രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകം പിതാവ് ശ്രീജിത്തിന്റെ തലയിൽ വയ്ക്കാൻ പൊലീസിനോടു കള്ളം പറഞ്ഞ് ഹരികുമാർ. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിലാണ് ഹരികുമാർ ഈ ബുദ്ധി പ്രയോഗിച്ചത്. ശ്രീജിത്തും ഭാര്യ ശ്രീതുവും തമ്മിൽ അകൽച്ചയിലായിരുന്നുവെന്നും കുട്ടി തന്റേതല്ലെന്ന സംശയം ശ്രീജിത്തിനുണ്ടായിരുന്നുവെന്നും അതാണ് കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്നും ഹരികുമാർ പൊലീസിനോടു പറഞ്ഞു. ശ്രീജിത്തിനെയും ശ്രീതുവിനെയും മാറിമാറി ചോദ്യം ചെയ്തതോടെ ശ്രീജിത്ത് ഇതു ചെയ്യില്ലെന്നു പൊലീസിനു ബോധ്യമായി. ഈ കള്ളമൊഴികളാണ് ഹരികുമാറിനെ കുടുക്കിയത്. കൊലപാതകം ശ്രീജിത്ത് ചെയ്തുവെന്നു വരുത്താനാണ് താൻ കിടന്ന കട്ടിൽ കത്തിക്കാൻ ശ്രമിച്ചതെന്നും പിന്നീട് ഹരികുമാർ പറഞ്ഞു.
അനിയനായ ഹരികുമാർ തന്നോടു കാണിച്ച അതിരുകവിഞ്ഞ അടുപ്പവും ആവശ്യപ്പെട്ട ചില കാര്യങ്ങൾക്കു താൻ വഴങ്ങാത്തതിലെ ദേഷ്യവും അയാൾക്കുണ്ടെന്ന സംശയം ശ്രീതു പൊലീസിനോടു പറഞ്ഞു. ഈ വിവരങ്ങൾ ലഭിച്ച ശേഷമുള്ള ചോദ്യം ചെയ്യലിലാണ് പിടിച്ചു നിൽക്കാനാകാതെ ഹരികുമാർ കുറ്റം സമ്മതിച്ചത്. എന്നാൽ, അടുത്ത നിമിഷം കുറച്ചു നേരം മുകളിലേക്കു നോക്കിയിരുന്ന ശേഷം ‘ഞാനല്ല കൊന്നത്, ശ്രീജിത്താണ്’ എന്നു ഹരികുമാർ വീണ്ടും മൊഴിമാറ്റി. ഇങ്ങനെ മൂന്നു തവണ കുറ്റം സമ്മതിക്കുകയും പിന്നാലെ നിഷേധിക്കുകയും ചെയ്തതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. ഹരികുമാർ ഉപയോഗിക്കുന്ന മരുന്നുകൾ പരിശോധിച്ച പൊലീസ്, അവയിൽ ചിലത് മാനസിക വിഭ്രാന്തിക്കുള്ളതാണെന്നു കണ്ടെത്തി. ഡോക്ടറെ കണ്ടെന്നും വിവരം ലഭിച്ചു.
ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മാവൻ ഹരികുമാറിനെ മെഡിക്കൽ പരിശോധനയ്ക്കായി ഇന്നലെ വൈകിട്ട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുന്നു.
ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മാവൻ ഹരികുമാറിനെ മെഡിക്കൽ പരിശോധനയ്ക്കായി ഇന്നലെ വൈകിട്ട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുന്നു.
പക്ഷേ, ഈ അവസ്ഥ എപ്പോഴും ഉണ്ടാകാറില്ലെന്ന് വീട്ടുകാർ മൊഴി നൽകി. കൊലപാതകം ആസൂത്രണം ചെയ്തു തന്നെ നടപ്പാക്കിയതാണെന്നു ചോദ്യം ചെയ്യലിൽ ബോധ്യമായി. ദേവനന്ദയുടെ അച്ഛൻ ശ്രീജിത്ത് വീട്ടിൽ വന്ന ദിവസം തന്നെ കൃത്യം നടപ്പാക്കിയത് കുട്ടിയെ ഒഴിവാക്കാനും പ്രതിസ്ഥാനത്ത് ശ്രീജിത്തിനെ കുടുക്കാനുമുള്ള ബുദ്ധിപരമായ നീക്കമായിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത ജ്യോത്സ്യൻ ശ്രീതുവിന്റെ കുടുംബവുമായി അടുപ്പം തുടങ്ങിയത് കോവിഡ് കാലത്താണെന്നു പൊലീസ് പറഞ്ഞു. ശ്രീതുവിനാണ് ഇത്തരം വിശ്വാസങ്ങളിൽ കൂടുതൽ താൽപര്യം. ശ്രീതുവിന്റെ വഴിവിട്ട സാമ്പത്തിക ഇടപാടുകളും ഇതിന്റെ ഭാഗമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഹരികുമാറിന്റെ മറ്റ് ഇടപാടുകൾ കൂടി പൊലീസ് പരിശോധിക്കുകയാണ്. ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്യും.
ഒരു ലക്ഷം രൂപ ശമ്പളമുണ്ടെന്ന് ശ്രീതു; ജോലി വാഗ്ദാനം ചെയ്തും കള്ളം പറഞ്ഞും പണം തട്ടി
തനിക്കു ദേവസ്വം ബോർഡിൽ ജോലി കിട്ടിയെന്നും ഒരു ലക്ഷം രൂപ ശമ്പളമുണ്ടെന്നും ശ്രീതു പറഞ്ഞതായി അയൽവാസികൾ പറയുന്നു. പലപ്പോഴും രാത്രി വൈകി കാറിൽ വീട്ടിലെത്തുന്നതിന് വിശദീകരണമായി, നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നുവെന്നാണ് ശ്രീതു അയൽക്കാരോടു പറഞ്ഞിരുന്നത്. ക്ഷേത്രങ്ങളിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു ചിലരിൽ നിന്നു പണം വാങ്ങിയിരുന്നു. മറ്റു ചിലരോടു പണം വാങ്ങാതെ തന്നെ ജോലി വാങ്ങിത്തരാമെന്ന വാഗ്ദാനവും നൽകിയിരുന്നു. തന്റെ പേരു പറഞ്ഞ് ഒരു സുഹൃത്തിൽ നിന്നു പണം വാങ്ങാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഒരു അയൽക്കാരി പറഞ്ഞു.
ദേവേന്ദു അപകടത്തിൽപെട്ട് ആശുപത്രിയിലാണെന്നു പറഞ്ഞ് രണ്ടാഴ്ച മുൻപ് നാട്ടിലെ ചിലരിൽ നിന്നു പണം വാങ്ങിയിരുന്നു. പണം നൽകിയവർ തിരക്കിയെത്തിയപ്പോൾ കുടുംബ സമേതം ഇവർ സ്ഥലം വിട്ടു. അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് 4 ദിവസം കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ നാട്ടുകാരോടു പറഞ്ഞത്. രണ്ടര വർഷം മുൻപ് കുടുംബ വീട്ടിൽ നിന്നു വാടക വീട്ടിലേക്കു മാറുന്നതു വരെ ശ്രീതുവിനും കുടുംബത്തിനും കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ലെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. അടുത്തകാലത്താണ് സാമ്പത്തിക പ്രയാസമുണ്ടാവുകയും പലരിൽ നിന്നും വലിയ തുകകൾ കടം വാങ്ങുകയും ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.