണം. ഒരു ദിവസത്തെ മുഴുവൻ കാര്യങ്ങളും ചോദിച്ചറിയാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. കുട്ടിക്ക് എല്ലാം പറയാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കണം. മോശമായ എന്തെങ്കിലും കുട്ടി പറഞ്ഞാൽ എടുത്തുചാടി പ്രതികരിക്കുകയോ ശകാരിക്കുകയോ ചെയ്യരുത്. കുട്ടി പിന്നീട് എല്ലാം തുറന്നു പറയാൻ മടിക്കും.

എന്റെ ശരീരം എന്റെ അവകാശം

ശരീരത്തിന്റെ പൂർണ അവകാശം തനിക്കു മാത്രമാണെന്നു കുട്ടിയെ ബോധ്യപ്പെടുത്തണം. നല്ല സ്പര്‍ശത്തെക്കുറിച്ചും മോശമായ സ്പര്‍ശത്തെക്കുറിച്ചും കുട്ടിയോടു തുറന്നു സംസാരിക്കണം. കെട്ടിപ്പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും നല്ലതു തന്നെ. പക്ഷേ, അത് ആര്, എപ്പോൾ ചെയ്യുമ്പോഴാണു മോശമാവുന്നതെന്നു പഠിപ്പിക്കണം. കുട്ടികള്‍ക്കു സ്‌നേഹവും സുരക്ഷിതത്വവും സന്തോഷവുമൊക്കെ തോന്നുന്ന സ്പര്‍ശനങ്ങളാണു ഗുഡ് ടച്ച്.

അതുപോലെ ബാഡ് ടച്ച് തിരിച്ചറിയാനും പഠിപ്പിക്കണം. ചുണ്ട്, കഴുത്ത്, തുട, ജനനേന്ദ്രിയം, നെഞ്ച്, പിന്‍വശം എന്നിങ്ങനെ പ്രത്യേക ശരീരഭാഗങ്ങള്‍ ലക്ഷ്യമാക്കിയുള്ള സ്പര്‍ശനങ്ങളെല്ലാം മോശമാണെന്നും അങ്ങനെ ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നും പറഞ്ഞു പഠിപ്പിക്കുക. ഈ ഭാഗങ്ങളില്‍ മറ്റുള്ളവര്‍ തൊടുന്നുണ്ടെങ്കിൽ രക്ഷിതാക്കളോടോ അധ്യാപകരോടോ പറയാൻ ശീലിപ്പിക്കണം. മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കുന്നതും തലോടുന്നതുമൊന്നും ശരിയല്ലെന്നു ബോധ്യപ്പെടുത്തണം. അങ്ങനെ ഉണ്ടായാല്‍ അച്ഛനോടും അമ്മയോടും പറയണമെന്നും പഠിപ്പിക്കണം.

രക്ഷിതാക്കളല്ലാത്തവര്‍ കുഞ്ഞുങ്ങളോട് അമിതമായി സ്‌നേഹം കാണിക്കുന്നതും അവരുടെ വിശ്വാസം നേടിയ ശേഷം ദുരുപയോഗം ചെയ്യുന്നതും തടയാന്‍ ഒറ്റ വഴിയേ ഉള്ളൂ. എത്ര വിശ്വസ്തരായാലും കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ തലോടുകയോ വേദനിപ്പിക്കുകയോ ചെയ്താൽ വീട്ടില്‍ പറയണമെന്നു സ്നേഹത്തോടെ കെട്ടിപ്പിടിച്ചു കുട്ടികളോടു പറയാം. നമ്മുടെ കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്ന ഒരുത്തരെയും വെറുതേ വിടരുത്.

പീഡനവും ഗർഭധാരണവും

ലൈംഗിക ചൂഷണത്തിനിരയായ പെൺകുട്ടി ഗർഭിണിയായാൽ പ്രതിക്കു ജീവപര്യന്തം തടവും പിഴയും ലഭിക്കും. പക്ഷേ, കേസ് നടക്കുന്ന കാലയളവിൽ പെൺകുട്ടിയെ അപായപ്പെടുത്താനോ സ്വാധീനിക്കാനോ ഇടയുള്ളതിനാൽ ഇവരെ പാർപ്പിക്കുന്നതു വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള നിർഭയ സെല്ലിന്റെ തിരുവനന്തപുരത്തെ ഹോമിലാണ്.

