Tuesday 20 June 2023 02:10 PM IST

മകൻ സ്കൂളിൽ പോകുന്നതു കടലിൽ വച്ചു കാണാൻ സാധിച്ചു, ഈ യാത്രയിലെ മറക്കാനാകാത്ത നിമിഷം: അഭിലാഷ് ടോമി പറയുന്നു

Shyama

Sub Editor

abhilash-tomy-s അഭിലാഷ് ടോമിയും ഭാര്യ ഉർമിമാലയും

നിങ്ങൾക്കു നിങ്ങളായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. യഥാർഥ നിങ്ങൾ ആയിരിക്കാൻ... ഇവിടെ.. ഇപ്പോൾ... അതിനു ത ടസം സൃഷ്ടിക്കാൻ യാതൊന്നിനും കെൽപ്പില്ല.’’ അതിരില്ലാത്ത ആത്മവിശ്വാസത്തെക്കുറിച്ചു സം സാരിക്കുന്ന ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ എന്ന പുസ്തകത്തിലെ വരികളാണിത്.

ഈ വരികൾ അന്വർഥമാക്കിയ ഒരു മലയാളിയുണ്ട് – റിട്ടയേർഡ് നേവൽ കമാൻഡർ അഭിലാഷ് ടോമി! ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാമതെത്തിയ പോരാളി. അതിൽ വിജയിക്കുന്ന ആദ്യ ഏഷ്യക്കാരൻ. കടലിലൂടെ ഏകാകിയായി ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം 2013ൽ അഭിലാഷ് സ്വന്തമാക്കിയതാണ്. 2018ലെ ഗോൾഡൻ ഗ്ലോബ് റേസിൽ മൂന്നാംസ്ഥാനത്തു നിൽക്കുമ്പോഴാണ് അപകടം മൂലം പിൻവാങ്ങേണ്ടി വന്നത്. നടുവിനു സാരമായ പരുക്കും പറ്റി. പക്ഷേ, ആ മടക്കം പിന്മാറ്റമായിരുന്നില്ല. 2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ സാബ്‌ലെ ദെലോനിൽ നിന്നു തുടങ്ങിയ യാത്ര 236 ദിവസം കൊണ്ടാണു പൂർത്തീകരിച്ചത്.

സെയിലിങ് തുടങ്ങാനുള്ള പ്രചോദനം ആരാണ്?

ഇത്തവണ ഒന്നാം സ്ഥാനത്തെത്തിയത് കിഴ്സ്റ്റൻ നോയിഷെയ്ഫർ എന്ന ദക്ഷിണാഫ്രിക്കൻ വനിതയാണ്. ഞാ ൻ സെയിലിങ്ങിനിറങ്ങാൻ കാരണം ഒരു സ്ത്രീയാണ്.

1999ൽ എറൗണ്ട് ദി ഗ്ലോബ് എന്ന പേരിൽ ഒരു സമുദ്രപരിക്രമണ മത്സരം ഉണ്ടായിരുന്നു. അന്ന് ഇസബെൽ ഓട്ടിസിയർ എന്നൊരു ഫ്രഞ്ച് സ്വദേശിയായിരുന്നു വിജയി. സെയിലിങ്ങിലേക്ക് എന്റെ ശ്രദ്ധ ആകർഷിച്ചത് അവരാണ്. ലോകത്തിൽ നടക്കുന്ന മത്സരങ്ങൾ നോക്കിയാൽ ദീർഘദൂര സെയിലിങ് ആയിരിക്കും ലിംഗഭേദമന്യേ ആർക്കും ആരുമായും മത്സരിക്കാൻ പറ്റുന്ന ഇടം. ബാക്കി മിക്ക മത്സരങ്ങൾക്കും പ്രത്യേകം വിഭാഗങ്ങൾ തന്നെയുണ്ട്. ഇവിടെ ലിംഗഭേദം മാത്രമല്ല, പ്രായം, പരിചയം തുടങ്ങി ഒന്നും മത്സരഘടകമല്ല. മത്സരം കടലിനോട് മാത്രം.

എന്താണ് കടലിനെ കുറിച്ചുള്ള ആദ്യ ഓർമ?

കുട്ടനാട്ടുകാരനാണ് അച്ഛൻ ടോമി. അദ്ദേഹം നേവിയിലായിരുന്നു. ഓർമ വച്ച കാലത്തെ ജലാശയങ്ങൾക്കരികിലായിരുന്നു താമസം. കുഞ്ഞിലേ തൊട്ട് ഇഷ്ടമായിരുന്നു ജലയാത്രകൾ. മുതിർന്നപ്പോൾ സെയിലിങ് സംബന്ധമായ ധാരാളം പുസ്തകങ്ങൾ വായിച്ചു. അതൊക്കെ പ്രചോദനമായി. പൈലറ്റും സെയിലറും ആകാനായിരുന്നു ആഗ്രഹം. ഇത് രണ്ടും നടക്കുന്നിടം നേവിയായിരുന്നു, അങ്ങനെ നേവിയിൽ ചേർന്നു .

