Tuesday 23 February 2021 01:13 PM IST : By സ്വന്തം ലേഖകൻ

പൊതുപരീക്ഷ തുടങ്ങാൻ നാലാഴ്ച മാത്രം: പുറത്ത് കറങ്ങിയിട്ട് കോവിഡ് കുട്ടികൾക്ക് കൊടുക്കേണ്ട: കുറിപ്പ്

cj-xam

കോവിഡ് ഭീതിയിലും പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് കുട്ടികൾ. മാർച്ച് മാസം പകുതി കഴിയുമ്പോൾ സ്റ്റേറ്റ് സിലബസ്സ് ബോർഡ് പരീക്ഷകൾ ആരംഭിക്കാനിരിക്കേ മുന്നറിയിപ്പ് നൽകുകയാണ് ഡോ. സിജെ ജോൺ. ഈ കാലയളവിൽ കുട്ടികൾ രോഗത്തിന്റെ പിടിയിൽ പെടാതെ കാത്തു സൂക്ഷിക്കാന്‍ സ്വീകരിക്കേണ്ട മുന്നറിയിപ്പുകളെ കുറിച്ചാണ് ‍ഡോക്ടറുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ്:

ലക്ഷ കണക്കിന് കുട്ടികളാണ് മാർച്ച് മാസം പകുതി കഴിയുമ്പോൾ സ്റ്റേറ്റ് സിലബസ്സ് ബോർഡ് പരീക്ഷ എഴുതുന്നത്.

നാലാഴ്ച ദൂരേ. ഇവരുടെയൊക്കെ വീട്ടുകാർ ഈ കാലയളവിൽ പ്രത്യേക കോവിഡ് ജാഗ്രത പുലർത്തണം. പുറത്തു നിന്ന് കൊറോണ വൈറസിനെ സമ്പാദിച്ചു പരീക്ഷക്ക് തയ്യാറെടുക്കുന്ന പിള്ളേർക്ക് കൊടുത്താൽ പ്രശ്നമാകും. അവരുടെ ഒരുക്കം തകരാറിലാകും. പരീക്ഷ എഴുതാൻ സംവിധാനമുണ്ടാകുമെന്നത് ശരി. തയ്യാറെടുപ്പിനെ കോവിഡ് കൊണ്ട് പോയാൽ ഈ എഴുത്തിൽ എന്ത് മെച്ചമുണ്ടാകാനാണ്? ബോർഡ് പരീക്ഷയുടെ മുന്നൊരുക്കത്തിൽ വീട്ടിലെ മുതിർന്നവർ സമ്പർക്ക വിലക്കിന്റെ ഒരു പരിഷ്‌ക്കരിച്ച പതിപ്പ് അവരുടെ പുറത്തു പോക്കിലും ശീലിക്കണം.

ഈ കാലയളവിൽ കുട്ടികൾ രോഗത്തിന്റെ പിടിയിൽ പെടാതെ കാത്തു സൂക്ഷിക്കാനാണാണിത്. പള്ളിക്കൂടത്തിൽ പല കാര്യങ്ങൾക്കായും പോകുന്ന വിദ്യാർത്ഥികളും ശ്രദ്ധിക്കണം .പരീക്ഷയുടെ വേളയിൽ ഇത്രയും ലക്ഷം കുടുംബങ്ങൾ എക്സാം ഗോയിങ് കുട്ടികൾക്കായി കോവിഡ് ചിട്ടകൾ കർശനമായി പാലിച്ചാൽ അതിന്റെ പ്രതിഫലനം ഈ വ്യാധിയുടെ വ്യാപന തോതിലുമുണ്ടാകും. നോ കോവിഡ് നോ ടെൻഷൻ സോണിലൂടെ പിള്ളേർ അടുത്ത ആഴ്ചകളിൽ നീങ്ങട്ടെ. അതിനായി മുതിർന്നവർ ഒരുക്കട്ടെ ഒരു സുരക്ഷാ കവചം .

(സി .ജെ .ജോൺ )