Thursday 17 September 2020 05:12 PM IST

കോവിഡ് രോഗിയെ വീട്ടിൽ ശുശ്രൂഷിക്കുമ്പോൾ 24 മണിക്കൂറും സഹായി നിർബന്ധം; വീടുകൾ ആരോഗ്യകേന്ദ്രമായി മാറേണ്ടതെങ്ങനെ? ഡോ. ബി. പദ്മകുമാർ പറയുന്നു

Dr. B. Padmakumar

Professor Medicine,medical College, Trivandrum

covid-padmakumar4446666fhvh

കോവിഡിനെതിരേ വീട്ടിൽ തന്നെ ചികിത്സ തേടേണ്ട സാഹചര്യത്തിൽ ഓരോ വീടും ആരോഗ്യ കേന്ദ്രമായി മാറേണ്ടതെങ്ങനെ? ഡോ. ബി. പദ്മകുമാർ (െമഡിക്കൽ കോളജ്, ആലപ്പുഴ) എഴുതുന്നു...  

കോവിഡിനെതിരായ നമ്മുടെ പോരാട്ടം തുടരുകയാണ്. ചികിത്സാ കേന്ദ്രങ്ങളുടെ പരിമിതിയാണ് ഏറ്റവും പുതിയ പ്രശ്നം. രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടായതോടെ പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ പകുതിയും നിറഞ്ഞിരിക്കുകയാണ്. ക്വാറന്റീനിൽ പോകുന്ന ആരോഗ്യ പ്രവർത്തകരുടെയും എണ്ണം വർധിക്കുന്നു.

ഈ സാഹചര്യത്തിലാണ് കോവിഡ് ലക്ഷണങ്ങളില്ലാത്തവരെയും ലഘുവായ ലക്ഷണങ്ങളുള്ളവരെയും  കർശന നിബ ന്ധനകളോടെ സ്വന്തം വീട്ടിൽത്തന്നെ ഐസലേഷനിൽ കഴിയാൻ അനുവദിക്കുന്നത്. വീടിനെയും വീട്ടുകാരെയും വിട്ട് ആ ശുപത്രിയിൽ പോയി കഴിയേണ്ടതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമെന്നതുകൊണ്ട് കോവിഡ് രോഗികൾക്കും ആശ്വാസമാകുന്നതാണീ തീരുമാനം.

വീട്ടിൽ ശ്രദ്ധിക്കാം

കോവിഡ് ബാധിതരുടെ പരിചരണത്തിനായി നമ്മുടെ വീടു കളിൽ പല ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്. രോഗിയിൽ നിന്നു മറ്റു കുടുംബാംഗങ്ങളിലേക്ക് രോഗം പകരാതിരിക്കാൻ  കരുതലുണ്ടാകണം.  രോഗിയുടെ ഭക്ഷണം, പരിചരണം,  മരുന്നുപയോഗം എന്നിവയിലും ശ്രദ്ധയുണ്ടാകണം. അതോടൊപ്പം  വീടുകളിൽ  പ്രത്യേക ശ്രദ്ധയുണ്ടാകേണ്ട കുട്ടികൾ, വയോജനങ്ങൾ തുടങ്ങിയവരുടെ പരിചരണവും പ്രാധാന്യമർഹിക്കുന്നു.

സഹായി നിർബന്ധം

കോവിഡ് രോഗിയെ വീട്ടിൽ തന്നെ പാർപ്പിക്കുമ്പോൾ  ശുശ്രൂഷിക്കാനായി 24 മണിക്കൂറും സഹായി ഉണ്ടായിരിക്കണം. പ്രമേഹം, ഹൃദ്രോഗം, മറ്റു ദീർഘകാല രോഗങ്ങൾ ഒന്നുമില്ലാത്ത 60 വയസ്സിൽ താഴെ പ്രായമുള്ള ആരോഗ്യമുള്ള വ്യക്തി ആയിരിക്കണം സഹായി.  

