Friday 15 May 2020 01:37 PM IST : By Shyama

കോ-എക്സ്‌സിസ്റ്റിങ് വിത്ത്‌ കോവിഡ്19 ; തയ്യാറെടുക്കാം ‘കൊറോണയോടൊപ്പം’ ജീവിക്കാൻ !

shyana-22

കൊറോണ എന്ന്‌ മാറുമെന്നോ എങ്ങനെ മാറുമെന്നോ ആരോഗ്യരംഗത്തുള്ളവർക്ക് പോലും ഇപ്പോഴും കൃത്യമായി പറയാൻ സാധിക്കില്ല. എന്നാൽ വിദഗ്ധർ ഒക്കെ പറയുന്നൊരു കാര്യം ഇനി കുറച്ചു നാളത്തേക്കെങ്കിലും നമുക്ക് കൊറോണയ്ക്കൊപ്പം സഹവസിക്കേണ്ടി വരും എന്ന് തന്നെയാണ്. ഓഫീസുകളും യാത്രമാർഗങ്ങളും പഠനകേന്ദ്രങ്ങളും മെല്ലെ തുറക്കുമ്പോൾ സ്ഥിഗതികൾ 'സാധാരണ നിലയിലായി' എന്ന് പറയാൻ പറ്റില്ല കാരണം ലോകം ഇപ്പോൾ 'കോവിഡിന് മുൻപ് -കോവിഡിന് ശേഷം' എന്ന തരത്തിൽ വിഭജിക്കപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് ഇനിയുള്ളത് ജീവിതശൈലിയിൽ തന്നെ മാറ്റം വരുത്തിക്കൊണ്ടുള്ള മുന്നേറ്റങ്ങളാണ്. രോഗം നമുക്കിടയിൽ നിന്ന് എളുപ്പം മാഞ്ഞു പോയില്ലെങ്കിലും രോഗ്യവ്യാപനത്തിന്റെ തോത് കുറയ്ക്കുക എന്നതാകും ഇനി കുറച്ച് കാലത്തേക്കുള്ള ലക്ഷ്യം.


എല്ലാ ഉത്തരവാദിത്വങ്ങളും ഗവണ്മെന്റിനും ആരോഗ്യപ്രവർത്തകർക്കും മാത്രം നൽകാതെ നമ്മൾ ഓരോരുത്തർക്കും ഇതിൽ പങ്കുണ്ടെന്ന് ഓർക്കുക.

മിക്ക വൈറസുകളുടെയും 90% വ്യാപനവും നടക്കുന്നത് വായുവിലൂടെയും, ഡ്രോപ്‌ലെറ് വഴിയും, ഒരു പ്രതലത്തിൽ വൈറസ് ഉണ്ടായിട്ട് അവിടുന്ന് പകരുന്ന തരത്തിലും ഒക്കെയാണ്. കോറോണയുടെ കാര്യത്തിൽ അത്‌ പ്രധാനമായും മനുഷ്യശരീരത്തിനുള്ളിലേക്ക് കയറുന്നത് വായിലൂടെയും മൂക്കിലൂടെയും ആണ്. കണ്ണിന്റെ പാടയിലൂടെയും അകത്തേക്ക് കയറുമെന്ന് പറയപെടുന്നുണ്ട്. ഇതൊക്ക കൊണ്ടാണ് ഫേസ് മാസ്ക് നിർബന്ധമാക്കിയത്. അതുള്ളപ്പോൾ ഉള്ളിലേക്ക് രോഗാണു കയറില്ല, പുറത്തേക്ക് പോകില്ല എന്നത് മാത്രമല്ല ഇടയ്ക്കിടയ്ക്ക് മുഖത്ത്‌ തൊടാനുള്ള സാധ്യതയും കുറയും.

