Tuesday 11 August 2020 01:34 PM IST : By സ്വന്തം ലേഖകൻ

കനത്ത മഴയും പ്രളയദുരിതങ്ങളും ഒപ്പം കോവിഡ് ഭീഷണിയും; എങ്ങനെ അപകടങ്ങൾ അകറ്റിനിർത്താം? കുറിപ്പ്

covid-floodesxcv

കനത്ത മഴയ്ക്കൊപ്പം പ്രളയദുരിതങ്ങൾ കൂടി നേരിട്ടുകൊണ്ടിരിക്കുകയാണ് നമ്മൾ. വെള്ളപ്പൊക്കത്തോട് അനുബന്ധമായി പലവിധ അപായങ്ങള്‍, രോഗങ്ങള്‍ എന്നിവയും ഉണ്ടാവാം. അതേസമയം കോവിഡ് കാലത്ത് മറ്റു അപകടങ്ങൾ മൂലം ആശുപത്രിയിൽ പോവുന്നത് കഴിയുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഈ വിഷയത്തിൽ ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. ഡോക്ടർ ദീപു സദാശിവനാണ് കുറിപ്പെഴുതിയിരിക്കുന്നത്. 

ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് വായിക്കാം; 

മഴക്കാലത്ത് എങ്ങനെ അപകടങ്ങൾ അകറ്റി നിർത്താം ?

മഹാമാരിയോടൊപ്പം പ്രളയ ദുരിതങ്ങള്‍ നേരിട്ട് കൊണ്ടിരിക്കയാണ് നാം, ഉയരുന്ന ജലനിരപ്പിനൊപ്പം വലിയൊരു വിഭാഗം മനുഷ്യരുടെ നെഞ്ചിടിപ്പും കൂടുന്നുണ്ട്. ജീവനും, സ്വത്തിനും, ഒപ്പം ആരോഗ്യത്തിനും പലവിധ ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ട് പ്രകൃതിയുടെയീ ക്ഷോഭം. വെള്ളപ്പൊക്കത്തോട് അനുബന്ധമായി പലവിധ അപായങ്ങള്‍, രോഗങ്ങള്‍ എന്നിവ ഉണ്ടാവാം. കോവിഡ് രോഗബാധയിൽ നിന്നും എങ്ങനെ സുരക്ഷിതരാവണം എന്നുള്ളത് നാം ആറുമാസമായി നിരന്തരം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. എന്നാൽ കോവിഡ് കാലത്ത് മറ്റു അപകടങ്ങൾ മൂലം ആശുപത്രിയിൽ പോവുന്നതും നാം കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കണം. മറ്റുള്ള അപകട സാധ്യതകൾ എങ്ങനെ കുറയ്ക്കാനാവും...?

അപകടങ്ങള്‍ 

മുങ്ങി മരണം, വാഹനാപകടങ്ങള്‍, വൈദ്യുതാഘാതം ഇവയാണ് ഏറ്റവും സാധ്യതയേറിയത്‌.

A. വെള്ളത്തില്‍ മുങ്ങിയുണ്ടാവുന്ന (Drowning) അപകടങ്ങള്‍

. നദിയും തോടുമൊക്കെ കരകവിഞ്ഞ് കിടക്കുമ്പോള്‍ മൂടപ്പെടാത്ത മാന്‍ഹോളുകള്‍, ഓടകള്‍, കുഴികള്‍ എന്നിവ തിരിച്ചറിയാന്‍ പ്രയാസം ഉണ്ടാവാം, പെട്ടന്ന് ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള മഴവെള്ളം കുത്തി ഒലിച്ചു വരാം, ഡാമുകള്‍ പോലുള്ളവ തുറന്നു വിടുമ്പോള്‍ ശക്തമായ ജല പ്രവാഹം ഉണ്ടാകാം.

. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നാം കാണിക്കുന്ന വിമുഖതയ്ക്ക് ജീവന്‍ വില കൊടുക്കേണ്ടി വരുന്നതാണ് ഏറ്റവും സങ്കടകരം. അല്പം കരുതല്‍ ഉണ്ടായിരുന്നു എങ്കില്‍ ഒഴിവാക്കാവുന്ന മരണങ്ങള്‍ ആയിരുന്നു ഇവയില്‍ പലതും.

വേണ്ട കരുതലുകള്‍

.  സുരക്ഷിതത്വം സംബന്ധിച്ച അധികാരികളുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുക.

