Tuesday 30 October 2018 04:10 PM IST : By സ്വന്തം ലേഖകൻ

കണ്ണുകളെ വിശ്വസിക്കാമോ?; ഡായിൻ യൂൺ പറയുന്നു, ‘എന്റെ ശരീരമാണ് എന്റെ ക്യാൻവാസ്’-ചിത്രങ്ങൾ

ain

കല്ലിലും സംഗീതമുണ്ടെന്ന് തെളിയിച്ചത് പെരുന്തച്ചനാണ്. കാഴ്ചയ്ക്കും സങ്കൽപ്പത്തിനും അതീതമായ കലാസ്വാദനം എവിടെയൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് ആ വാക്കുകളുടെ സാരം. കൊറിയൻ ആർട്ടിസ്റ്റായ ഡായിൻ യൂണിനെ കണ്ടാൽ ആ ഡയലോഗ് അൽപമൊന്ന് മാറ്റിപ്പിടിക്കേണ്ടി വരും. സ്വന്തം ശരീരത്തിലും ഒരു ക്യാൻവാസ് ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ആ കലാകാരിയുടെ പക്ഷം.

അമ്പരക്കേണ്ട, വെളുത്ത ക്യാൻവാസിൽ വർണങ്ങൾ കോറിയിടുന്ന ചിത്രകാരൻമാരുടെ ലോകത്ത് യൂൺ അൽപം വ്യത്യസ്തയാണ്. കാരണം അവളിലെ ചിത്രകാരിയുടെ ക്യാൻവാസ് ഒളിഞ്ഞിരിക്കുന്നത് അവളുടെ ശരീരത്തിൽ തന്നെയാണ്.

ഒരു ഞൊടിക്കാഴ്ച്ചയിൽ യൂണിനെക്കണ്ടാൽ പലരുമൊന്ന് അമ്പരക്കും. സസൂക്ഷ്മം നിരീക്ഷിച്ചാലോ മനസിനെ കീഴ്പ്പെടുത്തുന്നൊരു പെയിന്റിംഗ് അവളുടെ ശരീര ഭാഗങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ടാകും.

‘ചിലര്‍ എന്നെ കാണുമ്പോള്‍ അകന്നു പോകും, ചിലര്‍ അത്ഭുതത്തോടെ നോക്കും. പക്ഷെ, ഇപ്പോള്‍ ഇവരെല്ലാം എന്നെ തിരിച്ചറിയുന്നുണ്ട്'– യൂൺ പറയുന്നു.

യാഥാര്‍ത്ഥ്യമെന്താണെന്ന് മനസിലാകാത്ത തരത്തിലുള്ള പെയിന്റിങ്ങാണ് പലപ്പോഴും യൂണിന്‍റെ ശരീരത്തില്‍ ഉള്ളത്. മുഖം നിറയെ കണ്ണുകള്‍, ഒരുപാട് കൈകള്‍, പക്ഷികള്‍, പൂക്കള്‍ അങ്ങനെ അങ്ങനെ... 

ഭയപ്പെടുത്തുന്ന സിനിമകള്‍ കാണാന്‍ തനിക്കിഷ്ടമാണെന്ന് പറയുന്നു യൂൺ. ചില പെയിന്റിങ്ങുകള്‍ കാണുമ്പോള്‍ നമുക്കും ഭയമാവും. മാത്രമല്ല, സ്വന്തം മുഖം തന്നെ ശരീരത്തില്‍ പെയിന്‍റ് ചെയ്യും ചിലപ്പോള്‍. 

ആദ്യമെല്ലാം മറ്റുള്ളവര്‍ക്ക് ബോഡി പെയിന്‍റ് ചെയ്യുകയും മറ്റുമായിരുന്നു യൂണ്‍. പിന്നീടത്, തന്റെ തന്നെ ശരീരത്തിൽ പരീക്ഷിക്കലായി. സിനിമയ്ക്കും സ്റ്റേജ് ഷോക്കുമെല്ലാം വേണ്ടി മേക്കപ്പ് ചെയ്യുമായിരുന്നു യൂണ്‍. അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. 

ഓരോ മനുഷ്യരും അവനവനായിരിക്കുമ്പോഴാണ് കൂടുതല്‍ ഭംഗിയെന്നും സ്വന്തം ഇഷ്ടങ്ങള്‍ കണ്ടെത്തണമെന്നും യൂണ്‍ പറയുന്നു. മേക്കപ്പ് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും താന്‍ താന്‍ തന്നെയാണെന്നും യൂണ്‍ പറയുന്നു.