Tuesday 07 November 2023 12:01 PM IST

‘നീ അഭിനയിക്കേണ്ട, ഞാൻ നിന്റെ ക്ലിപ്പുകൾ കാണുന്നുണ്ട്’: ഡീപ് ഫേക്, സ്പൈ വെയർ ചതികൾ! വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്

Rakhy Raz

Sub Editor

dhanya-cyber-investigation

സംസാരിച്ചു തുടങ്ങുന്നതിനു തൊട്ടു മുൻപ് ധന്യ മേനോന്റെ വാട്സാപ്പിലേക്ക് ഒരു സന്ദേശം വന്നു. പ്രമുഖ സ്കൂളിൽ കുട്ടികൾ ലഹരിമരുന്നു കൈമാറ്റം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ്. ‘‘ലഹരി കൈമാറ്റം റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ പരിശീലിപ്പിച്ച കുട്ടികളുടെ സഹായത്തോടെ സ്കൂൾ അധികൃതർ പകർത്തിയ ചിത്രങ്ങളാണിവ. സ്കൂളിൽ ലഹരി എത്തുന്നുണ്ട് എന്നുറപ്പായി. എവിടെനിന്നു വരുന്നു എന്ന് ഇനി കണ്ടെത്തണം. ’’ ധന്യ ഗൗരവത്തോടെ പറഞ്ഞു.

വിരലറ്റത്തു ലഭ്യമായ സോഷ്യൽ മീഡിയ എത്രമാത്രം കെണിയൊരുക്കുന്നു എന്ന സംസാര ശകലം വൈറലായി എന്നു പറഞ്ഞതും ധന്യ പൊട്ടിച്ചിരിച്ചു. ‘‘പത്തിരുപതു കൊല്ലമായി ഞാനിതു ലോകം മുഴുവൻ നടന്നു പറയുന്നു, ഇപ്പോഴാണ് ഒന്നു വൈറലാകാനുള്ള ഭാഗ്യം ലഭിച്ചത്.’’

പൊതുജനങ്ങൾക്ക് പരിചിതയാകുന്നത് ഇപ്പോഴാണെങ്കിലും ഇരുപതു വർഷമായി സൈബർ ഇൻവെസ്റ്റിഗേഷൻ രംഗത്തു പ്രവർത്തിക്കുന്ന പാട്ടത്തിൽ ധന്യ മേനോൻ എന്ന ഈ തൃശൂർകാരി ഇന്ത്യയിലെ ആദ്യ വനിതാ സൈബർ കുറ്റാന്വേഷകയാണ്.

സൈബർ കുറ്റകൃത്യങ്ങൾ വേണ്ടവിധം ശിക്ഷിക്കപ്പെടുന്നില്ല എന്നതല്ലേ കേസുകൾ കൂടാൻ ഇടയാക്കുന്നത് ?

ഇന്ന് സൈബർ ക്രൈമിന്റെ വിശദീകരണത്തിനകത്തു വ രാത്തതായി ഒന്നുമില്ല. എന്തു കുറ്റകൃത്യത്തിന്റെയും തുടക്കം, അല്ലെങ്കിൽ അതിന്റെ തെളിവ്, കുറഞ്ഞ പക്ഷം അന്വേഷണത്തിന്റെ ഭാഗമായെങ്കിലും സൈബർ ഇടങ്ങൾ ഉൾപ്പെടാതിരിക്കുന്നില്ല. ഇന്ത്യൻ ശിക്ഷാ നിയമം 1860, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 എന്നീ വകുപ്പുകളനുസരിച്ചാണ് ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത്.

