Tuesday 20 September 2022 12:34 PM IST : By സ്വന്തം ലേഖകൻ

മാതാ അമൃതാനന്ദമയിയെ കുറിച്ച് ദമയന്തിയമ്മ അന്ന് വനിതയോട് പറഞ്ഞത്...

damayanthiyamma-matha-amrithanandamyi-mother-feature-cover

അമ്മ പറയുന്നു; ഈ മക്കൾ ഇങ്ങനെയായിരുന്നു....

‘‘വേദനിക്കുന്നവരോട് എന്നും ഒരു സഹാനുഭൂതിയുണ്ടായിരുന്നു എന്റെ മകൾക്ക്. പരിമിതമായ ഞങ്ങളുടെ ചുറ്റുപാടിൽ നിന്നുപോലും അവൾ ദുഃഖിക്കുന്നവരെ സഹായിക്കുമായിരുന്നു. അതു ചിലപ്പോൾ കയ്യിലുള്ള എന്തെങ്കിലും കൊടുത്തിട്ടാവും. അല്ലെങ്കിൽ ആളാലുള്ള സഹായമാവും.’’ കഴിഞ്ഞദിവസം അന്തരിച്ച ദമയന്തിയമ്മ മാതാ അമൃതാനന്ദമയിയെ കുറിച്ച് വനിതയോടു പറഞ്ഞു. 2003 മേയ് ഒന്നാം ലക്കം വനിതയിലാണ് ‘അമ്മ പറയുന്നു; ഈ മക്കൾ ഇങ്ങനെയായിരുന്നു...’ എന്ന ലേഖനത്തിൽ ദമയന്തിയമ്മ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് വാർദ്ധക്യസഹജമായ അസുഖങ്ങവെ തുടർന്ന കൊല്ലം കരുനാഗപ്പള്ളിയിലെ അമൃതപുരി വീട്ടിൽവച്ച് ദമയന്തിയമ്മ (97) അന്തരിച്ചത്.

ലേഖനം വായിക്കാം...

2-for-web

അമ്മ പറയുന്നു; ഈ മക്കൾ ഇങ്ങനെയായിരുന്നു....

‘‘വേദനിക്കുന്നവരോട് എന്നും ഒരു സഹാനുഭൂതിയുണ്ടായിരുന്നു എന്റെ മകൾക്ക്. പരിമിതമായ ഞങ്ങളുടെ ചുറ്റുപാടിൽ നിന്നുപോലും അവൾ ദുഃഖിക്കുന്നവരെ സഹായിക്കുമായിരുന്നു. അതു ചിലപ്പോൾ കയ്യിലുള്ള എന്തെങ്കിലും കൊടുത്തിട്ടാവും. അല്ലെങ്കിൽ ആളാലുള്ള സഹായമാവും.’’ പറയുന്നത് ദമയന്തി. മാതാ അമൃതാനന്ദമയിയുടെ അമ്മ.

ആത്മീയ രംഗത്തും സേവനരംഗത്തും ആകാശത്തോളം വളർന്ന മകളോടൊപ്പം ദമയന്തിയും ഇപ്പോൾ അമൃതാനന്ദാശ്രമത്തിലുണ്ട്.

‘ഭക്തിയായിരുന്നു മകൾക്ക് അന്നും എല്ലാം. എന്നാൽ ഭക്തി കൊണ്ടു മാത്രം തൃപ്തിപ്പെടുന്ന മനസായിരുന്നില്ല മകളുടേത്. ആരെങ്കിലും വിശന്നു നിൽക്കുന്നതുകണ്ടാൽ മകളുടനെ ആഹാരം കൊണ്ടു കൊടുക്കുമായിരുന്നു. അത്തരമൊരു സംഭവം ഇപ്പോഴും മനസിലുണ്ട്.

എന്റെ അനാരോഗ്യം കൊണ്ട് മകൾ അഞ്ചാം ക്ലാസിൽ പഠനം മതിയാക്കി. പിന്നെ വീട്ടിലെ ജോലിയും പ്രാർഥനയുമൊക്കെയായി. വീട്ടിലെ ജോലിക്കും എന്നെ സഹായിക്കുമായിരുനനു. ഒരു ദിവസം പശുവിനെ പുല്ലു തീറ്റിക്കാൻ കൊണ്ടുപോയ മകൾ പെട്ടെന്നു തിരിച്ചു വന്നു. ഞാൻ അന്വേഷിച്ചപ്പോഴറിയന്നത് അയൽവീട്ടിൽ പ്രായമായ ഒരു അമ്മ ഒന്നും കഴിച്ചിട്ടില്ലെന്നറിഞ്ഞ് ആഹാരമെടുക്കാനാണ് മകളു വന്നതെന്ന്. ഇതൊരു പതിവായി. അവരുടെ സങ്കടം കേൾക്കുമ്പോൾ എല്ലാ ദുഃഖത്തിനും പരിഹാരമുണ്ടാകുമെന്നും നല്ല ഈശ്വരവിശ്വാസം മതിയെന്നുമൊക്കെ മകൾ ആശ്വസിപ്പിക്കുമായിരുന്നു.

‘പ്രാർഥന മകൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ചിലപ്പോഴൊക്കെ അന്വേഷിച്ചാൽ കാണാറില്ല. നോക്കുമ്പോൾ കടൽക്കര നിന്നു പ്രാർഥിക്കുന്നതു കാണാം. അങ്ങനെ കുട്ടിക്കാലത്തെ ഒരു ദൈവിക സാന്നിധ്യം ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നു.’ ദമയന്തി വീണ്ടും പ്രാർഥനയിലേക്ക്.