Saturday 08 May 2021 11:53 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ട മുത്തശ്ശിയുടെ വിയോഗം അറിഞ്ഞിട്ടും നാട്ടിലെത്തിയില്ല; സങ്കടത്തിലും കോവിഡ് രോഗികളെ പരിചരിച്ച് രാഖി, ആത്മസമർപ്പണത്തിന്റെ കോവിഡ് പ്രതിരോധം

rakhii5566677gg

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. തങ്ങളുടെ മുന്നിലെത്തുന്ന രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കാൻ ജീവൻ പണയം വച്ച് പോരാടുകയാണ് നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ. ഇതിനിടയിൽ  സ്വന്തം കാര്യമായാലും കുടുംബക്കാര്യമായാലും അവർക്കത് മാറ്റിവയ്ക്കേണ്ടി വരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാവുകയാണ് ഡൽഹി എയിംസിലെ മലയാളി നഴ്സ് രാഖി ജോൺ. സ്വന്തം മുത്തശ്ശി മരിച്ചിട്ട് പോലും നാട്ടിലേക്ക് പോകാതെയാണ് രാഖി ആശുപത്രിയിലെ കോവിഡ് രോഗികളെ പരിചരിച്ചത്.

കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് രാഖിയുടെ മുത്തശ്ശിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ പ്രവേശിപ്പിക്കും മുൻപ് രാഖി മുത്തശ്ശിയോട് ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ രണ്ടു ദിവസത്തിനുശേഷം രാഖിയെ തേടി മുത്തശ്ശിയുടെ മരണവാർത്ത എത്തി. അണപൊട്ടിയെത്തിയ സങ്കടത്തിനിടയിലും തന്റെ രോഗികളെ ഉപേക്ഷിച്ച് രാഖി കേരളത്തിലേക്ക് വണ്ടി കയറിയില്ല. ഡൽഹി നേരിടുന്ന അതീവ ഗുരുതര സാഹചര്യത്തിൽ നിരവധി പേരുടെ ജീവൻ തന്റെ കൈയിലും കൂടിയാണെന്ന് രാഖിക്ക് അറിയാമായിരുന്നു.

ചെറുപ്പത്തിലേ അമ്മ മരിച്ച രാഖിക്ക് മുത്തശ്ശിയായിരുന്നു അമ്മ. വളർത്തിയതും പഠിപ്പിച്ചതുമെല്ലാം മുത്തശ്ശി തന്നെ. സഹായം ആവശ്യമുള്ളവർക്ക് സേവനം നൽകാൻ രാഖിയെ പഠിപ്പിച്ചതും ഈ മുത്തശ്ശിയാണ്. ഇതുകൊണ്ട് കൂടിയാണ് മുത്തശ്ശി ഇല്ലാതായിട്ടും സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് രാഖി ആശുപത്രിയിലെ സേവനം തുടർന്നത്.

രാഖിയുടെ മകളെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് മുത്തശ്ശി യാത്രയായത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മൂലവും ആശുപത്രിയിലെ ജോലിത്തിരക്ക്  കാരണവും മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റാൻ രാഖിക്ക് കഴിഞ്ഞിരുന്നില്ല. തനിക്ക് മരുന്നും കുത്തിവയ്പ്പും നൽകുന്ന രാഖിയെ സ്വപ്നത്തിൽ കണ്ടെന്ന് അവസാനം വിളിക്കുമ്പോൾ മുത്തശ്ശി പറഞ്ഞിരുന്നു. രാഖിയെ പോലെ നിരവധി പേരുടെ കണ്ണീരും ത്യാഗവും ആത്മസമർപ്പണവും കൂടി ചേരുന്നതാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധം. 

Tags:
  • Spotlight