സൈബർ ആക്രമണമുണ്ടായാൽ എന്തു ചെയ്യണമെന്ന അറിവില്ലായ്മ തെളിവില്ലായ്മയിലേക്കു നയിക്കുന്നതാണു ശിക്ഷ ഉറപ്പാക്കാനാകാത്തതിനു കാരണം. അതിശയകരമായ കാര്യം ഐപിസി ഐടി ആക്റ്റുകളിൽ പരസ്പര വിരുദ്ധമായ ഘടകങ്ങൾ ഉണ്ട് എന്നതാണ്. അതിനാൽ സ്വയം സുരക്ഷിതരാകുക എന്നതു പ്രധാനമാണ്. ഇത്രയധികം കേസുകൾ നടക്കുമ്പോഴും അതെന്നെ ബാധിക്കില്ല എന്ന വിധത്തിലാണു ജനങ്ങൾ പെരുമാറുന്നത്. അവബോധമാണ് ശക്തമായ പ്രതിരോധം.

സ്ത്രീകളെ, വിദ്യാർഥികളെ, സാധാരണക്കാരെ ബാധിക്കുന്ന കുറ്റകൃത്യങ്ങളാണ് ഏറെയും കേൾക്കാറുള്ളത് ?

പൊതുശ്രദ്ധയിൽ എത്തുന്നതു സാധാരണക്കാരെ ബാധിക്കുന്നവ ആയിരിക്കും. അവ എണ്ണത്തിൽ കൂടുതലുമായിരിക്കും. വാട്സാപ്പിലോ ഫെയ്സ്‌ബുക്കിലോ ഒരാളെ സുഹൃത്തല്ലാതാക്കുന്നതു മുതലുള്ള ബന്ധങ്ങളിലെ തകർച്ചകൾ, ചൂഷണങ്ങൾ, ചതികൾ, അതുമായി ബന്ധപ്പെട്ടു നടക്കുന്ന കൊലപാതകങ്ങൾ വരെ ഉണ്ടാകാം അതിൽ.

ഒരാൾ സോഷ്യൽ മീഡിയയിലൂടെ ഒരു വസ്തു വാങ്ങിയതിന്റെ പേരിൽ നൂറു രൂപ നഷ്ടപ്പെടുന്നുവെന്നു വയ്ക്കുക. നൂറു രൂപയല്ലേ എന്നു വിചാരിച്ച് അയാളത് റിപ്പോർട്ട് ചെയ്യുന്നില്ല. എത്രയോ പേർക്ക് ഇത്തരത്തിൽ നൂറും ഇരുന്നൂറും അഞ്ഞൂറും രൂപ നഷ്ടപ്പെടുന്നുണ്ടാകും. ക്രൈം എന്ന നിലയിൽ കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പായിരിക്കും നടക്കുന്നത്. അതൊരു വലിയ കുറ്റകൃത്യമാണ്. അനുഭവിക്കുന്നവർ പോലും അറിയുന്നില്ല എന്നു മാത്രം.

സർക്കാർ സംവിധാനങ്ങളിൽ നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്തുകയോ നശിപ്പിക്കുയോ ചെയ്യുക, വലിയ ആക്രമണങ്ങൾക്കു പദ്ധതിയിടുകയും നടപ്പാക്കുകയും ചെയ്യുക. ഇതെല്ലാം രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കുറ്റകൃത്യങ്ങളാണ്. ഇതുമായി താരതമ്യം ചെയ്താൽ വ്യക്തിഗത സൈബർ കുറ്റകൃത്യങ്ങൾ ചെറുതാണ്.

വാക്സിൻ സ്വീകരിച്ചവരുടെ വ്യക്തിവിവരങ്ങൾ ചോർന്നു. ഈ സ്ഥിതിയിൽ വ്യക്തിഗത ജാഗ്രതയുടെ പ്രാധാന്യം കുറ യുന്നുണ്ടോ ?

ബാങ്ക്, പൊലീസ് സ്റ്റേഷൻ, സർക്കാർ സൈറ്റുകൾ, എന്നിവിടങ്ങളൊന്നും പൂർണമായി സുരക്ഷിതമല്ല എന്നിരുന്നാലും വീട് പൂട്ടാതെ നമുക്കു പുറത്തു പോകാനാകുമോ? വലിയ സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം അതിന്റെ വഴിക്ക് നടക്കുകയും പരിഹരിക്കപ്പെടുകയും ചെയ്യും. വ്യക്തിഗതമായി നടക്കുന്ന ചതി നമ്മുടെ മാനസികാരോഗ്യം, ജീവിതം, സ്വകാര്യത എല്ലാം നഷ്ടപ്പെടുത്തും. അതിനെതിരെ ഉത്തരവാദിത്തം നമ്മൾ എടുത്തേ പറ്റൂ.

