Friday 29 November 2019 04:57 PM IST : By സ്വന്തം ലേഖകൻ

സ്ത്രീധനത്തിൽ വീട്ടുകാർ ഇടഞ്ഞു, ജാതകോം സമയോം നോക്കാതെ അവരങ്ങ് കെട്ടി; ഹൃദ്യം മകളുടെ കുറിപ്പ്

daughter

സ്ത്രീധനത്തിന്റെ പേരിൽ രണ്ടു വഴിക്ക് പിരിയുമെന്ന് കരുതി. പക്ഷേ മനസടുപ്പവും മനപ്പൊരുത്തവും ഒന്നാക്കി. പ്രതിബന്ധങ്ങളെ പാട്ടിനു വിട്ട് രണ്ടു മനസുകൾ ഇവ്വിധം ഒന്നായ കഥ പറയുന്നത് ഒരു മകളാണ്. സ്ത്രീധനത്തെ ചൊല്ലി വീട്ടുകാര്‍ കല്യാണം മുടക്കാന്‍ നോക്കിയെങ്കിലും അച്ഛനും അമ്മയും ഒന്നായ അനുഭവം ഹൃദ്യമായി കുറിച്ചിരിക്കുകയാണ് അഞ്ജു കൃഷ്ണ.അച്ഛന്‍ അമ്മയ്ക്ക് കമ്മലിട്ട് കൊടുക്കുന്ന ചിത്രം പങ്കുവച്ചാണ് സന്തോഷവും സ്നേഹവും നിറഞ്ഞ വീടിനെ കുറിച്ച് അവര്‍ ഫെയ്സ്ബുക്കില്‍ എഴുതിയത്. 

മുറച്ചെറുക്കനും മുറപ്പെണ്ണുമായിരുന്നു അച്ഛനും അമ്മയുമെന്നും സ്ത്രീധന തര്‍ക്കത്തില്‍ വിവാഹം വേണ്ടെന്ന് വീട്ടുകാര്‍ വച്ചെന്നും അഞ്ജു പറയുന്നു. പക്ഷേ ജാതകം നോക്കാതെ , സ്ത്രീധനം വാങ്ങാതെ അവര്‍ വിവാഹിതരായെന്നും 35 വര്‍ഷമായി സുന്ദരമായി ജീവിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. പോസ്റ്റിങ്ങനെ..

മുറച്ചെറുക്കനും മുറപ്പെണ്ണും ആണ്. സ്ത്രീധന തർക്കത്തിന്റെ പേരിൽ രണ്ട് വീട്ടുകാരും കല്യാണത്തിന് എതിർത്തപ്പോൾ ഓര് അങ്ങ് കെട്ടി. ജാതകോം നോക്കീല്ല സമയവും കുറിച്ചില്ല .കല്യാണം കഴിഞ്ഞ് പത്ത് വർഷം ആയിട്ടും കുട്ടികൾ ആകാതിരുന്നപ്പോൾ പിരിയാൻ പറഞ്ഞവർക്കിടയിൽ ഒരു സർട്ടിഫിക്കേറ്റിൻറെയും ബലമില്ലാതെ ചേർത്ത് പിടിച്ച് നിന്ന 35 വർഷങ്ങൾ. എന്റെ മുന്നിലെ ഐഡിയൽ കപ്പിൾ. ചെറിയ പിണക്കങ്ങൾക്ക് അപ്പുറം പരസ്പരം ഒരു അടിയോ ബഹളമോ ഇതുവരെ കണ്ടിട്ടില്ല. അച്ഛനെ കുറിച്ച് പറഞ്ഞു തുടങ്ങിയാൽ വാക്കുകൾ തീരാത്തൊരു മകളാണ് ഞാൻ. ദതോണ്ട് നിർത്തുന്നു. അല്ലേൽ നോവൽ ആയിപോകും.

Nb: അമ്മയ്ക്ക് കമ്മലിട്ട് കൊടുക്കാണ്. പുള്ളിക്ക് കണ്ണ് നേരെ പിടിക്കാത്തോണ്ട് സമയം എടുത്തു. അതോണ്ട് ഫോട്ടോ കിട്ടി. അല്ലേൽ ഞാൻ ഫോൺ എടുക്കണ കണ്ടാൽ ഓടിയേനെ. പണ്ട് അമ്മ കട്ടളപ്പടിയിൽ അല്ലേ അച്ഛൻ തന്ന കത്ത് ഒളിപ്പിച്ചു വെച്ചത് എന്ന് ചോദിച്ചേന്റെ ചിരിയാണ്. ഇനിയിപ്പോ ഞാൻ ഇതിനിടയിൽ എപ്പോ വന്നൂന്ന് ചോദിക്കണ്ട. 23 വർഷം മുന്നേ വന്ന് കേറിയതാണ്. എൻറെ അമ്മേ മച്ചീന്ന് വിളിച്ചവരെ പുച്ഛിച്ചോണ്ട്. ബട്ട് ഇപ്പോ ഓര് പറയണുണ്ട് ഒരു കുട്ടീകൂടി ഉണ്ടാരുന്നേൽ എന്നെ തട്ടികളഞ്ഞേനേന്ന്. അത്രയ്ക്ക് നല്ല കുട്ടിയാണ്.

Tags:
  • Relationship