ഇവ ശ്രദ്ധിക്കുക

1. അറിഞ്ഞും അറിയാതെയും നമ്മൾ പലയിടത്തും തൊടുന്നുണ്ട്. കോവിഡ്19 ഉള്ളൊരാളുടെ സ്രവം വീണാൽ പല പ്രതലങ്ങളിൽ മണിക്കൂറുകളോളവും ദിവസങ്ങളോളവും വൈറസ് നിലനിൽക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരത്തിൽ ഇത് നമ്മുടെ കൈകളിലേക്ക് പകരാതിരിക്കാനാണ് കൈ കഴുകാൻ പറയുന്നത്. സാനിട്ടൈസർ അവശ്യഘട്ടങ്ങളിൽ മാത്രം മതി. സോപ്പും വെള്ളവും ഉപയോഗിച്ച് 20-30സെക്കന്റ്‌ നേരത്തേക്കെങ്കിലും ഇടയ്ക്കിടെ കൈ കഴുകണം. കൈത്തണ്ട കൂടി കഴുകാൻ ശ്രദ്ധിക്കുക.

2. സ്രവങ്ങൾ മറ്റൊരാളിലേക്ക് എത്താതിരിക്കാൻ വേണ്ടിയാണ് മാസ്ക്. എപ്പോൾ പുറത്തിറങ്ങേണ്ടി വന്നാലും മാസ്ക് ധരിക്കുക. കോട്ടൺ മാസ്ക് ഉപയോഗിക്കുന്നവർ അത്‌ നന്നായി സോപ്പിട്ട് കഴുകിയുണക്കി മാത്രം വീണ്ടും ഉപയോഗിക്കുക.

3. മാസ്ക് വെയ്ക്കുന്നവർ അടുത്ത് നിൽക്കുന്ന ആളോട് സംസാരിക്കാൻ വേണ്ടി അത്‌ ഇടയ്ക്കിടെ താഴ്ത്തുന്നതും കാണാം. അങ്ങനെയാണെങ്കിൽ മാസ്കിന്റെ ആവശ്യമെന്താണ്? അത് ചെയ്യരുത്. വീട്ടിലേക്ക് തിരികെ എത്തും വരെ അത്യാവശ്യത്തിനല്ലാതെ മാസ്ക് ഊരരുത്.

4. മൂക്ക് മറയ്ക്കാതെ വായ ഭാഗം മാത്രം മറച്ചു മാസ്ക് ഇടുന്നവരുണ്ട്. അതും തെറ്റായ രീതിയാണ്.

5. ചിലർ മാസ്ക് ഇട്ട് പിന്നീട് കുറേ നേരം ഊരി വെച്ച് വീണ്ടും ഇടുന്നവരുണ്ട്. അതും ശരിയല്ല കാരണം ഇത് ഊരി താഴെ വെക്കുന്ന സമയത്ത്‌ മാസ്കിനുള്ളിലേക്ക് അണുക്കൾ പ്രേവേശിക്കാം, എന്നിട്ട് അത്‌ വെക്കുമ്പോൾ വൈറസ് ഉള്ളിലേക്ക് എളുപ്പം കടക്കും.

6. എത്ര അടുത്ത ആളുകളാണെങ്കിലും കുറച്ച് നാളത്തേക്ക് ഹാൻഡ് ഷേക്കും കെട്ടിപ്പിടിത്തവും ഒഴിവാക്കുക.

7. പൊതുസ്ഥലത്ത്‌ തുപ്പരുത് എന്ന് എത്ര പറഞ്ഞാലും മനസിലാകാത്തവർ ധാരാളമുണ്ട്. തുപ്പുന്നതിനൊപ്പം ഡ്രോപ്‌ലെറ്സ് വരുന്നുണ്ട്, ഇത് 45മിനിറ്റ് വരെ അന്തരീക്ഷത്തിൽ നിൽക്കും അതിന് 3അടി ദൂരം വരെ സഞ്ചരിക്കാനും ആകും. നമ്മളിൽ ആരും രോഗവാഹകരാകാം എന്ന സാഹചര്യം മുന്നിൽ നിൽക്കുമ്പോൾ.... ഈ ഒറ്റ പ്രവർത്തി എത്ര പേർക്ക് അപകടമുണ്ടാക്കുന്നു എന്ന് സ്വയം ചിന്തിക്കുക.

