Friday 14 August 2020 12:48 PM IST

വീട്ടിൽ നിന്നു വിളിച്ചു, ‘ങ്ങള്, ഗൾഫിലാണെന്നു കരുതിക്കോളീൻ’ എന്നുപറഞ്ഞ് ഉഷാറാക്കും; കോവിഡ് അനുഭവം പറഞ്ഞ് അബൂബക്കർ

Tency Jacob

Sub Editor

aboobacker55

കാസർകോട് ചെങ്കള നെക്രാജെ ആറാട്ടുകടവെ വീട്ടിൽ അബൂബക്കറിനും വിദേശത്തുനിന്നാണ് കോവിഡ് ബാധിച്ചത്. ‘‘സഹോദരൻ ഗൾഫിലുണ്ടായിരുന്നതുകൊണ്ട് മൂന്നു മാസം മുൻപ് വിസിറ്റിങ് വീസയിൽ ജോലി തേടി പോയതാണ്. ജോലി കിട്ടി വീസ നീട്ടിയെടുത്തതിന്റെ പിറ്റേദിവസമാണ് അറിഞ്ഞത് ജോലി ചെയ്യുന്നിടത്ത് ഒന്നു രണ്ടു പേർക്ക് കോവിഡുണ്ടായിരുന്നെന്ന്. 

ഫ്ലൈറ്റുകളൊക്കെ നിര്‍ത്താൻ പോകുന്നെന്നു കേട്ടപ്പോൾ നാട്ടിലേക്കു പോരാൻ തീരുമാനിച്ചു. എന്തോ ഭയം ഉള്ളിൽ കയറിക്കൂടി. ടിക്കറ്റിനു ശ്രമിച്ചപ്പോൾ തിരുവനന്തപുരത്തേക്കാണ് കിട്ടിയത്. പിറ്റേന്നു പകലോടു കൂടി എയർസർവീസുകളെല്ലാം നിര്‍ത്തി.

തിരുവനന്തപുരത്തു എയർപോർട്ടിൽ പരിശോധനയുണ്ടായിരുന്നു. എനിക്ക് തൊണ്ടയിൽ വല്ലാത്ത അസ്വസ്ഥതയുണ്ട്. കഫം ധാരാളം ഉണ്ടാകുന്നുണ്ട്. ചൂടുവെള്ളം കുടിച്ചിട്ടും കുറവുണ്ടായില്ല. പോരുന്നതിന് ഒരാഴ്ച മുൻപ് രാത്രിയിൽ നല്ല പനിയുണ്ടായിരുന്നു. അവിടെ അടുത്തുള്ള ക്ലിനിക്കിൽ കാണിച്ചപ്പോൾ വൈറൽ ഫീവറാണെന്നു പറഞ്ഞു മരുന്നു തന്നതാണ്. എങ്കിലും വീട്ടിലേക്കല്ലേ വരുന്നത്. എന്തായാലും അതിനുമുൻപ് കോവിഡ് ടെസ്റ്റ് നടത്തണമെന്നു തീരുമാനിച്ചു.

എയർപോർട്ടിലെ ഉദ്യോഗസ്ഥരോട് എന്നെ കോവിഡ് ടെസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ടു. ആ ഫ്ലൈറ്റിൽ വന്ന മറ്റു നാലു കണ്ണൂരുകാർ കൂടി അങ്ങനെ ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റിന്റെ റിസൽറ്റ് രണ്ടു ദിവസം കഴിഞ്ഞേ ലഭിക്കൂ. പൊസിറ്റിവായാൽ അവിടത്തെ ഗവൺമെന്റ് ഹോസ്പിറ്റലിലാണ് അഡ്മിറ്റ് ചെയ്യുക. സ്വന്തം നാട്ടിൽ ആണെങ്കിലല്ലെ ഒരു സമാധാനമുണ്ടാകൂ. ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അവർ സമ്മതിച്ചു. ആംബുലൻസിന്റെ ചെലവ് ഞങ്ങൾ തന്നെ വഹിക്കണമെന്നു പറഞ്ഞു. 18,000 രൂപ അഞ്ചു പേരും കൂടി ഷെയറിട്ടു.

