Wednesday 03 April 2024 10:03 AM IST : By സ്വന്തം ലേഖകൻ

ദേവി പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെ മകള്‍, ഞെട്ടൽ മാറാതെ ബന്ധുക്കൾ

balan-madhavan

മലയാളി ദമ്പതികളും അധ്യാപികയായ സുഹൃത്തും അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിനു പിന്നിൽ അന്ധവിശ്വാസമെന്നു സൂചന.

വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരാണ് മരണപ്പെട്ടത്.

പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെ മകളാണ് ദേവി. എന്താണു മരണത്തിന്റെ കാരണമെന്ന് അറിയില്ലെന്നും ദേവിയും നവീനും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ബാലൻ മാധവൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. നവീന്റെയും ദേവിയുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

2011ലായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം തിരുവനന്തപുരത്ത് നടന്നത്. തലസ്ഥാനത്തെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അന്നത്തെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ദേവിയുടെയും നവീന്റെയും മരണം ബന്ധുക്കളിൽ പലർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല.

മാർച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. ‌കഴിഞ്ഞദിവസങ്ങളിൽ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു. മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയിൽ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം.

ഭാര്യയെയും സുഹൃത്തായ അധ്യാപികയേയും നവീൻ വിചിത്രവഴികളിലേക്ക് നയിച്ചതാണ് മരണത്തിൽ കലാശിച്ചതെന്നാണ് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീൻ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീൻ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ആര്യയ്ക്ക് നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി.

നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തിയിരുന്നു. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന കുറിപ്പും നാട്ടിൽ വിവരം അറിയിക്കേണ്ടവരുടെ ഫോൺ നമ്പറും മേശയിലുണ്ടായിരുന്നു. സിസിടിവിയിൽ സംശായസ്പദമായൊന്നും കണ്ടെത്തിയില്ല. അതേസമയം, എങ്ങനെ മരിക്കണമെന്നു തീരുമാനിക്കാൻ യുട്യൂബ് വിഡിയോകൾ പരിശോധിച്ചതായി കണ്ടെത്തി. നവീനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.

ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആര്യയെ 27 മുതൽ കാണാനില്ലെന്നു പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.