2022ൽ പീഡനത്തിനിരയായി ഗർഭിണിയാക്കപ്പെട്ടു ഹോമിൽ പ്രവേശിപ്പിച്ച 66 കുട്ടികളിൽ ഭൂരിഭാഗവും 16 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു. തീരെ ചെറിയ കുട്ടികൾക്ക് (13, 14 വയസ്സുള്ള) 20 ആഴ്ചയ്ക്കുള്ളിൽ കോടതിയുടെ പ്രത്യേക അനുമതി തേടി ഗർഭഛിദ്രം നടത്താനുള്ള നടപടികളും സ്വീകരിച്ചു (26 എണ്ണം). 29 പേർ പ്രസവിച്ചു.

2023ൽ ഇത്തരത്തിൽ 66 പേരെ ഹോമിൽ പ്രവേശിപ്പിക്കുകയും 18 പേർക്കു പ്രത്യേക അനുമതിയോടെ ഗർഭഛിദ്രം നടത്തുകയും ചെയ്തു. 24 പേർ പ്രസവിച്ചു. 2024ൽ ഇതുവരെ (ഫെബ്രുവരി 29) ഹോമിൽ പ്രവേശിപ്പിച്ച ഒൻപതു പെൺകുട്ടികളിൽ അഞ്ചു പേർ പ്രസവിച്ചു, ഒരാൾക്കു ഗർഭഛിദ്ര അനുമതി കിട്ടി.

കുറ്റവും ശിക്ഷയും

ലൈംഗിക ചൂഷണങ്ങളിൽ നിന്ന് ആൺ–പെൺ വ്യത്യാസമില്ലാതെ നിയമസംരക്ഷണവും നീതിയും ഉറപ്പാക്കുന്ന പോക്സോ നിയമപ്രകാരം കുട്ടിയുടെ പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ഏതു സ്ഥാനത്തിരിക്കുന്നയാൾ ചെയ്തു എന്നിങ്ങനെ കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കിലെടുത്തു ശിക്ഷയും മാറും. ലൈംഗികാതിക്രമങ്ങൾ അവരുടെ സംരക്ഷണ ചുമതലയുള്ളവരിൽ നിന്നായാൽ ശിക്ഷയുടെ കാഠിന്യവും കൂടും.

ലൈംഗികമായി കുട്ടികളെ അതിക്രമിക്കുകയോ ശ രീരഭാഗങ്ങളിൽ തൊടുകയോ ചെയ്യുന്നതു ജീവപര്യന്തം തടവും പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പീഡനം ശരീരത്തിൽ തൊട്ടുകൊണ്ടു തന്നെയാകണം എന്നില്ല. മോശം വാക്കു പറയുക, ശബ്ദങ്ങൾ പുറപ്പെടുവിക്കുക, ആംഗ്യം കാണിക്കുക, ലൈംഗിക വസ്തുക്കളോ നഗ്നശരീരമോ പ്രദർശിപ്പിക്കുക, കുട്ടിയെ ശരീരം പ്രദർശിപ്പിക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയവയൊക്കെ കുറ്റമാണ്.

കുട്ടികൾക്കെതിരായ അതിക്രമം പേരു വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യണമെന്നുണ്ടെങ്കിൽ 1098ൽ (ചൈൽഡ് ലൈൻ) വിളിച്ചു പറയാം. വിവരങ്ങൾ ശേഖരിക്കാനായി റിപ്പോർട്ട് ചെയ്യുന്നയാളുടെ വിവരങ്ങളും ഫോൺനമ്പറും ചൈൽഡ് ലൈനിൽ കൊടുക്കേണ്ടി വന്നാലും അവ രഹസ്യമായി സൂക്ഷിക്കപ്പെടും.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിനു സമയപരിധിയില്ല. കുട്ടി ആയിരുന്നപ്പോൾ നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് ഏതു പ്രായത്തിലും പരാതി നൽകാം.

രൂപാ ദയാബ്ജി