വേണം സ്വയമൊരു കരുതൽ

വയസ്സായ ഉമ്മയും ഉപ്പയും ഭാര്യയും ചെറിയ മോളുമുള്ളതുകൊണ്ട് വീട്ടിൽ കയറാൻ പറ്റില്ല. വീടിനടുത്തു തന്നെ ഒരു കൊട്ടിലുണ്ട്. അതു വൃത്തിയാക്കിയിടാൻ വിളിച്ചു പറഞ്ഞിരുന്നു. ഉമ്മയ്ക്ക് അതു കേട്ടപ്പോൾ വല്ലാത്ത സങ്കടം. ‘എന്തുവന്നാലും കുഴപ്പമില്ല, വീട്ടിൽ തന്നെ കഴിയാം’ എന്നായിരുന്നു നിലപാട്. ഞാൻ സമ്മതിച്ചില്ല. വണ്ടിയിൽ നിന്നിറങ്ങി നേരെ കൊട്ടിലിലേക്കു പോയി. ഭക്ഷണവും കുടിക്കാനുള്ള വെള്ളവും ഭാര്യ കൊണ്ടുവന്ന് പുറത്ത് വച്ചു തരും. 

രണ്ടു ദിവസം കഴിഞ്ഞു റിസൽറ്റ് വന്നു. കോവിഡ് പൊസിറ്റിവാണ്. ആംബുലൻസിൽ കാഞ്ഞങ്ങാടേക്ക്. അവിടെ നിന്ന്  കാസർകോട് ജനറൽ ഹോസ്പിറ്റലിലേക്ക്. ആന്റിബയോട്ടിക്കും വൈറ്റമിൻ ഗുളികകളുമായിരുന്നു ചികിത്സക്കായി നൽകിയിരുന്നത്. നല്ല ചികിത്സയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സപ്പോർട്ടും കൂടിയായപ്പോൾ ഉള്ളിലുണ്ടായിരുന്ന പേടി പോയി. നിസ്ക്കരിക്കാനും ഖുറാൻ ഓതാനുമുള്ള സൗകര്യമുണ്ടായിരുന്നു. നാട്ടിലെ ഓരോരുത്തർ ഞങ്ങൾക്കുള്ള ഭക്ഷണം സ്പോൺസർ ചെയ്യും. 

വീട്ടിൽ നിന്നു വിളിച്ചു ‘ങ്ങള്, ഗൾഫിലാണെന്നു കരുതിക്കോളീൻ’ എന്നു പറഞ്ഞ് ഉഷാറാക്കും. ഇരുപതു ദിവസത്തിനുശേഷം ആശുപത്രി വിട്ടു. വീട്ടിലുള്ളവരെല്ലാം അടുത്തുള്ള ജ്യേഷ്ഠന്റെ വീട്ടിലേക്കു മാറി. സ്വന്തം വീട്ടിൽ 14 ദിവസം ക്വാറന്റീനിലിരുന്ന ശേഷം ഒന്നുകൂടി കോവിഡ് ടെസ്റ്റ് നടത്തി. അതിന്റെ റിസൽറ്റ് വരുമ്പോഴാണ് ‘ക്വാറന്റീൻ റിലീഫ്’ സർട്ടിഫിക്കറ്റ് തരുന്നത്. ഇനി വീട്ടുകാരായി ഒന്നിച്ചു നിൽക്കാമെന്നു ഡോക്ടർ പറഞ്ഞെങ്കിലും എന്റെയൊരു പേടി കൊണ്ട് വീണ്ടും 14 ദിവസം ക്വാറന്റീൻ കഴിഞ്ഞാണ് അവരെ കൊണ്ടു വന്നത്.

കൊറോണയെ പേടിക്കേണ്ട

കോവിഡ് ബാധിക്കുന്ന രോഗികളിൽ 60 മുതൽ 70 ശതമാനം പേരിലും ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടായെന്നു വരില്ല. ചെറിയ പനിയും തൊണ്ടവേദനയും ചുമയുമേ ഉണ്ടാകൂ. രോഗികളെന്ന നിലയിലല്ല, നിരീക്ഷണത്തിനായാണ് അവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 

കുറഞ്ഞത് ഏഴു ദിവസമെങ്കിലും കോവിഡ് രോഗി ഹോസ്പിറ്റലിൽ കഴിയേണ്ടതായുണ്ട്. നാലാം ദിവസവും ആറാം ദിവസവുമാണ് ടെസ്റ്റ് നടത്തുക. ഗുരുതരാവസ്ഥ മറികടന്നാലും കോവിഡ് ടെസ്റ്റ് പൊസിറ്റിവ് ആകാൻ ചിലർക്ക് ഒരു മാസത്തിൽ കൂടുതലെടുക്കാറുണ്ട്.