നേവിയിൽ നിന്നു വിരമിക്കാനുള്ള തീരുമാനം ശരിയായിരുന്നു എന്നു തോന്നുന്നുണ്ടോ?

ഗോൾഡൻ ഗ്ലോബിൽ റേസിൽ(ജി.ജി.ആർ) പങ്കെടുത്തില്ലായിരുന്നെങ്കിലും അതൊരു ശരിയായ തീരുമാനമായിരുന്നു. കഴിഞ്ഞ 26 കൊല്ലം ഇന്ത്യൻ നേവിയിലുണ്ടായിരുന്നു. അതൊരു വലിയ കാലയളവാണ്. ഒരു മാറ്റം ഞാനും ആഗ്രഹിച്ചിരുന്നു.

2018ൽ മത്സരം മുഴുമിക്കാനായില്ല. അതിൽ നിന്നു എ ന്തെല്ലാം പാഠങ്ങളാണു പഠിക്കാൻ സാധിച്ചത്?

ജി.ജി.ആറിൽ മത്സരിച്ചാലും ഇല്ലെങ്കിലും അതേക്കുറിച്ചു പിന്നീടോർത്താൽ നഷ്ടബോധം വരും എന്നു പലരും പറഞ്ഞിരുന്നു. മത്സരിക്കാതെ തോന്നുന്ന നഷ്ടത്തേക്കാൾ നല്ലതു മത്സരിച്ചു കഴിഞ്ഞു വരുന്ന സന്തുഷ്ടിയുള്ള നഷ്ടമാണെന്നു തോന്നി. അങ്ങനെ മത്സരിച്ചു.

2018ലെ മത്സരത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആ ദ്യം മനസ്സിലായതു മികച്ച ടീം ഉണ്ടായിരുന്നില്ല എന്നാണ്. അന്നത്തെ ബോട്ട് മികച്ചതായിരുന്നു. പക്ഷേ, സപ്പോർട്ടിങ് ടീമിന്റെ അപര്യാപ്തത ഉണ്ടായിരുന്നു. അതാണ് ഇത്തവണ മത്സരത്തിനിറങ്ങിയപ്പോൾ വരുത്തിയ വലിയ മാറ്റം. വളരെ മികച്ചൊരു ടീം മാനേജരെ കിട്ടി. വളരെയേറെ പിന്തുണച്ചൊരു സ്പോൺസറേയും മികവുറ്റൊരു ടെക്നിക്കൽ മാനേജരേയും ലഭിച്ചു.

കാലാവസ്ഥ, ശാരീരിക വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?

2018ലെ ജി.ജി.ആറിൽ പങ്കെടുത്തതിന്റെ ഭാഗമായി നട്ടെല്ലിനേറ്റ ക്ഷതവും മറ്റും പൂർണമായും ഭേദപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

കാലാവസ്ഥയുടെ കാര്യം അങ്ങനെയായിരുന്നില്ല. പ ലപ്പോഴും ഭൂമധ്യരേഖയ്ക്ക് അരികിലായപ്പോൾ അമിതമായ ചൂടും തെക്ക് സമുദ്രദിശയിൽ കൊടുങ്കാറ്റും നേരിടേണ്ടി വന്നു. അതിലൊരു കൊടുങ്കാറ്റിൽ പെട്ടു തുടർച്ചയായി 12 മണിക്കൂർ ബോട്ടിന്റെ സ്റ്റിയറിങ്ങിൽ തന്നെ നിൽക്കേണ്ടി വന്നു. അതോടെ പുറംവേദന കലശലായി. പേശികൾ സ ങ്കോചിച്ചുണ്ടാകുന്ന തരിപ്പും വന്നു. അനങ്ങാൻ പറ്റാത്ത അവസ്ഥ. ഉടനെ ഫിസിയോതെറപ്പിസ്റ്റിനോടു സംസാരിച്ചു. അദ്ദേഹം തന്ന നിർദേശങ്ങൾ പാലിച്ചു. വ്യായാമങ്ങളും ചെയ്തു. പുറംവേദന വന്നെങ്കിലും അതു പേശി സംബന്ധമായവ മാത്രമായിരുന്നു. അതൊക്കെ തരണം ചെയ്തു.