സമൂഹ മാധ്യമങ്ങളിൽ മെസേജുകൾ എൻക്രിപ്റ്റഡ് അ ഥവാ മറ്റാരും കാണാത്ത വിധം സുരക്ഷിതം എന്നു പറയുന്നുണ്ടെങ്കിലും യഥാർഥത്തിൽ സുരക്ഷിതമല്ല. സൈബർ ഇടത്തിലേക്ക് വിക്ഷേപിക്കുന്ന ഒന്നും പൂർണമായി സ്വകാര്യമായി വയ്ക്കാനോ ഡിലീറ്റ് ചെയ്യാനോ ആകില്ല. ഇതറിഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ എന്തു കൈമാറണം എന്നു തീരുമാനിക്കുക.

അറുപതു വയസ്സിൽ നിങ്ങൾ കാണാൻ എങ്ങനെയുണ്ടാകും, ഏതു സെലിബ്രിറ്റിയുടെ ഛായയാണു നിങ്ങൾക്കുള്ളത്, സ്ത്രീ ആയാൽ/ പുരുഷൻ ആയാൽ എങ്ങനെയിരിക്കും തുടങ്ങിയ ആപ്പുകളുടെ പെർമിഷനിലൂടെ നിങ്ങളുടെ വ്യക്തി വിവരങ്ങൾ പല കമ്പനികളുടെ റിസർച് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിലേക്കാണു പോകുന്നത്. മാർക്കറ്റിങ്ങിനായി അവരത് ഉപയോഗിക്കും. അതിനു മാത്രമേ ഉപയോഗിക്കൂ എന്നുറപ്പിക്കാൻ സാധിക്കില്ല.

ഒരു പ്രമുഖ എയർലൈൻസിന്റെ അഭിമുഖം നടക്കുന്നു. അതിന് എത്തിയ പെൺകുട്ടിയോട് ഇന്റർവ്യൂ ചെയ്തയാൾ മോശമായി പെരുമാറി. പ്രതികരിച്ച പെൺകുട്ടിയോട് അയാൾ പറഞ്ഞു ‘നീ അഭിനയിക്കുകയൊന്നും വേണ്ട, എത്രയോ നാളായി ഞാൻ നിന്റെ ക്ലിപ്പുകൾ കാണുന്നുണ്ട്’.

അന്വേഷണത്തിനൊടുവിൽ തെളിഞ്ഞു, സ്വന്തം മൊബൈലിൽ അവൾ തന്നെ ഇൻസ്റ്റാൾ ചെയ്ത സ്പൈ വെയർ വഴിയാണു സ്വകാര്യ ദൃശ്യങ്ങൾ പുറത്തു പോയത്. അത്തരമൊരു സ്പൈ വെയർ ഇൻസ്റ്റാൾ ആയത് മറ്റേതോ ആപ്പിനു നൽകിയ പെർമിഷൻ വഴിയും.

സൈബർ ക്രൈമിൽ അന്വേഷകർ എപ്പോഴാണ് ഇടപെടുക?

രഹസ്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങളിൽ ചിലതു പരസ്യമായിരിക്കുന്നു എന്നു മാത്രമായിരിക്കും ആദ്യ അറിവ്. ആ ഘട്ടത്തിലാണ് അന്വേഷകരുടെ ഇടപെടൽ തുടങ്ങുന്നത്. നടന്ന കാര്യം എങ്ങനെ സംഭവിച്ചു എന്നു കണ്ടെത്തുക, തെളിവുകൾ ശേഖരിക്കുക, ഇനിയെന്തു ചെയ്യാനാകും എന്നു നിർദേശിക്കുക, ഇതാണു ചെയ്യാനുള്ളത്.