8. സ്കൂളുകൾ, കോളേജുകൾ ഒക്കെ തുടങ്ങുന്നതിന് മുൻപ് തന്നെ കുട്ടികളെ മാസ്ക് ധരിപ്പിച്ചു ശീലിക്കുക. ഇന്റർവെൽ സമയത്തും മറ്റും കൃത്യമായി കൈ കഴുകാനും പറയണം. അതിനുള്ള സൗകര്യം പഠനകേന്ദ്രങ്ങൾ ചെയ്യുക.

9. ഓട്ടോറിക്ഷ, ടാക്സി പോലുള്ളവ ഉപയോഗിക്കുമ്പോൾ അനാവശ്യമായി അവിടെയും ഇവിടെയും തൊടുന്നത് ഒഴിവാക്കുക. കഴിയുമെങ്കിൽ ഗ്ലൗസ് ധരിക്കുക. ഒരാൾ ഇറങ്ങിക്കഴിഞ്ഞു വണ്ടിയുടെ അകം വൃത്തിയാക്കിയ ശേഷം മാത്രം അടുത്ത ആളെ കയറ്റാൻ വണ്ടിയോടിക്കുന്ന ആളും ശ്രദ്ധിക്കണം. ഇതിൽ മടി വിചാരിച്ചാൽ നിങ്ങൾ കാരണം പലർക്കും ആപത്ത് വരുമെന്നോർക്കുക.

10. പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ ആരും പറയുന്നില്ലെങ്കിലും സ്വയം അകലം പാലിക്കാൻ ശ്രദ്ധിക്കുക. ഒന്നിടവിട്ട് മാത്രം ഇരിക്കാം.

11. മാർക്കറ്റ്, കടകൾ എന്നിവിടങ്ങളിൽ പോകുമ്പോൾ ഇപ്പോഴും ആളുകൾ പലപ്പോഴും കൃത്യമായ ശാരീരിക അകലം പാലിക്കാറില്ല. തെറ്റായ രീതിയാണിത്.

പറ്റുമ്പോഴൊക്കെ ഓൺലൈൻ ട്രാൻസാക്ഷൻ ചെയ്ത് നേരിട്ടുള്ള പണമിടപാടുകൾ കുറയ്ക്കുക. അഥവാ പണം കൈമാറേണ്ടി വന്നാൽ ഉടൻ കൈകൾ സാനിറ്റൈസ് ചെയ്യണം.

12.നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ, പേന എന്നിവ സാനിറ്റൈസ് ചെയ്യുക. ഒരു തുണിയിൽ സാനിറ്റൈസർ ഒഴിച്ച് ഒന്ന് മെല്ലെ പുറമെ തുടച്ചെടുത്താൽ മതി. സാനിറ്റൈസർ ഫോണിലേക്ക് നേരിട്ട് ഒഴിക്കരുത്. കണ്ണട ഉപയോഗിക്കുന്നവരും അത് സാനിറ്റിസ് ചെയ്യാൻ മറക്കണ്ട.

13. ഈ സമയത്ത് കഴിവതും വാച്ച്, മാല, വള, മോതിരം എന്നിവ ഉപയോഗിക്കാതിരിക്കുക. ഉപയോഗിക്കുന്നെങ്കിൽ അവ കൂടി സാനിറ്റൈസ് ചെയ്യുക/ കഴുകുക.

14. ലിഫ്റ്റ്, പൊതു ഇടത്തെ സ്വിച്ച് ഒക്കെ ഒരു കീ/പേന/പെൻസിൽ വെച്ച് പ്രവർത്തിപ്പിക്കുക.