ഇത് കൂടാതെ ബോട്ടിന് പ്രശ്നങ്ങൾ ധാരാളമുണ്ടായി. ബോട്ടിന്റെ സെയിലുകൾ കീറിപ്പോയിരുന്നു. കെയ്പ് ഹോണിലെത്തിയതും സെൽഫ് സ്റ്റിയറിങ് പ്രവർത്തിക്കാതായി. അതിന്റെ സ്പെയറുകളും തീർന്നു. ഗ്യാസ് സ്റ്റൗവിനും ശുദ്ധജല പമ്പിനും തകരാറുകൾ വന്നു. അതൊക്കെ സ്വയം റിപയർ ചെയ്താണു മുന്നോട്ടു നീങ്ങിയത്.

abhilash-2

മിക്കസമയത്തും ബോട്ട് നനഞ്ഞിരുന്നു. പലയിടത്തു നിന്നും ചോർച്ചയും ഉണ്ടായി. അതുകൊണ്ടു തന്നെ ബോട്ടിനകത്തുള്ളതൊക്കെയും നനഞ്ഞിരുന്നു. കിടക്കയും സെയിലുകളും കിടക്കുന്ന ബങ്കും നനഞ്ഞു കുതിർന്നിരിക്കും. മിക്കവാറും സമയവും റെയിൻ കോട്ടാണു ധരിച്ചിരുന്നത്.

236 ദിവസം തനിച്ച് കടലിലായിരുന്നു. തിരികെ ആളുകളുമായി ഇടപഴകേണ്ടി വരുമ്പോൾ ബുദ്ധിമുട്ടുണ്ടോ?

തുടക്കത്തിൽ അതൊരു പ്രശ്നമായിരുന്നു. പക്ഷേ, രണ്ടാം സ്ഥാനം നേടി രണ്ടാം ദിവസം ആയപ്പോഴേക്കും കോവിഡ് പോസിറ്റീവായി. കോവിഡ് കാരണം ഏകാന്തവാസം അൽപം കൂടി നീട്ടി കിട്ടി. ചെറുപ്പത്തിൽ വളരെ ഉൾവലിഞ്ഞ പ്രകൃതമായിരുന്നു. മറ്റുള്ളവരോടു സംസാരിക്കാൻ പഠിക്കേണ്ടി വന്നിട്ടുണ്ട്. ഉള്ളിന്റെയുള്ളിൽ ഞാൻ ഇൻട്രോവെർട് ആണെന്നു തോന്നിയിട്ടുണ്ട്.

അതു സെയിലിങ്ങിൽ സഹായകരമായോ?

തീർച്ചയായും. നമുക്കു നമ്മളുമായി ചെലവഴിക്കാൻ സമയം കിട്ടും.അന്തർമുഖരായവർക്ക് അവനവനുമായി എങ്ങനെ സമയം ചെലവിടണമെന്നു നന്നായി അറിയാം.

ചെറുപ്പത്തിലെ കടൽക്കാഴ്ചയും ഇപ്പോൾ കണ്ട കടലും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇനിയും മത്സരങ്ങൾക്കു പോകുമോ?

ചെറുപ്പത്തിൽ കടൽ കാണുമ്പോൾ അതിലേക്കു പോകാ ൻ അടങ്ങാത്ത ആഗ്രഹമായിരുന്നു. അന്നു കടലിൽ ഇറങ്ങാൻ സമ്മതിക്കില്ല. ഇപ്പോൾ രണ്ടു തവണ കടലായ കടലൊക്കെ കണ്ടതുകൊണ്ട് ഉള്ളിൽ കടൽ നിറഞ്ഞ അവസ്ഥയാണ്. ഒരുതരത്തിൽ പറഞ്ഞാൽ സ്വപ്നസാക്ഷാത്കാരം. ഈ റേസിന് ഇനി പോകാൻ സാധ്യതയില്ല. പ ക്ഷേ, മറ്റു മത്സരങ്ങൾക്കു തീർച്ചയായും പോകും.

ഈ യാത്രയിലെ മറക്കാനാവാത്ത നിമിഷങ്ങൾ?

മകൻ സ്കൂളിൽ പോകുന്നതു കടലിൽ വച്ചു കാണാൻ സാധിച്ചതാണൊരു കാര്യം. കേപ് ടൗണ്‍ ഗേറ്റിലൂടെ പോകെ സ്പോൺസർമാർ മറ്റൊരു ബോട്ട് വഴി വന്ന് ലാപ്ടോപ്പിലൂടെ മകൻ സ്കൂളിലിരിക്കുന്നതു കാണിച്ചു തന്നു.