തെളിവുകൾ പരാതിക്കാരുടെ ഉപകരണങ്ങളിൽ നിന്നാണു കണ്ടെത്തുന്നത്. മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നു കയറാനുള്ള അനുവാദം ഇല്ല. അതിനു കോടതിയുടെയോ പൊലീസിന്റെയോ പ്രത്യേക നിർദേശം വേണം.

സംഭവങ്ങൾ പൊലീസ് കേസ് ആകുമ്പോഴേക്കും അറിയാതെ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടാകും. അതു പരമാവധി തടയാൻ അന്വേഷകർക്ക് കഴിയും. വാദിയിൽ നിന്ന് അങ്ങോട്ടും നിയമവിരുദ്ധ നടപടികൾ ഉണ്ടായിട്ടുണ്ടാകാം. അതും കണക്കാക്കേണ്ടി വരും. ചതിക്കപ്പെടുമ്പോൾ ‘അതാരു ചെയ്തു’ എന്നു കാണിച്ചു തരാനാണു പരാതിക്കാർ ആവശ്യപ്പെടുക. കണ്ടുപിടിക്കാൻ കഴിയും, എന്നാൽ വിവരം പൊലീസിനെ നൽകാനാകൂ. പങ്കാളി എവിടെയാണ്, മകൻ എവിടെയാണ് എന്നെല്ലാം രഹസ്യമായി അറിയാൻ വരുന്നവരുണ്ട്. പതിനെട്ടു വയസ്സു കഴിഞ്ഞ വ്യക്തിയെ രഹസ്യമായി നിരീക്ഷിക്കാൻ നിയമം സ്വാതന്ത്ര്യം നൽകുന്നില്ല. പങ്കാളി എവിടെ എന്നു കണ്ടെത്താൻ സ്പൈ ആപ് ഇൻസ്റ്റാൾ ചെയ്യുന്നതും സൈബർ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും.

സൈബർ കുറ്റകൃത്യങ്ങളിൽ വിദ്യാർഥികളും ഇരകളാകുന്നു?

കോവിഡ് കാലത്തോടെ ഇലക്ട്രോണിക് ഗാഡ്ജറ്റ്സ്, സോഷ്യൽ മീഡിയ ഇവ ഉപയോഗിക്കാനുള്ള അവസരവും അറിവും കുട്ടികൾക്ക് കിട്ടി. പഠനാവശ്യങ്ങൾക്ക് ഇന്റർനെറ്റും ടാബ്‌ലറ്റും ഫോണും വേണമെന്നതിനാൽ നിയന്ത്രണം മാതാപിതാക്കൾക്കു സാധ്യമല്ലാതായി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൈറ്റും സുരക്ഷിതമല്ല.

അച്ഛൻ വിദേശത്തുള്ള ഒരു കുട്ടി അമ്മയറിയാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പലർക്കും സാധനങ്ങൾ വാങ്ങിനൽകി. അതിന്റെ വില പണമായി കൈപറ്റി. ഏകദേശം പതിനാലു ലക്ഷം രൂപയോളം നഷ്ടപ്പെട്ട ശേഷമാണു വീട്ടുകാർ അറിയുന്നത്. പണം ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള മെസേജ് വരുന്നത് അവർ ശ്രദ്ധിച്ചില്ല.

