Thursday 26 November 2020 12:03 PM IST : By സ്വന്തം ലേഖകൻ

‘ഇരുന്നുകൊണ്ട് തേങ്ങ ചിരവാം, കറിക്കരിയാം’; വേണുച്ചേട്ടന്റെ ലോക്ഡൗൺ കണ്ടുപിടിത്തം ‘ചിരവക്കസേര’ സൂപ്പർഹിറ്റ്

chrava-kasera44ggghhjh

ഇരുന്നുകൊണ്ട് തേങ്ങ ചിരവാം, കറിക്കരിയാം, വേണുച്ചേട്ടന്റെ ലോക്ഡൗൺ കണ്ടുപിടിത്തം ‘ചിരവക്കസേര’ സൂപ്പർഹിറ്റ്. ആമ്പല്ലൂർ സ്വദേശി കുഴിയംപുനത്തിൽ വേണുഗോപാലാണു ജോലി നഷ്ടപ്പെട്ട ലോക്ഡൗൺ നാളുകളിൽ അടുക്കളയിൽ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കസേരയും സ്റ്റൂളും നിർമിച്ചു ശ്രദ്ധേയനായത്. അൻപതോളം കസേരയ്ക്ക് ഇപ്പോൾ തന്നെ ആവശ്യക്കാരെത്തി. 

മരപ്പണിക്കാരനായ വേണുഗോപാൽ സമ്പൂർണ ലോക്ഡൗൺ സമയത്താണ് അടുക്കള ഉപയോഗത്തിനായി വ്യത്യസ്തമായ സ്റ്റൂൾ നിർമിക്കാൻ തീരുമാനിച്ചത്. ഇരുന്നു തന്നെ എളുപ്പത്തിൽ തേങ്ങ ചിരവാനും കറിക്കരിയാനുമുള്ള സൗകര്യം ഒരുക്കിയായിരുന്നു സ്റ്റൂൾ നിർമാണം. ആവശ്യ സമയത്തു മാത്രം ചിരവക്കത്തി പുറത്തെടുക്കാവുന്ന രീതിയിലായിരുന്നു നിർമാണം. സ്റ്റൂൾ വിജയിച്ചതോടെയാണു കസേര നിർമാണത്തിലും പരീക്ഷണം തുടങ്ങിയത്.

ചിരവാനും അരിയാനുമുള്ള സൗകര്യത്തിനു പുറമേ രണ്ടായി മടക്കി മൂന്നടി ഉയരമുള്ള ലാഡറായും കസേര മാറ്റാം. തള്ളിക്കൊണ്ടുപോകാൻ കസേരയുടെ കാലിൽ ചക്രവും ഘടിപ്പിച്ചിട്ടുണ്ട്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണു കസേര നിർമാണം പൂർത്തിയാക്കിയത്. ഒന്നര ദിവസമാണ് ഒരു കസേര നിർമിക്കാനായി വേണ്ടിവരുന്നത്. സ്റ്റൂൾ ഒരു ദിവസം കൊണ്ടു പൂർത്തിയാക്കാം. ആവശ്യക്കാരേറിയതോടെ ബന്ധുക്കളെയും ഒപ്പം കൂട്ടി കസേര നിർമാണം സജീവമാക്കിയിരിക്കുകയാണ് വേണുഗോപാൽ.

Tags:
  • Spotlight