ടാസ്‍മാനിയയിൽ 24 മണിക്കൂർ ബ്രേക് എടുത്തിരുന്നു. അവിടെ സ്പോൺസർമാരും ടീം മാനേജറും എന്നെ വന്നു കണ്ടു. അതും നല്ല അനുഭവമായിരുന്നു. പല ഗേറ്റുകളിലൂടെയാണ് കടന്നു പോകേണ്ടത്. ആദ്യത്തെ ഗേറ്റ്– കനറി ഐലന്റ്സിലായിരുന്നു. രണ്ടാമത്തേത് കേപ് ടൗൺ– മൂന്നാമത്തേത് ടാസ്മാനിയ. മത്സരം ഫിനിഷ് ചെയ്തതും മറക്കാനാവാത്ത അനുഭവമായിരുന്നു. എന്റെ ബോട്ട് ‘ബയാനത്’ സ്വന്തം ശരീരത്തിന്റെ ഭാഗമായാണു കരുതുന്നത്.

കടൽ പുറ്റുകൾ മുറിച്ചു വഴി തെളിക്കാനായി കടലിലേക്കു ഡൈവ് ചെയ്തതിനെ കുറിച്ചു പറയാമോ? കടലിലെ മറ്റു വിചിത്ര കാഴ്ചകൾ എന്തൊക്കെയായിരുന്നു...?

തെക്കേ അറ്റ്ലാന്റിക്കിൽ വച്ചായിരുന്നു അത്. ഉയർന്ന മർദ്ദമുള്ള സമയത്തായിരുന്നു. രണ്ടാം ദിവസം അതിലൂടെ നീങ്ങുമ്പോള്‍ ബോറടിച്ചിട്ടാണു കടലിലേക്കിറങ്ങി കടൽപ്പുറ്റുകള്‍ ഉണ്ടെങ്കിൽ അവ നീക്കാം എന്ന് കരുതിയത്. വെള്ളത്തിന് നല്ല തണുപ്പായിരുന്നു. എനിക്കു ഡൈവിങ് സ്യൂട്ട് ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആദ്യം ഒരു ബക്കറ്റ് വെള്ളമെടുത്തു തലയിലൂടെയൊഴിച്ചു. ശരീരത്തിന്റെ താപനില കുറഞ്ഞപ്പോൾ വെള്ളത്തിലേക്കു ചാടി ഈ കടൽപ്പുറ്റുകളെ മാറ്റി.

കടൽജീവികളെ പലപ്പോഴും അവയുടെ സ്ഥിര ആവാസവ്യവസ്ഥയിൽ നിന്നും മാറി ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്തൊക്കെ കണ്ടിട്ടുണ്ട്. 40 ഡിഗ്രി സൗത്തിൽ പറക്കും മത്സ്യങ്ങളെ കണ്ടിട്ടുണ്ട്. അവരെ അവിടെ കാണുക പതിവല്ല. അതുപൊലെ രണ്ടു ഡിഗ്രി സൗത്തിൽ സർഗോസോ സീവീഡുകളെ കണ്ടിട്ടുണ്ട്. സാധാരണ അവ അറ്റ്ലാന്റിക്കിന്റെ വടക്കു പ്രദേശത്താണു നിലകൊള്ളുക. 26 – 27 സൗത്തിൽ ആൽബട്രോസുകളേയും കണ്ടിരുന്നു, അവയും സാധാരണ വടക്കാണു കാണാറുള്ളത്.

abhilash-3

യാത്രാ വേളയിലെ ഭക്ഷണം, വെള്ളം ഒക്കെ എങ്ങനെയാ യിരുന്നു?

പ്രിസർവ് ചെയ്ത പലതരം ഭക്ഷണമാണു കഴിച്ചത്. ടിൻ മീറ്റും അരിയും കൊണ്ടു പോയിരുന്നു. ചോറുണ്ടാക്കി. അ തോടൊപ്പം ടിൻഡ് ഭക്ഷണവും ആണു പ്രധാനമായി കഴിച്ചത്. 270 ലീറ്റർ വെള്ളം പോകുമ്പോൾ കൊണ്ടു പോയിരുന്നു, ഒപ്പം മഴവെള്ളവും ശേഖരിച്ച് ഉപയോഗിച്ചു.

മത്സരവിജയം വീട്ടുകാർ എങ്ങനെയാണു സ്വീകരിച്ചത്? മക്കൾക്കു കടൽയാത്രയിൽ താൽപര്യമുണ്ടോ?

അവർക്ക് വളരെ സന്തോഷവും അതിലുപരി സമാധാനവുമായിരുന്നു. മൂത്ത മകൻ വേദാന്തും സെയിലിങ് തുടങ്ങിയിട്ടുണ്ട്. ഇളയ ആൾ അബ്രനീൽ അത്രയ്ക്ക് വളർന്നിട്ടില്ല.

ശ്യാമ

.