Wednesday 12 August 2020 11:32 AM IST : By സ്വന്തം ലേഖകൻ

കോവിഡ് വാക്സീൻ സ്വീകരിച്ചത് പുടിന്റെ മകൾ മരിയയെന്ന് സൂചന; നേരിയ പനി; മറ്റു പ്രശ്നങ്ങളില്ല

putin76ty8gvubjvb

ഒടുവിൽ ലോകം ആ നിർണായക വിളംബരത്തിന് കാതോർത്തു. ലോകം കാത്തിരുന്ന കോവിഡ് വാക്സീന്റെ ആദ്യ പരീക്ഷണം പുടിന്റെ റഷ്യയിൽ നിന്ന്. മോസ്കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നു വികസിപ്പിച്ച വാക്സീൻ പ്രസിഡന്റ് വാഡിമിർ പുടിന്്‍ ലോകത്തിന് പരിചയപ്പെടുത്തി. ഇതോടെ റഷ്യ കോവിഡ് വാക്സീന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി. 1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്നിക് 5’ എന്നാണു വാക്സീന്റെ പേര്.

തദ്ദേശീയമായി വികസിപ്പിച്ച വാക്സീൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നതായും പരീക്ഷണ ഡോസ് സ്വീകരിച്ചവരിൽ തന്റെ ഒരു മകളുമുണ്ടെന്നും പ്രസിഡന്റ് പുടിൻ വ്യക്തമാക്കി. പുടിന്റെ 2 പെൺമക്കളിൽ ആരാണു വാക്സീൻ ‍സ്വീകരിച്ചതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മൂത്തമകളും എൻഡോക്രൈനോളജിസ്റ്റുമായ മരിയ പുടിനയാണെന്നു സൂചനയുണ്ട്. 2 ഡോസ് സ്വീകരിച്ചപ്പോഴും നേരിയ പനിയുണ്ടായതല്ലാതെ മറ്റു പ്രശ്നങ്ങളില്ലായിരുന്നുവെന്നും ആന്റിബോഡി അളവ് വർധിച്ചെന്നുമാണു പറയുന്നത്.

അതേസമയം ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും വാക്സിൻ വാങ്ങാൻ 20 രാജ്യങ്ങൾ റഷ്യയെ സമീപിച്ചു എന്നാണ് റിപ്പോർട്ടുകൾ.‌ വൻതോതിലുള്ള ഉൽപാദനം ഒക്ടോബറോടെ തുടങ്ങുമെന്നും സൂചനയുണ്ട്. മനുഷ്യരിലെ പരീക്ഷണത്തിന് അനുമതി നൽകി 2 മാസം തികയും മുൻപാണ് വാക്സീൻ പൊതുജനങ്ങളുടെ ഉപയോഗത്തിനു നൽകുന്നത്. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി ഫലം നിരീക്ഷിക്കുന്നതടക്കമുള്ള നടപടികൾ ബാക്കിയാണ്. എന്നാൽ, മുഴുവൻ നടപടിക്രമങ്ങളും പൂ‍ർത്തിയാക്കിയെന്നാണു റഷ്യ അവകാശപ്പെടുന്നത്. 

Tags:
  • Spotlight