ഒൻപതാം ക്ലാസ്സുകാരനായ കുട്ടി അച്ഛന്റെ എടിഎം കാർഡ് മോഷ്ടിച്ചു മുന്തിയ ഹോട്ടലുകളിൽ കഴിഞ്ഞുവന്നു. അച്ഛന്റെ ഫൈവ് സ്റ്റാർ ഹോട്ടൽ മെംബർഷിപ് കാർഡ് കയ്യിലുണ്ടായിരുന്നതിനാൽ ഹോട്ടലിൽ തിരിച്ചറിയൽ കാർഡ് ചോദിച്ചില്ല. എടിഎം കാർഡ് ഉപയോഗത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ വരുന്ന നമ്പർ കുട്ടി തന്റെ നമ്പർ ആക്കി മാറ്റിയിരുന്നു. ‌ ‌

അന്വേഷണത്തിലറിഞ്ഞ മറ്റൊരു സംഭവം രാത്രി അ ച്ഛനമ്മമാർ ഉറങ്ങിക്കഴിഞ്ഞു കുട്ടികൾ രഹസ്യമായി വീടിനു പുറത്ത് ഒത്തുകൂടുന്നു എന്നതാണ്. പുലരുവോളം ലഹരി ഉപയോഗം, ഗെയിമിങ്, ഗാംബ്ലിങ്, എന്നിവയിൽ മുഴുകി പുലർച്ചയ്ക്കു മുൻപു വീടുകളിൽ തിരിച്ചെത്തും. ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട് ഇതിൽ.

എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, പാസ്‌വേഡ്സ് ഇവ കുട്ടികളോടു പങ്കുവയ്ക്കരുത്. സ്നേഹം ഒരിക്കലും അമിത വിശ്വാസത്തിലേക്കു പോകരുത്. മാതാപിതാക്കൾക്കു വേണ്ടത്ര അവബോധം ഇക്കാര്യത്തിൽ ഉണ്ടാകണം.

എന്റെ സൈബർ ഇൻവെസ്റ്റിഗേഷൻ സ്ഥാപനം അ വാൻസോ സെക്യൂരിറ്റി സൊല്യൂഷൻസിന്റെ വാട്സാപ്പ് ഹെൽപ് ലൈൻ നമ്പറിലേക്കു പലവിധ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. പതിമൂന്നു കൊല്ലമായി ‘ക്യാപ്’(Cyber Awareness Programme) എന്ന പേരിൽ സൈബർ സുരക്ഷാ അവബോധം അവാൻസോ നൽകുന്നുണ്ട്.

എൻജിനീയർ ധന്യ സൈബർ ഇൻവെസ്റ്റിഗേറ്റർ ആകുന്നത് എങ്ങനെയാണ്?

എൻജിനീയറിങ് കഴിഞ്ഞ ശേഷം ജോലി ചെയ്തിരുന്നു. വിവാഹം കഴിഞ്ഞു, കുഞ്ഞുണ്ടായപ്പോൾ ജോലി രാജിവച്ച് ഭർത്താവിന്റെ ബിസിനസിൽ ശ്രദ്ധിച്ചു. എന്നാൽ ദാമ്പത്യ ജീവിതം പിരിയേണ്ടി വന്നു. ജീവിതത്തിൽ ഏറ്റവും പ്രയാസകരമായ ആ ഘട്ടത്തിലാണ് മുത്തശ്ശൻ പിബി മോനോൻ ഈ കോഴ്സ് പഠിക്കാൻ നിർബന്ധിക്കുന്നത്. പുണെയിലെ ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോയിൽ ചേരാൻ തീരുമാനിച്ചു. 2006 ൽ പിജി കോഴ്സ് പൂർത്തിയാക്കി ഏഷ്യൻ സ്കൂളിൽ തന്നെ കൺസൽറ്റന്റ് ആയി.

ദിവസം രണ്ടു മണിക്കൂർ സൈബർ ഇൻവെസ്റ്റിഗേഷനുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യും. ആ രണ്ടു മണിക്കൂർ എപ്പോൾ ഇരുപതു മണിക്കൂറായി എന്നെനിക്കറിയില്ല. പയ്യന്നൂർ കാരനായ അജിത്ത് കുമാർ പാറക്കാടിനെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ബിസിനസ് കൺസൽ റ്റന്റും കോസ്റ്റെക് എന്ന കോർപറേറ്റീവ് ഐടി സ്ഥാപനത്തിന്റെ വൈസ് ചെയർമാനുമാണ് അദ്ദേഹം. മൂത്ത മകൻ പാട്ടത്തിൽ പ്രണവ് മേനോൻ, ഇളയയാൾ ആയുഷ് നമ്പ്യാർ. 2011 ലാണ് അവാൻസോ സെക്യൂരിറ്റി സൊല്യൂഷൻസ് തുടങ്ങുന്നത്.