15. ഉപയോഗിക്കുന്ന വണ്ടിയുടെ ഹാൻഡിൽ/ സ്റ്റിയറിംഗ്/ ഡോർ നോബ് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാനും മറക്കണ്ട.

16. വണ്ടി ഓടിക്കുമ്പോൾ കഴിവതും വിൻഡോസ്‌ അടച്ചിട്ട് തന്നെ ഓടിക്കുക. മാസ്ക് ഇട്ടുകൊണ്ട് ഓടിക്കാനും ശ്രദ്ധിക്കണം.

17. അന്യദേശത്ത്‌ നിന്ന് വരുന്നവർ ഞങ്ങൾ ഇത്രയും നാൾ വീട്ടിൽ തന്നെയിരുന്നിട്ടാണ് വന്നത് എന്ന് വിചാരിച്ച് ഇവിടെ വന്ന് പുറത്തിറങ്ങി നടക്കാമെന്ന് ചിന്തിക്കുന്നുണ്ട്.

നിങ്ങൾ വരുന്ന വഴിക്ക് എവിടെ നിന്നു വേണമെങ്കിലും ആരിൽ നിന്ന് വേണമെങ്കിലും രോഗം കിട്ടാൻ സാധ്യതയുണ്ടെന്ന് മറക്കാതിരിക്കുക. ചെക് പോസ്റ്റുകളിൽ നിന്നോ മറ്റ് ചെക്കിങ്ങ് പോയന്റുകളിൽ നിന്നോ ഇത്രയധികം ആളുകൾ കടന്നുപോകുന്ന എവിടെനിന്നു വേണമെങ്കിലും നിങ്ങൾക്ക് രോഗം വരാം, ഒരു സ്ഥലത്തു നിന്ന് ടെസ്റ്റ്‌ ചെയ്ത് നെഗറ്റീവ് റിസൾട്ട്‌ കിട്ടിയവർക്കും യാത്രക്കിടയിൽ വീണ്ടും രോഗം പകരാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല. അതുകൊണ്ട് സർക്കാരും മറ്റു അധികൃതരും പറയുന്നത്ര ദിവസം പറയുന്നിടത്ത്‌ തന്നെ പുറത്തിറങ്ങാതെ ക്വാറന്റൈനിൽ ഇരിക്കുക.

18. ഹോം ക്വാറന്റൈൻ എന്ന് പറഞ്ഞാൽ വീട്ടിനുള്ളിലെ ഒരു മുറിയിൽ തന്നെ / ഒറ്റയ്ക്കൊരു വീട്ടിൽ തന്നെ ഇരിക്കുക എന്നാണ് അർഥം. അല്ലാതെ വീട്ടിലുള്ള മറ്റാളുകളുമായി ഇടപഴകാൻ പാടില്ല. കാരണം ക്വാറന്റൈനിൽ ഇരിക്കുന്ന ആൾ വീട്ടുകാരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ട് അയാൾ പുറത്ത് പോകാതെ വീട്ടിലുള്ള മറ്റാളുകൾ പുറത്ത് പോയാലും, രോഗമുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്ക് പകരും.

എല്ലാ കാര്യങ്ങളും സർക്കാരും അധികൃതരും തന്നെ പറഞ്ഞും തിരുത്തിയും തരണം എന്ന് വാശിപിടിക്കാത്ത നമ്മളെ കൊണ്ടാകുന്ന മുൻകരുതലുകൾ സ്വയം പാലിക്കുക. രോഗത്തെ തുരത്തുക എന്നത് നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ മാത്രമേ സാധിക്കൂ.


കടപ്പാട്:

ഡോ. എബിൻ തോമസ്,

കൺസൽറ്റന്റ് ഫിസിഷ്യൻ,

ഇന്ദിരഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ,

കടവന്ത്ര,

എറണാകുളം.

Tags:
  • Spotlight