കഴിയുന്നതും ഒരാൾ തന്നെ സ്ഥിരമായി പരിചരിക്കുന്നതാണ് നല്ലത്. രോഗിയെ പരിചരിക്കുമ്പോൾ സുരക്ഷാ ഉപാധികളായ മാസ്ക്, കയ്യുറകൾ, കണ്ണിനു സംരക്ഷണം നൽകുന്ന ഗോഗിൾസ് അല്ലെങ്കിൽ മുഖകവചം എന്നിവ ധരിച്ചിരിക്കണം. രോഗി കിടക്കുന്ന മുറിയും ശുചിമുറിയും രോഗിക്കു തന്നെ വൃത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ സുരക്ഷാ ഉപാധികൾ ധരിച്ചുകൊണ്ടായിരിക്കണം സഹായി അതു ചെയ്യേണ്ടത്. പരിചരണം കഴിഞ്ഞ് കൈകൾ സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കണം. രോഗിയെ പരിചരിച്ചവർ വീട്ടിലുള്ള വയോജനങ്ങളെയും  മറ്റ് ദീർഘകാല രോഗങ്ങളുള്ളവരെയും പരിചരിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. അതിനായി മ റ്റു കുടുംബാംഗങ്ങൾ തയാറാകുന്നതാണ് നല്ലത്.

പരിചരിക്കുന്നവർക്ക് ആവശ്യം വ ന്നാൽ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാനുള്ള സൗകര്യമുണ്ടായിരിക്കണം. അപായ ലക്ഷണങ്ങളെന്തെങ്കിലും ഉണ്ടായാൽ ഉട ൻ തന്നെ ആരോഗ്യപ്രവർത്തകരുമായി  ബന്ധപ്പെട്ട് അടുത്തുള്ള കോവിഡ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം.

ശുചിത്വം പ്രധാനം

പരിചരണത്തിൽ കഴിയുന്ന വ്യക്തി  വൃത്തിയുള്ള നല്ല വായു സഞ്ചാരമുള്ള മുറിയിലാണ് കഴിയേണ്ടത്.  പ്രത്യേക ശുചി മുറി   ഉണ്ടായിരിക്കണം. ഭക്ഷണം കിടക്കുന്ന മുറിയിൽ തന്നെയിരുന്ന് കഴിക്കണം. ഹോം ഐസെലേഷനല്ല, റൂം ഐസൊലേഷനാണ് വേണ്ടത്. കിടക്കുന്ന മുറിയും ശുചിമുറിയും ദിവസവും അണുനാശിനി (ഒരു ലീറ്റർ വെള്ളത്തിൽ 4 ചെറിയ സ്പൂണ്‍  ബ്ലീച്ചിങ് പൗഡർ ലയിപ്പിച്ചുണ്ടാക്കുന്ന ലായനി) ഉപയോഗിച്ച് വൃത്തിയാക്കണം. മേശ, കസേര മറ്റ് ഉപകരണങ്ങൾ എന്നിവ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം.

കോവിഡ് പ്രധാന ലക്ഷണങ്ങൾ

പനി, വരണ്ട ചുമ, ക്ഷീണം, തൊണ്ടവേദന, ശരീര വേദന, മൂക്കൊലിപ്പ്, തലവേദന, കണ്ണിൽ ചുവപ്പ്, വയറിളക്കം, ചർമത്തിൽ പാടുകൾ, മണവും രുചിയും അറിയാനുള്ള കഴിവ് നഷ്ടപ്പെടുക ഇവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങൾ

കോവിഡ് ബാധിച്ചാൽ എല്ലാവർക്കും പനിയുണ്ടാകണ    മെന്നില്ല. 88% ആളുകൾക്ക് പനിയും 70% ആളുകൾക്ക് വരണ്ട ചുമയും ഉണ്ടാകാം. കുട്ടികൾക്ക് പൊതുവെ രോഗലക്ഷണങ്ങൾ കുറവായിരിക്കും.

മറ്റു പനികളിൽ നിന്ന് എങ്ങനെ തിരിച്ചറിയാം?

തുടക്കത്തിൽ മഴക്കാല പനികൾ ഉൾപ്പെടെയുള്ളവയെ കോവിഡിൽ നിന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും.  എന്നാൽ മറ്റു പനികളുടെ ചില സവിശേഷ ലക്ഷണങ്ങൾ അറിഞ്ഞിരുന്നാൽ അത് കോവിഡ് രോഗനിർണയത്തിന് ഉപകരിക്കും.

∙ ഡെങ്കിപ്പനി – ശക്തമായ ശരീര വേദന, കണ്ണിനു പുറകിൽ വേദന, ചർമത്തിൽ ചുവന്ന പാടുകൾ, കടുത്ത പനി.