20 ശതമാനം രോഗികൾക്കാണ് ശ്വാസകോശരോഗങ്ങൾ കൂടുതലായി ഉണ്ടാകുക. പ്രമേഹം, രക്താതിസമ്മർദം, ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർക്കാണ് ഗുരുതരമാകാനുള്ള സാധ്യത. അവർ കഴിക്കുന്ന മരുന്നുകളോടൊപ്പം രോഗം മാറ്റാനുള്ള ആന്റിബയോട്ടിക്കുകളും ആന്റിവൈറൽ മരുന്നുകളും കൊടുക്കും.

10 ശതമാനം രോഗികൾ വളരെ ഗുരുതരാവസ്ഥയിലേക്ക് പോകാറുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും ശ്വാസകോശത്തിലെ രക്തയോട്ടത്തിനു തടസ്സം വരികയും ഓക്സിജൻ ശരീരത്തിനു സ്വീകരിക്കാൻ പറ്റാതെ വരുന്ന അവസ്ഥയിലേക്കാണ് സാധാരണ പോകാറ്. ഇത് കരൾ, വൃക്ക, ഹൃദയം എന്നീ അവയവങ്ങളെയും ബാധിക്കും. ഈ അവസ്ഥയിലാണ് വെന്റിലേറ്റർ വേണ്ടിവരിക.കേരളത്തിൽ രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് മരണത്തിലേക്കെത്തുന്നത്. ഗർഭിണികളിൽ രോഗം ഗുരുതരാവസ്ഥയുണ്ടാക്കുന്നില്ല. ആശുപത്രിയിൽ ഒപ്പം നിൽക്കാൻ ഭർത്താവോ മാതാപിതാക്കളോ തയാറാണെങ്കിൽ അനുവദിക്കും. കുട്ടികളാണ് രോഗിയെങ്കിലും ഇങ്ങനെ ചെയ്യാറുണ്ട്. 

ഭക്ഷണത്തിൽ നോൺവെജ് പരമാവധി ഒഴിവാക്കും. പഴങ്ങളും മറ്റും കൊടുക്കാറുണ്ട്. പ്രത്യേക ഭക്ഷണം വേണമെന്നു പറയുന്നവർക്ക് വാങ്ങികൊടുക്കും. വീട്ടിൽ നിന്നു ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കാറുണ്ട്. നാരങ്ങ, നെല്ലിക്ക എന്നിവയും വൈറ്റമിൻ ഡി, സിങ്ക് അടങ്ങിയ ഭക്ഷണവും കോവിഡിനു നല്ലതാണ് എന്നതിനു ശാസ്ത്രീയ അടിസ്ഥാനമില്ല. സാധാരണ രോഗികൾക്കു നിർദേശിക്കുന്ന മരുന്നുകളാണ് കോവിഡ് രോഗികൾക്കും നൽകുന്നത്. നമ്മുടെ ചുറ്റുവട്ടത്തുള്ളവരിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷമല്ലെങ്കിലും കൊറോണ ഉള്ളവരാകാം. ആ കരുതൽ നമ്മളിൽ ഉണ്ടാകണം. ജോലി, ആഹാരസാധനങ്ങൾ വാങ്ങുന്നതിന്, ചികിത്സ എന്നിവയ്ക്കു വേണ്ടിയല്ലാതെ മറ്റൊന്നിനും വേണ്ടി  പുറത്തിറങ്ങാതിരിക്കുക.

കടപ്പാട് : ഡോ. സജിത്ത്കുമാർ ആർ, നോഡൽ ഓഫിസർ, കോവിഡ് കൺട്രോൾ, ഗവ. മെഡിക്കൽ കോളജ്, കോട്ടയം.

Tags:
  • Spotlight
  • Motivational Story