ഇന്നത്തെ ധന്യയുടെ ജീവിതം വളരെ തിരക്കുള്ളതാണ് ?

കൊറോണയ്ക്കു മുൻപ് ഞാൻ എപ്പോൾ എവിടെ ഉണ്ടാകുമെന്ന് നിർണയിക്കാൻ എനിക്കു പോലും പ്രയാസമായിരുന്നു. ‘വിശ്വസിക്കാൻ കൊള്ളില്ല’ എന്നാണ് അമ്മ പറയുക. തൃശൂരെ അവാൻസോ ഓഫിസിലേക്ക് എന്നു പറഞ്ഞായിരിക്കും രാവിലെ ഇറങ്ങുന്നത്. കുറച്ചു കഴിയുമ്പോൾ ‘അമ്മാ.. ഞാൻ കോയമ്പത്തൂർ നിൽക്കുകയാണ് രണ്ടു ദിവസം കഴിഞ്ഞേ വരൂ’ എന്നു വിളിച്ചു പറയും.

കോവിഡിന് ശേഷം ജോലിയിൽ പല കാര്യങ്ങളിലും ഒാൺലൈൻ സാന്നിധ്യം മതിയെന്നായി. ഏറെയിഷ്ടമായിരുന്നു യാത്ര. അതില്ലാതായതിന്റെ വിഷമം ഉണ്ട്.

cyber-attacks-2023

നൃത്തമാണ് മറ്റൊരിഷ്ടം. കുച്ചിപ്പുഡിയും മോഹിനിയാട്ടവും പഠിച്ചു, കുച്ചിപ്പുഡിയിൽ പിഎച്ച്ഡി എടുത്തു. നൃത്തം ചെയ്യാൻ സമയം കിട്ടാറില്ല. എങ്കിലും വല്ലാതെ മനസ്സ് അസ്വസ്ഥമാകുമ്പോൾ ഒരു പാട്ട് എടുത്ത് കൊറിയോഗ്രഫി ചെയ്താൽ മനസ്സ് തണുക്കും.

‘സാലഭഞ്ജിക’ എന്ന പേരിൽ ഞാൻ തുടങ്ങിയ നൃത്ത പരിശീലന സ്ഥാപനം എന്റെ സഹോദരി ദീപ പാട്ടത്തിലും മരുമകൾ പാട്ടത്തിൽ നന്ദിത മേനോനും ചേർന്നാണ് നോക്കുന്നത്. അച്ഛൻ മാണിക്കത്ത് വേണുഗോപാൽ ബാങ്കറും അമ്മ ലക്ഷ്മി വീട്ടമ്മയുമായിരുന്നു. ഇപ്പോൾ അജിത്തുമൊത്ത് തൃശൂരിലാണു താമസം.

എങ്ങനെ ഉറപ്പാക്കാം സുരക്ഷിതത്വം

∙ഓൺലൈൻ പണമിടപാടുകൾക്കും സോഷ്യൽ മീഡിയ ബന്ധങ്ങൾക്കും പ്രത്യേകമായ ഫോണും ഫോ ൺ നമ്പറും സൂക്ഷിക്കുക.

ഓൺലൈൻ ഇടപാടുകൾക്ക് പ്രത്യേക അക്കൗണ്ടും എടിഎം കാർഡും ഉണ്ടായിരിക്കുക. വലിയ തുക ഇത്തരം അക്കൗണ്ടിൽ സൂക്ഷിക്കാതിരിക്കുക. ആവശ്യാനുസരണം പണം നിശ്ചിത അക്കൗണ്ടിൽ നിക്ഷേപിച്ച് ഇടപാടുകൾ നടത്തുക.

