Saturday 19 September 2020 10:39 AM IST : By സ്വന്തം ലേഖകൻ

അന്ന് വഴിയിൽ കിടന്നു കിട്ടിയത് സ്വർണം, ഇന്നലെ പണം; രണ്ടും ദിലീപിനെ മോഹിപ്പിച്ചില്ല, സത്യസന്ധതയ്ക്ക് പൊൻതിളക്കം

alappuzha-dileep.jpg.image.845.440

വഴിയിൽ കിടന്നു കിട്ടിയ പണവും സ്വർണവും ഉടമകളെ കണ്ടെത്തി ദിലീപ് തിരികെ ഏൽപ്പിക്കുന്നത് ഇതു രണ്ടാം തവണയാണ്. വിലപ്പെട്ടത് തിരികെക്കിട്ടിയപ്പോൾ ഉടമകളുടെ മുഖത്തുവിരിഞ്ഞ ചിരിയോളം തിളക്കമുണ്ട് ദിലീപിന്റെ സത്യസന്ധതയ്ക്കും. ആലപ്പുഴയിലെ സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രം ജീവനക്കാരനായ കാവാലം പത്തിൽചിറ വീട്ടിൽ പി.ബി. ദിലീപ് ഇന്നലെ ബൈക്കിൽ ഓഫിസിലേക്ക് പോകുംവഴിയാണു പണമടങ്ങിയ പഴ്സ് വഴിയരികിൽ നിന്നു ലഭിച്ചത്.

തട്ടാശേരി–പുളിങ്കുന്ന് റോഡിൽ നിന്ന് അക്രമ റോഡിലേക്കു കയറിയപ്പോഴാണു മാലിന്യം കൂടിക്കിടന്ന സ്ഥലത്ത് തെരുവുനായ പഴ്സ് കടിച്ചുകീറുന്നതു ശ്രദ്ധയിൽപ്പെട്ടത്. പഴ്സ് പരിശോധിച്ചപ്പോൾ 34,810 രൂപയും ആധാർകാർഡ് അടക്കമുള്ള രേഖകളും. പരിസരവാസികളോട് അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. ആധാർ കാർഡിലെ അഡ്രസ് തിരഞ്ഞ് പോകാനൊരുങ്ങുമ്പോൾ പഴ്സിന്റെ ഉടമയായ കണ്ണാടി പുത്തൻപറമ്പിൽ ത്രേസ്യാമ്മ ആന്റണി അന്വേഷിച്ചെത്തി.

ദിലീപ് പരിസരവാസികളുടെ സാന്നിധ്യത്തിൽ പഴ്സ് ത്രേസ്യാമ്മയെ ഏൽപ്പിച്ചു. ആശുപത്രിയിൽ പോയി മടങ്ങുമ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വർഷം ജോലി ആവശ്യത്തിനായി ഭാര്യ പ്രിയയ്ക്കൊപ്പം കോട്ടയത്തു പോയപ്പോൾ ഈരയിൽക്കടവിനു സമീപത്തു നിന്ന് സ്വർണം അടങ്ങിയ പൊതി ലഭിച്ചിരുന്നു. പണയം വച്ച സ്വർണം എടുത്തു വീട്ടിലേക്കു മടങ്ങിയ വയോധികന്റെ 3 വളകളും മോതിരവും കമ്മലുകളും അടങ്ങുന്ന പൊതിയായിരുന്നു അത്. ഉടമയെ കണ്ടെത്തി അന്നും തിരികെ ഏൽപ്പിച്ചു.

Tags:
  • Spotlight
  • Inspirational Story