. അനാവശ്യ അപകടസാധ്യതകള്‍/സാഹസിക പ്രവര്‍ത്തികള്‍ എന്നിവ ഒഴിവാക്കുക.

. കുത്തൊഴുക്കുള്ള ഈ സമയത്ത് നദികളില്‍ കുളിക്കുന്നതും, മീന്‍ പിടുത്തത്തിനു ഇറങ്ങുന്നതുമൊക്കെ ഒഴിവാക്കുക.

.  സന്നിഗ്ദ്ധ ഘട്ടങ്ങള്‍ ഉണ്ടായാല്‍ അധികാരികളുടെ സഹായം തേടുക. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ഉള്ള ഫയര്‍ & റെസ്ക്യു, നാവിക സേന, പോലീസ് എന്നിവരുടെ സഹായം ലഭ്യമാക്കുന്നുണ്ട് എന്നത് ഓര്‍ക്കുക.

.  ഒരു ഉല്ലാസ വേള ആയി കരുതി വെള്ളം പൊങ്ങിയിരിക്കുന്ന പ്രദേശങ്ങള്‍ കാണാനും, “വെള്ളത്തില്‍ കളിക്കാനും” ഇറങ്ങുന്നത് സ്വയം അപകടം വിളിച്ചു വരുത്തുന്നതും മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്നതുമായ പ്രവര്‍ത്തി ആയിരിക്കും, ദയവു ചെയ്തു ഒഴിവാക്കുക.

. ഒഴുക്കില്‍ പെടുകയോ മുങ്ങി പോവുകയോ ചെയ്യുന്ന ആളെ രക്ഷിക്കാന്‍ മതിയായ സുരക്ഷാ നടപടികള്‍ ഇല്ലാതെ പുറകെ ചാടുന്നത് പോലുള്ള സാഹസിക പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക.

B. വാഹനാപകടങ്ങള്‍ 

വാഹനം ആറിൽ വീണു ഒരു ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം ദാരുണമായി മരണപ്പെട്ടു. എല്ലാവർഷവും ഇത്തരം കാര്യങ്ങൾ ഉണ്ടാവുന്നുണ്ട് എന്നോർക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

.  മഴക്കാല പൂര്‍വ്വ “ചെക്ക്‌ അപ്പ്‌” നിങ്ങളുടെ വാഹനങ്ങള്‍ക്ക് കൊടുക്കുന്നത് ഉചിതമാണ്. ബ്രെയ്ക്ക്, വിന്‍ഡ് ഷീല്‍ഡ്കള്‍, വൈപ്പര്‍, ടയറുകള്‍, ഹെഡ് ലൈറ്റ്, ഹോണ്‍ എന്നിവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പു വരുത്തുക.

. മഴമൂലം റോഡുകളില്‍ പുതുതായി ഗര്‍ത്തങ്ങളുണ്ടാവാനിടയുണ്ടെന്നത് ഓര്‍ക്കുക.

.  റോഡില്‍ കൂടെയുള്ള വെള്ളമൊഴുക്ക് അപ്രവചനീയമായതിനാല്‍ കഴിയുന്നതും വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള /പരിചയമില്ലാത്ത സ്ഥലത്ത് കൂടിയുള്ള വാഹനയാത്രകള്‍ ഒഴിവാക്കുക.

. അസമയത്ത് വാഹനയാത്ര ഒഴിവാക്കുക.

. വാഹനത്തകർറാറുകൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്തു വേണം വാഹനം ഓടിക്കാനും യാത്രകൾ പ്ലാൻ ചെയ്യാനും.

. എഞ്ചിന്‍ നില്‍ക്കാനും, ഉള്ളില്‍ വെള്ളം കയറാനും, സെൻസറുകൾ എന്നിവ പ്രവര്‍ത്തന രഹിതമാവനും സാധ്യത ഉണ്ടെന്നത് ഓര്‍ക്കുക.

. ബ്രേക്ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തകരാറിലാവാൻ സാധ്യതയുണ്ട്.

. കനത്ത മഴയത്ത് വാഹനങ്ങളുടെ ബ്രേക്കിംഗ് കുറയാന്‍ / തെന്നാന്‍ ഒക്കെ സാധ്യത വളരെ കൂടുതലാണെന്നത്.