∙ സ്വകാര്യ ആവശ്യങ്ങൾ, ബാങ്ക് ആപ്, ഓദ്യോഗിക രേഖകൾ ഇവയ്ക്കായി ഉപയോഗിക്കുന്ന നമ്പറുള്ള ഫോണിൽ ഗ്രൂപ്പുകൾ, വിനോദങ്ങൾക്കായുള്ള ആപ്, എന്നിവ ഉപയോഗിക്കരുത്.

∙ അനാവശ്യ ആപ് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. നിസാരമെന്നു തോന്നുന്ന ഒരു വിനോദ ആപ് നിങ്ങളുടെ സുരക്ഷിതത്വത്തിന് തുരങ്കം വച്ചേക്കും.

∙ ആപ് പെർമിഷൻ നൽകുമ്പോൾ അവ ശ്രദ്ധാപൂർവം വായിച്ചു നോക്കിയ ശേഷം മാത്രം നൽകുക.

∙ അറിയാത്ത ഇടത്തു നിന്നു വരുന്ന മെയിൽ, ലിങ്ക് എ ന്നിവ ഒരു കാരണവശാലും തുറക്കരുത്.

∙ സ്വകാര്യ ചിത്രങ്ങൾ, മൊബൈലിൽ എടുക്കുകയും കൈമാറുകയും ചെയ്യാതിരിക്കുക.

∙കിട്ടിയതെന്തും ഫോർവേർ‍ഡ് ചെയ്യുക, കാണുന്ന ലിങ്കെല്ലാം തുറന്നു നോക്കുക, എളുപ്പം പണം കിട്ടും എന്നു പറയുന്ന മെസേജുകളും ലിങ്കുകളും സകലർക്കും അയക്കുക, ഇവയെല്ലാം സുരക്ഷിതത്വത്തെ ബാധിക്കും. നിങ്ങളുടെ ഫോണിനൊപ്പം മറ്റൊരാളുടെ ഫോൺ കൂടി അപകടത്തിലാക്കുകയാണ് ഇതുവഴി ചെയ്യുന്നത്.

∙ ഫോർവേർഡുകളിലെ സ്പൈ വെയറിലൂടെ പരസ്യങ്ങൾക്കു വേണ്ടി എന്നതു മുതൽ സാമ്പത്തിക തട്ടിപ്പുകൾ നടത്താനും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി വരെ നമ്പറുകൾ ശേഖരിക്കാൻ സാധിക്കും.

∙ചാറ്റ് ഗ്രൂപ്പുകളിൽ കയറി വ്യക്തിപരമായ വിവരങ്ങ ൾ പങ്കുവയ്ക്കരുത്.

∙ സോഷ്യൽ മീഡിയ അക്കൗണ്ട്, ഗ്രൂപ്പുകൾ എന്നിവ വഴി സ്വകാര്യ ഫോട്ടോ കൈമാറാതിരിക്കുക .

∙ പ്രശ്നമുണ്ടാകുമ്പോൾ വാശി കയറി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

∙ കുറ്റകൃത്യത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ നശിപ്പിക്കുന്നതിലൂടെ പൂർണമായും തെളിവു ന ശിപ്പിക്കാനാകില്ല എന്നറിയുക.

∙ഫോണിൽ വന്നടിയുന്ന അനാവശ്യ കാര്യങ്ങൾ നിത്യവും ഡിലിറ്റ് ചെയ്യുന്ന ശീലമുണ്ടാക്കുക.

∙ദിവസവും ഫോൺ റീ ബൂട്ട് ചെയ്യുക. (സമ്പൂർണമായി അണച്ച ശേഷം വീണ്ടും തുറക്കുക.) ചെറിയ തോതിലുള്ള സ്പൈ വെയറുകൾ ഇതിൽ നിശ്ചലമാകും.

രാഖി റാസ്

ഫോട്ടോ ഷാനിഷ് മുഹമ്മദ്