∙ എലിപ്പനി – അഴുക്കുവെള്ളവുമായി ബന്ധമുണ്ടാകുക, കടുത്ത പനി, ശക്തമായ പേശി വേദന, കണ്ണിനു ചുവപ്പ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ.

∙ ടൈഫോയ്ഡ് – നീണ്ടു നിൽക്കുന്ന പനി, വയറുവേദന, മലബന്ധം, വയറിളക്കം

∙ മഞ്ഞപ്പിത്തം – നേരിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഛർദി, കണ്ണിന് മഞ്ഞനിറം

shutterstock_667261291

വീട്ടിൽ കരുതേണ്ടവ

∙ പൾസ് ഓക്സിമീറ്റർ എന്ന ഉപകരണം ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ സാന്ദ്രത അറിയാം.  ചൂണ്ടുവിരൽ ഉപകരണത്തിലേക്കു കടത്തി സെക്കൻഡുകൾക്കുള്ളിൽ ഓക്സിജൻ അളവ് (SPO2) അറിയാം.

∙ നോൺ കോൺടാക്റ്റ് ഇൻഫ്രാറെഡ് തെർമോമീറ്റർ, ഗ്ലൗസ്, മാസ്ക്, ഗോഗിൾസ്, ഹെഡ് ഷീൽഡ്

കരുതേണ്ട മരുന്നുകൾ

പാരസിറ്റമോൾ, ഒആർഎസ് പാക്കറ്റ്, കഫ് സിറപ്പ്, വൈറ്റമിൻ സി, ഡി ഗുളികകൾ.

വീട്ടിലെ ചികിത്സ

ലഘുവായ രോഗലക്ഷണങ്ങൾ മാത്രമുള്ളവർക്ക് രോഗലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്.

∙ നേരിയ പനി, തൊണ്ടവേദന തുടങ്ങിയ പ്രശ്നമുള്ളവർക്ക് പാരസിറ്റമോൾ ഗുളിക നൽകാം. 500 മില്ലിഗ്രാം ഗുളിക ദിവസം മൂന്നു നേരം വരെ നൽകാം. മരുന്ന് അലർജി ഉള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം മരുന്ന് കഴിക്കുക.

∙ ആസ്പിരിൻ, ഐബുപ്രൂഫൻ തുടങ്ങിയ വേദനസംഹാരികൾ ഉദര രക്തസ്രവം  ഉൾപ്പെടെയുള്ള ഉദരപ്രശ്നങ്ങൾ ഉ ണ്ടാക്കുന്നതുകൊണ്ട് ഒഴിവാക്കണം.

∙ മൂക്കൊലിപ്പിന് ആന്റിഹിസ്റ്റമിൻ  ഗുളികകൾ നൽകാം. സിട്രിസിൻ പോലെയുള്ള  മരുന്നുകുളാണ്  സാധാരണ നൽകാറുള്ളത്. മയക്കം ഉണ്ടാകുന്നതുകൊണ്ട് രാത്രിയിൽ കൊടുക്കാം.

∙ വയറിളക്കമുണ്ടെങ്കിൽ ഒആർഎസ് വെള്ളത്തിൽ ലയിപ്പിച്ച് നൽകാം. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് കറിയുപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേർത്ത് തയാറാക്കുന്ന ഗൃഹപാനീയും  നിർജലീകരണവും ക്ഷീണവും ഒഴിവാക്കും.

∙ ചുമയ്ക്ക് കഫ് സിറപ്പുകൾ നൽകാം. കഫം ഇളകി പോകാ ൻ ആവി കൊള്ളുന്നതു നല്ലതാണ്.

∙ വൈറ്റമിൻ സി, വൈറ്റമിൻ ഡി, സിങ്ക് ഗുളികകൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. മറ്റ് അസുഖങ്ങൾ ഉള്ളവർ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ തുടരണം.  

∙ ആസ്മ ഉള്ളവർ നെബ്യുലൈസേഷൻ ഒഴിവാക്കുന്നതാണ് നല്ലത്. രോഗാണു കണികകൾ അന്തരീക്ഷത്തിൽ വ്യാപിക്കാൻ നെബ്യുലൈസേഷൻ  ഇടയാക്കും.