. മഴയത്ത് കാഴ്ച്ചയില്‍ ഉണ്ടാകാവുന്ന കുറവും അപകടങ്ങൾക്കു കാരണമാവും.

.  Hydroplaning എന്ന പ്രതിഭാസം, അതായത് വെള്ളത്തിലൂടെ പോവുമ്പോള്‍ റോഡ്‌ ഉപരിതലവുമായുള്ള സമ്പര്‍ക്കം ഇല്ലാതാവുകയോ വളരെ കുറയുകയോ ചെയ്യുന്നതിലൂടെ വാഹനം നിയന്ത്രണാതീതമായി തെന്നി നീങ്ങാന്‍ സാധ്യതയുണ്ട്.ടയറുകള്‍ തേയുന്നതിന് ആനുപാതികമായി ഇതിലുള്ള അപകടസാധ്യതയും കൂടുന്നു. ഈ സാധ്യത കുറയ്ക്കാന്‍ പെട്ടന്നുള്ള വെട്ടിക്കല്‍, പെട്ടന്ന് ബ്രേക്ക് പ്രയോഗിക്കലെന്നിവ പരമാവധി ഒഴിവാക്കണം.

. വേഗത വളരെ കുറച്ചു മാത്രമേ വണ്ടി ഒടിക്കാവൂ. ഇതിനായി യാത്രയ്ക്ക് സാധാരണയില്‍ കൂടുതല്‍ സമയം അനുവദിക്കാം, നേരത്തെ ഇറങ്ങാം, യാത്രയില്‍ ധൃതിയും അനാവശ്യ റിസ്കും ഒഴിവാക്കാം.

. വളവുകളില്‍ വേഗത നന്നായി കുറയ്ക്കുക.

. മഴയത്ത് ഹെഡ് ലൈറ്റ് തെളിക്കുക.

.  ബ്രേക്ക് ചെയ്യാന്‍ എടുക്കുന്ന അകലം കൂടുന്നതിനാല്‍ വാഹനങ്ങള്‍ തമ്മില്‍ കൂടുതല്‍ അകലങ്ങള്‍ പാലിക്കണം.

. കനത്ത മഴ ആണെങ്കില്‍ വാഹനം നിര്‍ത്തിയിട്ട് മഴ കുറയുന്നത് വരെ കാത്തിരിക്കുന്നതാണ് ഉചിതം.

. റോഡിലൂടെ നടക്കുന്ന യാത്രികരെ കാണാന്‍ പ്രയാസം ഉണ്ടാവാം എന്നതിനാല്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക.

. മരങ്ങള്‍ക്കടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക. മരക്കമ്പുകൾ ഒടിയാനോ, മരം തന്നെ കടപുഴകി വീഴാനോ സാധ്യതയുണ്ട് എന്നോർക്കുക.

. യാതൊരു കാരണവശാലും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നയാള്‍ /സഹചാരി കുട പിടിച്ചു കൊണ്ട് യാത്ര ചെയ്യാന്‍ പാടില്ല, കുടയില്‍ കാറ്റ് പിടിച്ചു നിയന്ത്രണം വിട്ടു വണ്ടി മറിയുകയും യാത്രികര്‍ മരിക്കുകയും ചെയ്ത സന്ദര്‍ഭങ്ങള്‍ അനവധി ഉണ്ടായിട്ടുണ്ട്, ജീവിതത്തോളം വിലയില്ല നിങ്ങളുടെ മറ്റു തിരക്കുകള്‍ക്ക്.

C. വൈദ്യുതാഘാതം എല്ക്കാനുള്ള സാധ്യത ഒഴിവാക്കല്‍

പൊതുസ്ഥലങ്ങളില്‍ ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാനും, താഴ്ന്നു കിടക്കാനും, സാധ്യതകളുണ്ട്.വീടിനകത്ത് വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യതയേറുന്നു.

