Saturday 15 September 2018 02:45 PM IST

യുവാക്കളുടെ മാതൃക ചോക്ലേറ്റ് പരസ്യത്തിലെ രമേഷും സുരേഷും! ജിമിക്കി കമ്മൽ പ്രസംഗത്തെക്കുറിച്ച് ചിന്തയുടെ വിശദീകരണം ഇങ്ങനെ

Rakhi Parvathy

Sub Editor

chintha_jerome

‘കേരളത്തിലെ അമ്മമാരെല്ലാം ജിമിക്കിയും കമ്മലുമണിഞ്ഞ് നടക്കാറില്ല, എല്ലാ അച്ഛന്മാരും അത് കട്ടോണ്ടുപോകാറുമില്ല, ഇനി കട്ടോണ്ടു പോയാലും അമ്മമാർ ബ്രാൻഡി കുപ്പി കുടിച്ചു തീർക്കാറുമില്ല...’ കേരളത്തിന്റെ അതിർത്തിയും കടന്നു സായിപ്പുമാർ വരെ ആടിപ്പാടിയ പാട്ടിനെക്കുറിച്ച് ഇടതുപക്ഷത്തിന്റെ തീപ്പൊരി വനിതാ നേതാവുമായ ചിന്ത ജെറോം നടത്തിയ താത്വികമായ അവലോകനം കേട്ടു ഞെട്ടിയത് സാക്ഷാൽ മലയാളികളാണ്. പിന്നെ കണ്ടത് ട്രോൾ മഴ. വിമർശനങ്ങളും പരിഹാസവും പ്രവഹിക്കുന്നതിനിടെ ഇത്തരമൊരു പ്രസംഗത്തിലേക്കു നയിച്ചതിന്റെ കാരണങ്ങൾ ‘വനിത’യോടു പങ്കുവയ്ക്കുന്നു സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ കൂടിയായ ചിന്ത ജെറോം.

‘ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 81 ാമത് അന്തർദേശീയ വാർഷിക സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണിത്. സെപ്റ്റംബർ 30 ന് പരുമല സെമിനാരിയിൽ നടന്ന പ്രസംഗത്തിന്റെ ഒരു ചെറിയ ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഞാൻ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ആ പാട്ടിനെയോ അതിന്റെ സംഗീതത്തയോ ആല്ല കുറ്റപ്പെടുത്തിയത്. ആ പാട്ടിന്റെ വരികളുടെ അർഥമാണ് എതിർക്കപ്പെടേണ്ടത്. കല കലയ്ക്ക് വേണ്ടിയാണ് എന്നു പറയുമ്പോഴും അത് ഒരു തലമുറയെ സാംസ്കാരിക സാമൂഹിക തലങ്ങളിലേക്ക് ഉയർത്താൻ കഴിവുള്ള ശക്തിയാണെന്ന്് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ആ പാട്ടിന്റെ വരികൾ അംഗീകരിക്കാനാകില്ല. അന്ന് 45 മിനിട്ട് പ്രസംഗിച്ചു. യുവാക്കളിൽ മാധ്യമങ്ങളുടെ സ്വാധീനവും ഇന്നത്തെ യുവതലമുറയുടെ പെരുമാറ്റവും പരാമർശിച്ചുള്ളതായിരുന്നു പ്രസംഗം.

പ്രഷർ കുക്കർ വാങ്ങി ഭാര്യയായ ഐശ്വര്യ റായിക്ക് നൽകി സ്നേഹം പ്രകടിപ്പിക്കുന്ന സ്നേഹവാനായ ഭർത്താവ് അഭിഷേക് ബച്ചൻ ടിവിയിലെത്തുമ്പോൾ പ്രഷർ കുക്കർ വാങ്ങാൻ പണമില്ലാത്ത കുടുംബ നാഥന് സ്നേഹമില്ലേ എന്ന് ചോദിച്ചു പോകേണ്ട നിലയിലേക്ക് നമ്മുടെ സമൂഹം മാറിയിരിക്കുന്നു. ജിമിക്കി കമ്മൽ മാത്രമെടുത്തല്ല എന്റെ പ്രസംഗത്തിന്റെ ആശയം രൂപപ്പെടുത്തിയത്. പറഞ്ഞു വന്നപ്പോൾ യുവ തലമുറയെ സ്വാധീനിക്കുന്ന പാട്ടുകളെയും പരസ്യങ്ങളെയുമെല്ലാം പറഞ്ഞുവെന്നേ ഉള്ളൂ. പ്രസംഗവും ഒരു കലയാണല്ലോ? ഗാന്ധിജിയും രാജീവ് ഗാന്ധിയും ഭഗത് സിംഗും ചെഗുവേരയും എല്ലാം അവരുടെ യൗവ്വനത്തിലാണ് ചരിത്രം തിരുത്തിക്കുറിച്ചത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് മുന്നിലേക്കും രണ്ടു പേരെത്തുന്നുണ്ട്. അത് ചോക്ലേറ്റിന്റെ പരസ്യത്തിലെ സുരേഷും രമേഷുമാണ്. അവരെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് എന്റെ പ്രസംഗം ഞാൻ അവസാനിപ്പിക്കുന്നത്.

ഫൈവ്സ്റ്റാർ കഴിച്ച് അച്ഛന്റെ പാന്റ്സിന്റെ നീളം മറന്നു പോയ രണ്ടു പേർ. എന്നാൽ അത് കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണെന്നും ആണ് പ്രസംഗം അവസാനിക്കുന്നത്. പക്ഷേ ജിമിക്കി കമ്മൽ പാട്ടിനെക്കുറിച്ച് പറഞ്ഞത് മാത്രം എടുത്ത് പ്രശ്നമുണ്ടാക്കുകയായിരുന്നു. ശരിക്കും ഷാൻ റഹ്മാൻ ഇത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുമ്പോൾ മാത്രമാണ് ഇത്ര വൈകാരിക തലത്തിലേക്ക് അത് എത്തി എന്നറിയുന്നത്.– ചിന്ത വ്യക്തമാക്കുന്നു.