∙ സ്റ്റിറോയ്ഡ് അടങ്ങിയ ഇൻഹേലറുകളും ഒഴിവാക്കണം.

അപായ ലക്ഷണങ്ങൾ

∙ കടുത്ത പനി

∙ ചുമ, ചുമച്ച് രക്തം തുപ്പുക

∙ ശ്വാസതടസ്സം

∙ നെഞ്ചുവേദന

∙ പെരുമാറ്റ വൈകല്യങ്ങൾ

∙ ഉയർന്ന ശ്വാസഗതി (മിനിറ്റിൽ‍ 30ലേറെ)

∙ ഉയർന്ന പൾസ് (മിനിറ്റിൽ 125 ലേറെ)

∙രക്തത്തിലെ ഓക്സിജൻ സാന്ദ്രത 93 ശതമാനത്തിൽ കുറയുക.

വീട്ടിലെ ചികിത്സ ആർക്കൊക്കെ ?

രോഗതീവ്രത അനുസരിച്ച് കോവിഡ് രോഗികളെ മൂന്നു കാറ്റഗറിയായി തിരിച്ചിട്ടുണ്ട്.

കാറ്റഗറി എ

ചെറിയ തൊണ്ട വേദന, മൂക്കൊലിപ്പ്, ചുമ, വയറിളക്കം

കാറ്റഗി ബി

പനി, ചുമ, തൊണ്ടവേദന, പ്രമേഹം, രക്താതിസമ്മർദം, ദീർഘകാലമായുള്ള കരൾ –ശ്വാസകോശം, വൃക്കരോഗങ്ങൾ, കാൻസർ ഇവ ബാധിച്ചവർ

60 നു മേൽ പ്രായമുള്ളവർ, ഗർഭിണികൾ

കാറ്റഗറി സി

നെ‍ഞ്ചുവേദന, ശ്വാസതടസം, രക്തസമ്മർദം കുറയുക, കുട്ടികളിൽ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ

കാറ്റഗറി എയിലുള്ള, ലഘു ലക്ഷണങ്ങളുള്ളവരെയാണ്  വീടുകളിൽ   പാർപ്പിച്ച് ചികിത്സിക്കാൻ  അനുവാദം. ചികിത്സിക്കുന്ന ഡോക്ടറുടെ അനുവാദമുണ്ടെങ്കിൽ കാറ്റഗറി ബിക്കാരെയും വീടുകളിൽ ചികിത്സിക്കാം. കാറ്റഗറി സിയിലുള്ളവരെ നിർബന്ധമായും ആശുപത്രിയിലെത്തിക്കണം.

വേണം സമീകൃതാഹാരം

ആരോഗ്യം വീണ്ടെടുക്കാനും പ്രതിരോധശേഷി കൂടാനും ഭക്ഷണം പോഷകസമൃദ്ധമാക്കണം. ഭക്ഷണത്തോടൊപ്പം മൂന്നു നേരവും പഴങ്ങളും പച്ചക്കറികളും കഴിക്കണം. പ്രോട്ടീൻ സമൃദ്ധമായ  മത്സ്യം, മുട്ട, ചെറുപയർ, വൻപയർ, ഉഴുന്ന് എന്നിവ ഭക്ഷണത്തിൽ  ഉൾപ്പെടുത്തണം.  ബേക്കറി സാധനങ്ങൾ, ഫാസ്റ്റ് ഫൂഡ്, വറുത്തതും പൊരിച്ചതും ഇവ ഒഴിവാക്കണം.

ദിവസവും രണ്ട് – രണ്ടര ലീറ്റർ വെള്ളം കുടിക്കണം.  കൃത്രിമ പാനീയങ്ങൾ ഒഴിവാക്കണം. ഗ്രീൻ ടീ ഒരു നല്ല ഹെൽത് ഡ്രിങ്കാണ്. വൈറ്റമിൻ സി ധാരാളമുള്ള ഓറഞ്ച്, നാരങ്ങ എന്നിവ ഉപയോഗിക്കണം.  

ഫ്രിജിൽ വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ തണുപ്പു മാറിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ. അമിതാഹാരം ഒഴിവാക്കണം. പ്രധാന ഭക്ഷണം മൂന്നു നേരം മാത്രം. ഇടനേരങ്ങളിൽ പഴങ്ങൾ കഴിക്കാം.

Tags:
  • Spotlight