കരുതല്‍ നടപടികള്‍

i. മറിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍, അതുമായി സമ്പര്‍ക്കത്തിലാവാനിടയുള്ള വസ്തുക്കള്‍എന്നിവയില്‍ നിന്നും അകലം പാലിക്കുക.

ii. സമീപത്തുള്ള വെള്ളത്തില്‍ സ്പര്‍ശിക്കാതെയിരിക്കണം.

iii. താഴ്ന്നു കിടക്കുന്ന പവര്‍ ലൈനുകള്‍ക്ക് അടിയിലൂടെ പോവാനോ, മുകളിലൂടെ ചാടി പോവാനോ ശ്രമിക്കുകയോ എന്തെങ്കിലും കൊണ്ട് അത് ഉയര്‍ത്താനോ ശ്രമിക്കാതിരിക്കുക.പോസ്റ്റുകള്‍ നേരെ നിര്‍ത്താന്‍ ശ്രമിക്കാതെ ഇരിക്കുക.

iv. ഇലക്ട്രിക് ലൈൻ പൊട്ടി കിടക്കുന്നത് കണ്ടാല്‍ കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിക്കുക, എന്തെങ്കിലും ഉപകരണങ്ങള്‍ കൊണ്ട് അത് നീക്കം ചെയ്യാന്‍ ശ്രമിക്കാതെ ഇരിക്കുക.

അത് വഴി കടന്നു പോവാന്‍ സാധ്യതയുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കൊടുക്കുക, ബോര്‍ഡുകള്‍ സ്ഥാപിക്കുക വഴി മറ്റുള്ളവര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത തടയുക.

v. ഒരാള്‍ ഷോക്ക്‌ ഏറ്റു കിടക്കുന്നത് കണ്ടാലും വൈദ്യുതി ബന്ധം വിഛേദിച്ചതിനു ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ.

vi. പൊട്ടി കിടക്കുന്ന ലൈനുകള്‍ക്ക് മറി കടന്ന് വാഹനങ്ങള്‍ ഓടിച്ചു പോവാന്‍ ശ്രമിക്കരുത്.

vii. വാഹനം വൈദ്യുതി കമ്പിയുമായി സമ്പര്‍ക്കത്തില്‍ ആണെന്ന് തോന്നിയാല്‍, വൈദ്യുതി വിഛേദിക്കുന്നതുവരെ പുറത്തുള്ളവര്‍ കാറിനു അടുത്തേക്ക്‌ വരാതിരിക്കാന്‍ നിര്‍ദ്ദേശിക്കുക.

ix. വീടുനുള്ളില്‍ വെള്ളം കയറാനുള്ള സാഹചര്യം മുന്‍കൂട്ടി കണക്കാക്കി മുറികളില്‍ വെള്ളം കടക്കുന്നതിനു മുന്‍പ് തന്നെ മെയിന്‍ സ്വിച്ച് ഓഫാക്കുക. വൈദ്യുത ഉപകരണങ്ങള്‍ വേര്‍പെടുത്തി നനയാതെ സൂക്ഷിക്കുക.

x. വെള്ളം ഉള്ളില്‍ കയറിക്കഴിഞ്ഞാല്‍ വെള്ളത്തില്‍ ചവിട്ടി നിന്ന് വൈദ്യുതി ഓഫ്‌ ചെയ്യാന്‍ ശ്രമിക്കുകയോ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കുക ആവും ഉചിതം.

xi. നനഞ്ഞ ഭിത്തിയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കുക.

xii. വെള്ളം ഇറങ്ങിക്കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴും വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യം ഉള്ള ആളുടെ സഹായത്തോടെ ഷോക്ക് ഏല്‍ക്കാന്‍ സാധ്യത ഇല്ലാ എന്ന് ഉറപ്പു വരുത്തി തിരികെ കയറുന്നതാണ് സുരക്ഷിതം. മുങ്ങി ഇരുന്ന ഇലക്ട്രിക് വയറുകള്‍, ഉപകരണങ്ങള്‍ എന്നിവ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്താതെ പ്രവര്‍ത്തിപ്പിക്കുന്നത് അപകടത്തിനിടയാക്കാം.

മറ്റു അപകടസാധ്യതകള്‍ പലവിധം ഉണ്ടെങ്കിലും വിസ്താരഭയം കൊണ്ട് നീട്ടുന്നില്ല. എങ്കിലും, മരങ്ങള്‍ക്ക് താഴെ നില്‍ക്കുമ്പോള്‍, പഴകിയ കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ ആവുമ്പോള്‍ ഒക്കെ അപകട സാദ്ധ്യതകള്‍ കണക്കിലെടുത്തു സുരക്ഷാ നടപടികള്‍ സ്വീകരിക്കണം.വെള്ളത്തില്‍ പാമ്പുകളും, മറ്റു ജീവികളും മറ്റും ഒഴുകി വരുന്നത് ശ്രദ്ധിക്കണം.

Tags:
  • Spotlight
  • Social Media Viral